വീട് ഭരണഘടനാപരമായ അവകാശമായി മാറ്റുന്ന ബില്‍ ദെയില്‍ കമ്മിറ്റിയുടെ പരിഗണനയില്‍

ഡബ്ലിന്‍: വീട് എന്ന അവകാശത്തെ ഭരണഘടനാപരമായ അവകാശമായി ഉയര്‍ത്താനുള്ള ബില്‍ ദെയില്‍ കമ്മിറ്റിയുടെ സജീവ പരിഗണനക്ക് വെച്ചിരിക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. ഭരണഘടനയുടെ 35-ആം അനുഛേദമാണ് ഭേദഗതിക്ക് വേണ്ടി വിട്ടിരിക്കുന്നത്. അയര്‍ലണ്ടില്‍ കഴിഞ്ഞ 6 വര്‍ഷം കൊണ്ട് ഹൗസിങ് എമര്‍ജന്‍സി പരിഗണിക്കപ്പെട്ടില്ലെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം ആരോപണം ഉന്നയിച്ചു.

ഫൈന്‍ ഗെയ്ലിന്റെ ഭരണ തുടര്‍ച്ച ഭവന മേഖലയില്‍ ഉണ്ടാക്കിയ പ്രതിസന്ധി നിസ്സാരമല്ലെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് ആണ് ‘റൈറ്റ് ടു ഹൗസ്’ എന്ന അവകാശം ഭരണഘടനാ അവകാശമാക്കി മാറ്റാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചത്. ലോകത്ത് 81 രാജ്യങ്ങളില്‍ വീട് ഭരണഘടനാപരമായ അവകാശമാണ്. ഇതിന്റെ ഉദാത്ത മാതൃക കാനഡ ആണെന്ന് ഉദാഹരണസഹിതം ചൂണ്ടിക്കാട്ടിക്കൊണ്ട് ഫിയാന ഫയലും രംഗത്ത് വന്നു. എന്നാല്‍ ഹൗസിങ് നിയമം ഭരണഘടനയുടെ പരിധിയില്‍ കൊണ്ടുവരുന്നതിനെ കുറിച്ച് ഭവന മന്ത്രി യോഗന്‍ മര്‍ഫി പ്രതികരിച്ചില്ല.

ഹൗസിങ് മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ എണ്ണായിരത്തില്‍ കൂടുതല്‍ ആളുകള്‍ ഭവനരഹിതരാണ്. ഒരു വിഭാഗം തെരുവില്‍ ആക്കപ്പെടുമ്പോള്‍ മറു വശത്ത് സാമൂഹിക സാമ്പത്തിക പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കിയത്‌കൊണ്ട് ഭവനപ്രതിസന്ധിക്ക് പരിഹാരമാവില്ലെന്ന് ഫിയാന ഫോളിന്റെ മൈക്കിള്‍ മാര്‍ട്ടിന്‍ ആരോപിച്ചു. ജനങ്ങളുടെ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റിയതിന് ശേഷം മാത്രം രണ്ടാം ഘട്ടത്തിലേക്ക് കടക്കുക എന്ന സമവാക്യത്തിന് ഊന്നല്‍ നല്‍കുന്നതായിരുന്നു മാര്‍ട്ടിന്റെ നിര്‍ദ്ദേശങ്ങള്‍.

വീട് ഭരണഘടനാ അവകാശമായി മാറുന്നത് കുടിയേറ്റക്കാര്‍ ഉള്‍പ്പെടുന്ന ഐറിഷ് സമൂഹത്തിന് എന്തുകൊണ്ടും ഗുണകരമായി തീരും. വീടില്ലാത്തവര്‍ക്ക് ധൈര്യമായി കോടതിയെ സമീപിക്കാനുള്ള അവകാശവും ഇതോടെ വന്നു ചേരും. വീടില്ലാത്തവര്‍ക്ക് വീട് അനുവദിച്ച് നല്‍കുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമായി മാറും. ഭവന പ്രതിസന്ധി പരിഹരിക്കാന്‍ ഹൗസിങ് റൈറ്റ് ഭരണഘടനാ അവകാശമായി മാറ്റണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ അഭിപ്രായം ഉയരുകയാണ്.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: