കാസ്പര്‍സ്‌കീ ആന്റിവൈറസ് ഉപയോഗിച്ച് റഷ്യ അമേരിക്കന്‍ സൈബര്‍ രഹസ്യങ്ങള്‍ ചോര്‍ത്തിയാതായി റിപ്പോര്‍ട്ട്

 

റഷ്യന്‍ ആന്റിവൈറസ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സി ഉദ്യോഗസ്ഥന്റെ കംപ്യൂട്ടറില്‍ നിന്നും റഷ്യന്‍ ഹാക്കര്‍മാര്‍ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. വിദേശ കംപ്യൂട്ടറുകളില്‍ നുഴഞ്ഞു കയറി രഹസ്യ വിവരങ്ങള്‍ ചോര്‍ത്തുന്നതിനായുള്ള സംവിധാനങ്ങള്‍ വികസിപ്പിക്കുന്ന ദേശീയ സുരക്ഷാ ഏജന്‍സിയുടെ ഹാക്കിങ് ഡിവിഷനുവേണ്ടി പ്രവര്‍ത്തിച്ചിരുന്ന ഉദ്യോഗസ്ഥന്റെ കംപ്യൂട്ടറില്‍ നിന്നുള്ള വിവരങ്ങളാണ് ചോര്‍ന്നത്.

ഉദ്യോഗസ്ഥന്‍ തന്റെ കംപ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരുന്ന കാസ്പര്‍സ്‌കി ആന്റി വൈറസ് സോഫ്റ്റ്വെയറിന്റ സഹായത്തോടെയാണ് റഷ്യന്‍ ഹാക്കര്‍മാര്‍ വിവരങ്ങള്‍ ചോര്‍ത്തിയത്. സ്വന്തം കംപ്യൂട്ടറില്‍ ജോലി ചെയ്യുന്നതിനായി ഉദ്യോഗസ്ഥന്‍ വീട്ടിലേക്ക് കൊണ്ടുവന്ന രഹസ്യ സ്വഭാവമുള്ള വിവരങ്ങളായിരുന്നു അവ. ഇന്ത്യയിലും ഏറെ പ്രചാരമുള്ള ആന്റി വൈറസ് സോഫ്റ്റ് വെയറാണ് കാസ്പര്‍സ്‌കീ. 2015ല്‍ നടന്ന ഈ സംഭവം ഇതുവരെ പരസ്യമാക്കിയിട്ടില്ല. ഇതിനെ കുറിച്ച് പ്രതികരിക്കാന്‍ അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സി തയ്യാറായില്ല. വാള്‍സ്ട്രീറ്റ് ജേണലാണ് ഇക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ അന്വേഷണം നടക്കുന്നുണ്ടെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ അതേവര്‍ഷം തന്നെ ജോലിയില്‍ നിന്നും നീക്കം ചെയ്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

രഹസ്യങ്ങള്‍ ചോര്‍ത്തുന്നതുമായി ബന്ധപ്പെട്ട് കാസ്പര്‍സ്‌കീ സോഫ്റ്റ് വെയറിനെതിരെ അമേരിക്ക നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. കഴിഞ്ഞമാസം കാസ്പര്‍സ്‌കീ സോഫ്റ്റ് വെയര്‍ ഫെഡറല്‍ സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്നത് അമേരിക്ക വിലക്കിയിരുന്നു. കാസ്പര്‍സ്‌കിയ്ക്ക് റഷ്യന്‍ സര്‍ക്കാരുമായി സഖ്യമുണ്ടെന്നും റഷ്യയിലെ ടെലി കമ്മ്യൂണിക്കേഷന്‍ കമ്പനികള്‍ അവരുടെ നെറ്റ്വര്‍ക്ക് സര്‍ക്കാരിന് തുറന്നുകൊടുക്കണമെന്ന നിയമം റഷ്യയിലുണ്ടെന്നും കാസ്പര്‍സ്‌കീയുടെ മോസ്‌കോയിലുള്ള സെര്‍വറുകളിലേക്കുള്ള വിവരങ്ങള്‍ ഈ നെറ്റ് വര്‍ക്കുകള്‍ വഴിയാണ് പോകുന്നതെന്നുമാണ് അമേരിക്കയുടെ ആരോപണം. എന്നാല്‍ റഷ്യന്‍ സര്‍ക്കാരുമായി സഖ്യമുണ്ടെന്ന ആരോപണങ്ങളും 2015ല്‍ നടന്ന ഹാക്കിങ്ങുമായി ബന്ധപ്പെട്ട ആരോപണങ്ങളും കാസ്പര്‍സകീ ലാബ് തള്ളികളഞ്ഞു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: