പ്രായപൂര്‍ത്തിയാകാത്ത ‘ഭാര്യ’ യുമായുള്ള ലൈംഗികബന്ധം ബലാത്സംഗം: സുപ്രീം കോടതി

18 വയസിന് താഴെ പ്രായമുള്ള ഭാര്യയുമായി ലൈംഗികബന്ധം പുലര്‍ത്തിയാല്‍ ഭര്‍ത്താവിനെതിരേ ബലാത്സംഗക്കുറ്റം ചുമത്തി കേസ് എടുക്കാമെന്ന് സുപ്രിംകോടതിയുടെ നിര്‍ണായക വിധി. വിവാഹപ്രായം 18 വയസായിരിക്കെ ഇതില്‍ താഴെയുള്ള കുട്ടികളെ വിവാഹം കഴിച്ച് ലൈംഗികബന്ധം പുലര്‍ത്തുന്നത് ബലാത്സംഗത്തിന്റെ പരിധിയില്‍ വരുമെന്ന് സൂപ്രിംകോടതി ചൂണ്ടിക്കാട്ടി. രണ്ടംഗ ബെഞ്ചിന്റെതാണ് നിരീക്ഷണം.

പതിനെട്ടു വയസ്സില്‍ താഴെയുള്ള ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ഭാര്യക്ക് ഒരു വര്‍ഷത്തിനുള്ളില്‍ ഭര്‍ത്താവിനെതിരെ കേസ് നല്‍കാം. ഇന്‍ഡിപെന്‍ഡന്റ് തോട്ട് എന്ന സംഘടനയാണ് 18 വയസ്സില്‍ താഴെയുള്ള ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ശിക്ഷാര്‍ഹമാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. പ്രസ്തുക കേസിലാണ് കോടതി ഈ വിധി പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ വരുത്തിയ ഭേദഗതി പ്രകാരം 18 വയസില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടിയുമായി സമ്മതത്തോടെയോ അല്ലാതെതെയേ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമാണ്. എന്നാല്‍ 15നും 18 നും ഇടയില്‍ പ്രായമുള്ള വിവാഹിതകളെ ഇതില്‍നിന്ന് ഒഴിവാക്കിയിരുന്നു. ഈ വ്യവസ്ഥ തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ വിധി. നേരത്തെ ഈ കേസ് പരിഗണിക്കുമ്പോള്‍ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ക്ക് മറയായി വിവാഹത്തെ കാണാനാകില്ലെന്ന് കോടതി നീരീക്ഷിച്ചിരുന്നു.

കോടതിയില്‍ ഈ വിധിക്കെതിരെ എതിര്‍ നിലപാടുമായാണ് കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയത്. 15 വയസ്സിനു മുകളില്‍ പ്രായമുള്ള ഭാര്യമായി ഭര്‍ത്താവ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാല്‍സംഘത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ സാധിക്കില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞു. ഇത്തരത്തിലുള്ള വിധി വന്നാല്‍ വിവാഹം കഴിഞ്ഞ ഈ പ്രായത്തിലുള്ള ദമ്പതികള്‍ ബുദ്ധിമുട്ടേണ്ടി വരും എന്നും കേന്ദ്രം പറഞ്ഞു.

അതേസമയം പ്രായപൂര്‍ത്തിയായവര്‍ തമ്മിലുള്ള വിവാഹ ബന്ധത്തില്‍ ഉഭയ സമ്മതമില്ലാതെ നടക്കുന്ന ലൈംഗിക ബന്ധം ബലാല്‍സംഗമായി കണക്കാക്കാമോ എന്ന വിഷയത്തിലേക്ക് കോടതി ഇപ്പോള്‍ പോവുന്നില്ലെന്ന് ജസ്റ്റിസ് മദന്‍ ബി ലോകുര്‍ വ്യക്തമാക്കി.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: