മലയാളി നേഴ്സുമാര്‍ക്ക് സുവര്‍ണാവസരം: നേഴ്‌സിങ് നിയമനങ്ങള്‍ തകൃതിയായി നടത്താനൊരുങ്ങി ആരോഗ്യ വകുപ്പ്

ഡബ്ലിന്‍: ഐറിഷ് ആശുപത്രികളില്‍ കൂടുതല്‍ നേഴ്‌സിങ് ജീവനക്കാരെ നിയമിക്കാനുള്ള നീക്കം ഉടന്‍ ഉണ്ടായേക്കും. നേഴ്‌സിങ് സംഘടന ഉന്നയിച്ച ആവശ്യങ്ങള്‍ ആരോഗ്യ വകുപ്പിന്റെ പരിഗണനയിലാണ്. ശമ്പളപരിഷ്‌കരണം അംഗീകരിച്ചുകൊണ്ട് ഐ.എന്‍.എം.ഒ ചില ആവശ്യങ്ങളും എച്ച്.എസ്.ഇ-ക്ക് മുന്നില്‍ ഉന്നയിച്ചിരുന്നു. ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന ഉറപ്പിന്മേലാണ് പരിഷ്‌ക്കരിച്ച ശമ്പളം നേഴ്‌സിങ് സംഘടന അംഗീകരിച്ചത്.

സംഘടനയുടെ ആവശ്യങ്ങളില്‍ ഒന്ന് 25 ശതമാനം നേഴ്സുമാരെ ഉടന്‍ നിയമിക്കണമെന്നത് ആയിരുന്നു. രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിന് അനുസരിച്ച് നേഴ്‌സിങ് ജീവനക്കാര്‍ കുറഞ്ഞു വരുന്ന അവസ്ഥയില്‍ മാറ്റം വരുത്താന്‍ ആണ് ഐ.എന്‍.എം.ഓ ഈ ആവശ്യവുമായി ആരോഗ്യ വകുപ്പിനെ സമീപിച്ചത്. യൂറോപ്പിലെ മറ്റു രാജ്യങ്ങളിലും അമേരിക്ക, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും നേഴ്സുമാര്‍ക്ക് അന്താരാഷ്ട്ര നിലവാരത്തില്‍ ഉള്ള ശമ്പളം ആണ് ലഭിക്കുന്നത്.

ഐറിഷ് നേഴ്സുമാര്‍ക്കും അന്താരാഷ്ട്ര തലത്തിലുള്ള ശമ്പളം നല്‍കണമെന്ന് ഐ.എന്‍.എം.ഒ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ ശമ്പളത്തിന് പുറമെ യാത്രാ, താമസം, ഭക്ഷണം എന്നിവ സൗജന്യമായാണ് ലഭിക്കുന്നത്. ഐറിഷ് നേഴ്‌സിങ് മേഖലയിലേക്ക് നേഴ്സുമാരെ ആകര്‍ഷിക്കാന്‍ ഇത്തരം പാക്കേജുകള്‍ക്ക് കഴിയുമെന്നും ഐ.എന്‍.എം.ഒ പറയുന്നു.

താത്കാലിക ജീവനക്കാര്‍ക്ക് പകരം നേഴ്സുമാരെ സ്ഥിരമായി നിയമിക്കണമെന്ന മറ്റൊരു ആവശ്യവും സംഘടന മുന്നോട്ട് വെയ്ക്കുന്നുണ്ട്. ഏജന്‍സി വഴി നേഴ്‌സിങ് നിയമനം ഒഴിവാക്കി പൂര്‍ണമായും പൊതു സംവിധാനത്തിലൂടെ നിയമനം ശക്തമാക്കണം. ഓരോ വര്‍ഷവും ഏജന്‍സി നേഴ്സുമാര്‍ക്ക് വേണ്ടി ലക്ഷക്കണക്കിന് തുക ചെലവിടുന്ന എച്ച്.എസ്.ഇ ഇത് നേരിട്ട് നിയമിക്കപ്പെടുന്ന നേഴ്സുമാര്‍ക്ക് വേണ്ടി വിനിയോഗിക്കണമെന്നും ഐ.എന്‍.എം.ഒ ചൂണ്ടിക്കാണിക്കുന്നു.

അയര്‍ലണ്ടില്‍ നേഴ്‌സിങ് പഠനം പൂര്‍ത്തീകരിച്ചവര്‍ക്ക് സ്ഥിര നിയമനം നല്‍കുമെന്ന വാഗ്ദാനം ആരോഗ്യ മന്ത്രി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇത് നടപ്പിലാക്കാനുള്ള ആലോചനകളും നടന്നുവരികയാണ്. അയര്‍ലണ്ടില്‍ നേഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയ മലയാളികള്‍ക്കും ഇന്ത്യയില്‍ അംഗീകാരമുള്ള കോഴ്‌സ് പഠിച്ച് വിദേശത്ത് ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന നേഴ്സുമാര്‍ക്കും അയര്‍ലണ്ടിലെ മാറി വരുന്ന പൊതു ആരോഗ്യ മേഖല വന്‍ അവസരങ്ങളാണ് തുറന്നിടുന്നത്.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: