കാറ്റലോണിയയുടെ സ്വയം ഭരണാവകാശം അനുവദിക്കില്ലെന്ന് സ്പെയ്ന്‍

 

ജനഹിതപരിശോധനാഫലം അനുകൂലമായ സാഹചര്യത്തില്‍ സ്വതന്ത്രരാജ്യ പ്രഖ്യാപനത്തിനൊരുങ്ങുന്ന കത്തലൂണിയയുടെ സ്വയംഭരണാവകാശം എടുത്തുകളയാന്‍ സ്‌പെയിന്‍ ഒരുങ്ങുന്നു. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 155 ഉപയോഗിച്ചാണ് നീക്കം. ഇതിനായി സ്പാനിഷ് മന്ത്രിമാര്‍ ഉടന്‍ യോഗംചേരുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. ശനിയാഴ്ച സെനറ്റിനുമുന്നില്‍ ഈ ആവശ്യം മുന്നോട്ടുവയ്ക്കും.

സ്‌പെയിനില്‍നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കാനുള്ള കത്തലൂണിയയുടെ ശ്രമത്തെ സ്വയംഭരണപദവി എടുത്തുകളഞ്ഞ് നിയമപരമായി അസാധുവാക്കാനാണ് സ്പാനിഷ് സര്‍ക്കാരിന്റെ നീക്കം. 1978ല്‍ നിലവിലെ സ്പാനിഷ് ഭരണഘടന നിലവില്‍വന്നശേഷം ഇതുവരെ ഉപയോഗിക്കാത്തതാണ് ‘ന്യൂക്ലിയര്‍ ഓപ്ഷന്‍’ എന്ന് വിശേഷിപ്പിക്കുന്ന ആര്‍ട്ടിക്കിള്‍ 155.

ശനിയാഴ്ച സെനറ്റിന്റെ അനുമതി ലഭിച്ചാലുടന്‍ കത്തലൂണിയക്കാരടക്കമുള്ള സ്പാനിഷ് ജനതയുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ നിയമനടപടി സ്വീകരിക്കുമെന്ന് സ്പാനിഷ് സര്‍ക്കാര്‍ വക്താവ് ഇനിഗോ മെന്‍ഡസ് ഡി വിഗോ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, സ്പാനിഷ് സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 155 ഉപയോഗിച്ച് സ്വയംഭരണപദവി എടുത്തുകളഞ്ഞാലും തങ്ങള്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കുമെന്ന് കാണിച്ച് കത്തലോണിയന്‍ നേതാവ് കാര്‍ലെസ് പുയ്ഗ്‌ഡെമണ്ട് സ്പാനിഷ് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. സ്‌പെയിനിലെ സഹവര്‍ത്തിത്വവും സമ്ബദ്ഘടനയും തകര്‍ക്കുന്ന കത്തലൂണിയന്‍ നടപടി അംഗീകരിക്കില്ലെന്ന് സ്പാനിഷ് പ്രധാനമന്ത്രി മറുപടി നല്‍കി. കത്തലൂണിയയിലെ നിയമം സ്‌പെയിനിന്റെ കീഴിലാക്കാന്‍ ഭരണഘടനാപരമായി വേണ്ടതുചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, കത്തലൂണിയന്‍ പ്രസിഡന്റ് കാര്‍ലെസ് പുയ്ഗ്‌ഡെമന്‍ഡ് പ്രതികരിച്ചിട്ടില്ല.

സ്വതന്ത്രരാജ്യമാകണമെന്ന ആവശ്യവുമായി ഒക്ടോബര്‍ ഒന്നിനാണ് സ്‌പെയിനിലെ സ്വയംഭരണപ്രദേശമായ കത്തലൂണിയയില്‍ ജനഹിതപരിശോധന നടന്നത്. 90 ശതമാനത്തിലധികം പേരും അനുകൂലമായി വോട്ട് ചെയ്തിരുന്നു. തുടര്‍ന്ന് സ്വാതന്ത്ര്യപ്രഖ്യാപന ആവശ്യവുമായി തെരുവിലിറങ്ങിയ കത്തലൂണിയന്‍ നേതാക്കളടക്കമുള്ളവരെ സ്പാനിഷ് പൊലീസ് രാഷ്ട്രീയതടവുകാരായി ജയിലിലടച്ചു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: