അമേരിക്കയില്‍ പള്ളിയില്‍ തോക്കുധാരിയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു; ഏഴ് പേര്‍ക്ക് പരുക്ക്

 

അമേരിക്കയിയിലെ ടെന്നിസിയില്‍ ക്രൈസ്തവ ദേവാലയത്തില്‍ തോക്കുധാരി നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ അക്രമി അടക്കം ഏഴ് പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. ടെന്നിസിയിലെ അന്റിയോക്കിലുള്ള ബെര്‍നെറ്റ് ചാപ്പല്‍ പള്ളിയ്ക്കു നേര്‍ക്കാണ് ആക്രമണമുണ്ടായത്. പള്ളിയില്‍ ഞായറാഴ്ചത്തെ പ്രാര്‍ത്ഥനാശുശ്രൂഷകളില്‍ പങ്കെടുത്തിരുന്നവരാണ് ആക്രണത്തിന് ഇരയായത്.

ആക്രമണം നടത്തിയ ഇമ്മാനുവല്‍ കിഡേഗ സാംസണ്‍ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സുഡാനില്‍ നിന്ന് രണ്ട് പതിറ്റാണ്ട് മുന്‍പ് കുടിയേറിയ ആളാണ് സാംസണെന്ന് പൊലീസ് അറിയിച്ചു. വെടിവയ്പ്പിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം നടന്നുവരുകയാണെന്നും പൊലീസ് അറിയിച്ചു.

39 വയസുകാരിയായ മെലാനി സ്മിത്ത് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. കാര്‍ പാര്‍ക്കിംഗില്‍ വച്ചാണ് ഇവര്‍ക്ക് നേര്‍ക്ക് സാംസണ്‍ വെടിയുതിര്‍ത്തത്. തുടര്‍ന്ന് പള്ളിക്കുള്ളിലേക്ക് കടന്ന് അവിടെയുണ്ടായിരുന്നവര്‍ക്ക് നേര്‍ക്ക് നിറയൊഴിക്കുകയായിരുന്നു. പരുക്കേറ്റവരില്‍ പള്ളിയിലെ പാസ്റ്റര്‍ ഡേവിഡ് സ്പാനും ഉള്‍പ്പെടും. ആക്രമണത്തില്‍ പരുക്കേറ്റ എല്ലാവരും അറുപത് വയസിന് മേല്‍ പ്രായമുള്ളവരാണ്.

ആക്രമിയെ പള്ളിയിലെ സുരക്ഷാ ജീവനക്കാരനായ റോബര്‍ട്ട് എന്‍ഗല്‍ തോക്കുമായി നേരിട്ടു. പൊലീസ് സ്ഥലത്ത് എത്തുന്നതുവരെ സാംസണെ എന്‍ഗല്‍ തടഞ്ഞുനിര്‍ത്തി. ഇതാണ് കൂടുതല്‍ പേരെ സാംസണിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷിച്ചത്. ഇതിനിടെ സാംസണിന് പരിക്കേല്‍ക്കുകയായിരുന്നു. എന്‍ഗലിന്റെ വെടിവയ്പ്പില്‍ നിന്നാണോ അതോ അബദ്ധത്തില്‍ സ്വന്തം തോക്ക് പൊട്ടിയാണോ അക്രമിക്ക് പരുക്കേറ്റതെന്ന് വ്യക്തമല്ല. പ്രാഥമിക ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം സാംസണെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: