ചൂഷണം ചോദ്യം ചെയ്തതിന് പിരിച്ചുവിടല്‍; ഡല്‍ഹിയില്‍ മലയാളി നഴ്സ് ആത്മഹത്യയ്ക്ക് ശ്രമിച്ചു, നഴ്‌സുമാര്‍ പണിമുടക്കില്‍

തൊഴില്‍ ചൂഷണം ചോദ്യം ചെയ്തതിന്റെ പേരില്‍ സ്വകാര്യ ആശുപത്രിയില്‍ നിന്ന് പിരിച്ചുവിട്ട മലയാളി നഴ്സ് ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയില്‍. ഡല്‍ഹിയിലെ ഐ.എല്‍.ബിഎല്‍ ആശുപത്രിയിലെ നഴ്സാണ് പിരിച്ചു വിട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെ ശുചിമുറിയില്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. ആലപ്പുഴ സ്വദേശിനിയായ ഈ യുവതി ഈ ആശുപത്രിയില്‍ അഞ്ച് വര്‍ഷത്തോളമായി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തു വരികയാണ്.

നഴ്സുമാരെ പീഡിപ്പിക്കുന്ന തരത്തിലുള്ള ആശുപത്രി അധികൃതരുടെ സമീപനത്തിനെതിരെ ഇവരുടെ നേതൃത്വത്തില്‍ നഴ്സുമാര്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അടക്കമുള്ളവര്‍ക്ക് നേരത്തെ പരാതി നല്‍കിയിരുന്നു. ഇതിന് പ്രതികാരമെന്നോണം വെള്ളിയാഴ്ച ഉച്ചയോടെ ആശുപത്രി അധികൃതര്‍ ഇവരെ പിരിച്ചു വിട്ടതായി അറിയിച്ചു കൊണ്ട് നോട്ടീസ് നല്‍കി. ഇതില്‍ പ്രതിഷേധിച്ച് മലയാളികള്‍ അടക്കമുള്ള നഴ്സുമാര്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധസംഗമം സംഘടിപ്പിച്ചിരുന്നു.

പ്രതിഷേധത്തിനിടയില്‍ തന്റെ മകളെ സഹപ്രവര്‍ത്തകയെ ഏല്‍പിച്ച യുവതി ശുചിമുറിയില്‍ പോയി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നുവെന്നാണ് വിവരം. യുവതിയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഞരമ്പ് മുറിഞ്ഞ് രക്തം വാര്‍ന്ന നിലയില്‍ ഇവരെ കണ്ടെത്തുകയായിരുന്നു. യുവതിയെ എയിംസിലേക്ക് മാറ്റി.

നഴ്‌സ് ജീവനൊടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് മറ്റ് നഴ്‌സുമാര്‍ സമരത്തിലാണ്. തൊഴില്‍പ്രശ്‌നങ്ങളും പെണ്‍കുട്ടിയുടെ ജീവനൊടുക്കല്‍ ശ്രമവും ആശുപത്രി ഡയറക്ടറുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും നഴ്‌സുമാരുമായി ഡയറക്ടര്‍ ചര്‍ച്ചയ്ക്കു വഴങ്ങാത്തതിനെ തുടര്‍ന്നാണ് മറ്റു നഴ്‌സുമാരുടെ സമരം. ജീവനൊടുക്കാന്‍ ശ്രമിച്ച നഴ്‌സിനെ ജോലിയില്‍ തിരിച്ചെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

എന്നാല്‍പരാതികള്‍ എഴുതിത്തന്നാല്‍ പിന്നീടു പരിഗണിക്കാമെന്നാണ് ഡയറക്ടറുടെ നിലപാട്. ഈ നിലപാട് തള്ളിയ നഴ്‌സുമാര്‍ നീതി ലഭിക്കുംവരെ സമരം തുടരുമെന്ന് അറിയിച്ചു. നഴ്സിന്റെ ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് ആശുപത്രി മാനേജുമെന്റിനെതിരെ പ്രതിഷേധം ശക്തമായി. നഴ്സുമാരുടെ ന്യായമായ വേതനം ഉറപ്പാക്കണമെന്ന എന്ന സുപ്രീം കോടതിയുടെ ഉത്തരവുപോലും കാറ്റില്‍ പറത്തിയാണ് ഈ രംഗത്തെ ചൂഷണവും പിരിച്ചുവിടലും തുടരുന്നത്.

 

എ എം

 

Share this news

Leave a Reply

%d bloggers like this: