ആരോഗ്യകരമായ ജീവിതശൈലി ആസ്ത്മയെ നിയന്ത്രിക്കുമെന്ന് പഠനം

കുട്ടികളെയും മുതിര്‍ന്ന വരെയും ഒരുപോലെ ബാധിക്കുന്ന രോഗമാണ് ആസ്ത്മ. ജനിതകവും പാരിസ്ഥിതികവും സാമൂഹികവും ആയ നിരവധി ഘടകങ്ങള്‍ ആസ്ത്മക്ക് കാരണമാകാം. ആസ്ത്മ പൂര്‍ണമായും ചികിത്സിച്ചു മാറ്റാന്‍ സാധിക്കില്ല. എന്നാല്‍ ലക്ഷണങ്ങളെ പൂര്‍ണമായും നിയന്ത്രിച്ചു നിര്‍ത്താനാകും. ലോകത്ത് കോടിക്കണക്കിനു പേരാണ് ആസ്തമ മൂലം വിഷമിക്കുന്നത്. ശ്വാസം മുട്ടല്‍, വലിവ്, നെഞ്ചു വേദന, വിമ്മിട്ടം തുടങ്ങിയ ലക്ഷണങ്ങളെ നിയന്ത്രിക്കാന്‍ ഭൂരിപക്ഷം പേരും മരുന്നിനെ ആശ്രയിക്കുന്നു. ആസ്ത്മ കൂടിയെങ്കിലോ എന്ന് കരുതി പലരും വ്യായാമം ചെയ്യാറുമില്ല.

എന്നാല്‍ പഴങ്ങളും പച്ചക്കറികളും പ്രൊട്ടീനും ധാരാളം അടങ്ങിയ ഭക്ഷണവും അതോടൊപ്പം വ്യായാമവും കൂടിയായാല്‍ ആസ്ത്മയുടെ ലക്ഷണങ്ങളെ കുറയ്ക്കാനും ആസ്തമ രോഗികളുടെ ജീവിത ഗുണ നിലവാരം മെച്ചപ്പെടുത്താനും സഹായിക്കും എന്ന് ഡെന്മാര്‍ക്കിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഡെന്മാര്‍ക്കിലെ ബിസ്പ് ജെര്‍ഗ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ലൂയിസ് ലിന്‍ഡ് ഹാര്‍ട്ട് പറയുന്നത് പൊണ്ണത്തടിയുള്ള ആസ്തമ രോഗികള്‍ക്ക് മികച്ച ഭക്ഷണവും ഒപ്പം വ്യായാമവും മൂലം ഗുണം ഉണ്ടാകും എന്നാണ്.

149 ആസ്ത്മ രോഗികളില്‍ ആണ് പഠനം നടത്തിയത്. ഇവരെ നാലു ഗ്രൂപ്പുകളായി തിരിച്ചു. ആദ്യ ഗ്രൂപ്പിന് പ്രോടീന്‍ ധാരാളം അടങ്ങിയതും എന്നാല്‍ ഗ്ലൈസെമിക് ഇന്‍ഡക്സ് കുറഞ്ഞതുമായ ഭക്ഷണ നല്‍കി. രണ്ടാമത്തെ ഗ്രൂപ്പ് ആഴ്ചയില്‍ മൂന്നു തവണ കഠിന വ്യായാമം ഉള്‍പ്പെടെയുള്ള വ്യായാമ പരിശീലനത്തില്‍ പങ്കെടുത്തു. മൂന്നാമത്തെ ഗ്രൂപ്പ് ഭക്ഷണത്തോടൊപ്പം വ്യായാമവും ചെയ്തു. നാലാമത്തെ ഗ്രൂപ്പ് ആയ കണ്‍ട്രോള്‍ ഗ്രൂപ് ആകട്ടെ ഒന്നും ചെയ്തില്ല. ഭക്ഷണവും വ്യായാമവും ചേര്‍ന്നപ്പോള്‍ ആസ്ത്മയുടെ ലക്ഷണങ്ങള്‍ നിയന്ത്രണ വിധേയമായതായും രോഗികളുടെ ജീവിതം മെച്ചപ്പെട്ടതായും കണ്ടു. കൂടാതെ അവരുടെ ഫിറ്റ്നെസ്സും മെച്ചപ്പെട്ടു.

വ്യായാമത്തോടൊപ്പം ഭക്ഷണത്തിലും ശ്രദ്ധിച്ചവരില്‍ കണ്‍ട്രോള്‍ ഗ്രൂപ്പിനെ അപേക്ഷിച്ച് ആസ്ത്മ ലക്ഷണങ്ങള്‍ അന്‍പത് ശതമാനം മെച്ചപ്പെട്ടതായി കണ്ടു. ആസ്ത്മയുള്ളവര്‍ ആരോഗ്യകരമായ ഭക്ഷണത്തോടൊപ്പം ശാരീരിക പ്രവര്‍ത്തന ങ്ങളിലും ഏര്‍പ്പെടണമെന്നും പഠനം പറയുന്നു. ഇറ്റലിയില്‍ നടന്ന യൂറോപ്യന്‍ റെസ്പിറേറ്ററി സൊസൈറ്റിയുടെ അന്താരാഷ്ട്ര സമ്മേളനത്തില്‍ ഈ പഠനം അവതരിപ്പിക്കപ്പെട്ടു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: