ശ്രീനഗറില്‍ ബിഎസ്എഫ് ക്യാമ്പിനു നേരെ ഭീകരാക്രമണം; മൂന്ന് ജവാന്‍മാര്‍ക്ക് പരിക്ക്

 

ശ്രീനഗര്‍ വിമാനത്താവളത്തിന് സമീപം ബിഎസ്എഫ് ക്യാമ്പിനു നേരെ ഭീകരാക്രമണം. മൂന്ന് ബിഎസ്എഫ് ജവാന്‍മാര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. അക്രമികളില്‍ ഒരാളെ സൈന്യം വെടിവെച്ചുകൊന്നു. പുലര്‍ച്ചെ 4.30 ഓടെയാണ് ബിഎസ്എഫിന്റെ 182 ബറ്റാലിയന്‍ കേന്ദ്രത്തില്‍ ആക്രമണം നടന്നത്. നാല് ഭീകരര്‍ അടങ്ങുന്ന ചാവേര്‍ സംഘം ബിഎസ്എഫ് ക്യാമ്പില്‍ അതിക്രമിച്ചു കയറുകയും ആക്രമണം നടത്തുകയുമായിരുന്നു. കടുത്ത വെടിവെപ്പും വലിയ സ്‌ഫോടനവും നടന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. സൈന്യം തിരിച്ചും വെടിയുതിര്‍ത്തു. ഈ വെടിവെപ്പിലാണ് ഭീകരരില്‍ ഒരാള്‍ കൊല്ലപ്പെട്ടത്.

മൂന്നു ഭീകരര്‍ ബിഎസ്എഫ് ക്യാമ്പില്‍ ഉള്ളതായും ഇവരുമായി ഏറ്റുമുട്ടല്‍ തുടരുന്നതായും ബിഎസ്എഫ് വക്താവ് പറഞ്ഞു. പ്രദേശം പൂര്‍ണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. കൂടുതല്‍ സൈന്യം പ്രദേശത്തേയ്ക്ക് എത്തിച്ചേര്‍ന്നതായും സൈനിക വക്താവ് പറഞ്ഞു.

വിമാനത്താവളത്തിലേയ്ക്കുള്ള പാത അടച്ചിരിക്കുകയാണ്. ശ്രീനഗര്‍ വിമാനത്താവളത്തിലേയ്ക്ക് ജീവനക്കാരെയും യാത്രക്കാരെയും കടത്തിവിടുന്നില്ല. സൈനിക വിമാനത്താവളവും ഇവിടെത്തന്നെയാണുള്ളത്. സിആര്‍പിഎഫിന്റെയും ബിഎസ്എഫിന്റെയും പരിശീലന കേന്ദ്രങ്ങളും സ്ഥിതിചെയ്യുന്നത് ഇവിടെയാണ്.

ശ്രീനഗറിലെ ബിഎസ്എപ് ക്യാംപിന് നേര്‍ക്കുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ഉന്നത തലയോഗം വിളിച്ചു. ശ്രീനഗറിലെ സ്ഥിതിഗതികള്‍ യോഗം വിലയിരുത്തും. കൂടാതെ അതിര്‍ത്തിയില്‍ പാകിസ്താന്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ നിരന്തരം ലംഘിക്കുന്നതും യോഗത്തിന്റെ ചര്‍ച്ചയാകും. മിന്നലാക്രമണത്തിന് ശേഷം കുറച്ചുകാലം ശമിച്ചിരുന്ന അതിര്‍ത്തിയിലെ ഭീകരരുടെ നുഴഞ്ഞുകയറ്റം അടക്കമുള്ള പ്രശ്നങ്ങള്‍ വര്‍ധിച്ചു വരുന്നതും യോഗം ചര്‍ച്ച ചെയ്യും.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: