കുറഞ്ഞ നിരക്കില്‍ ചാര്‍ട്ടേഡ് വിമാനത്തില്‍ പറക്കാം; ഓണ്‍ലൈന്‍ ടാക്‌സി മാതൃകയില്‍ വിമാന സര്‍വീസുകള്‍ ഇന്ത്യയില്‍

 

വിമാനയാത്ര കൂടുതല്‍ ആകര്‍ഷണീയമാക്കാന്‍ എയര്‍ക്രാഫ്റ്റ് ചാര്‍ട്ടര്‍ കമ്പനികള്‍ യൂബര്‍ ടാക്‌സി മോഡല്‍ പരീക്ഷിക്കുന്നു.  നഗരങ്ങളില്‍ ആഗ്രിഗേറ്റേഴ്‌സ് എന്ന നിലയില്‍ യൂബര്‍, ഓല ടാക്‌സി സര്‍വീസുകളുടെ വമ്പിച്ച വിജയമാണ് ഇത്തരം മോഡല്‍ ആഭ്യന്തര വിമാനയാത്ര രംഗത്ത് പരീക്ഷിക്കാന്‍ കമ്പനികളെ പ്രേരിപ്പിക്കുന്നത്. ആഭ്യന്തര വിമാനയാത്രയെ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളും ഇത്തരം സേവനങ്ങളുമായി രംഗത്തുവരാന്‍ ചാര്‍ട്ടര്‍ കമ്പനികള്‍ക്ക് പ്രേരണയാകുന്നു. ചരക്കുസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളയോ വ്യക്തികളെയോ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം വഴി ഒരു കുടക്കീഴില്‍ കൊണ്ട് വന്ന് ഉപഭോക്താക്കളെ കണ്ടെത്തി നല്‍കുന്ന രീതിയാണ് ആഗ്രിഗേറ്റേഴ്‌സ് ബിസിനസ്സ് മോഡല്‍. ഇത്തരം സേവനത്തിന് ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം ഒരുക്കുന്ന കമ്പനിയ്ക്ക് കമ്മീഷനോ, വാടകയോ ലഭിക്കും.

യൂബര്‍, ഓല തുടങ്ങിയ ഓണ്‍ലൈന്‍ ടാക്‌സി സേവനം ലഭ്യമാക്കുന്ന കമ്പനികള്‍ മുഖ്യമായി ആശ്രയിക്കുന്നത് ഈ മോഡലാണ്. വിവിധ കാര്‍ ഡ്രൈവര്‍മാരെ ഒരു കുടക്കീഴില്‍ കൊണ്ടുവന്ന് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലുടെ ഇവര്‍ക്ക് യാത്രക്കാരെ സംഘടിപ്പിച്ച് നല്‍കുകയാണ് യൂബര്‍, ഓല പോലുളള കമ്പനികള്‍ ചെയ്യുന്നത്. ഇത്തരം സേവനത്തിന് ഇവര്‍ക്ക് കമ്മീഷന്‍ ലഭിക്കും. നിരക്ക് കുറച്ച് സേവനം ലഭ്യമാക്കുക വഴി കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. സമാനമായ നിലയില്‍ ബിസിനസ്സ് എങ്ങനെ വര്‍ധിപ്പിക്കാമെന്നാണ് എയര്‍ക്രാഫ്റ്റ് ചാര്‍ട്ടര്‍ കമ്ബനികള്‍ ആലോചിക്കുന്നത്. ഇതുവഴി ആഭ്യന്തര വിമാനയാത്ര നിരക്കില്‍ 50 ശതമാനം വരെ കുറവ് വരുത്താന്‍ സാധിക്കുമെന്ന് ഇവര്‍ കണക്കുകൂട്ടുന്നു.

നിലവില്‍ 129 കമ്പനികളാണ് വിമാനസര്‍വീസ് രംഗത്ത് പ്രവര്‍ത്തിക്കുന്നത്. ഇവരെയെല്ലാം ആഗ്രിഗേറ്റേഴ്‌സ് ബിസിനസ്സ് മോഡല്‍ മുഖാന്തിരം ഒരു കുടക്കീഴില്‍ കൊണ്ടുവന്ന് സേവനം കൂടുതല്‍ ഫലപ്രദമാക്കാനാണ് ചാര്‍ട്ടര്‍ കമ്പനികള്‍ ആലോചിക്കുന്നത്. ഇതുവഴി ലഭ്യമായ വിമാനസര്‍വീസുകള്‍ യാത്രക്കാര്‍ക്ക് യുക്തിഭദ്രമായി തെരഞ്ഞെടുക്കാന്‍ കഴിയും. നിലവില്‍ വിമാനം ബുക്ക് ചെയ്യുന്നത് ഉള്‍പ്പെടെ എല്ലാ സേവനങ്ങള്‍ക്കും ഉപഭോക്താവില്‍ നിന്നും ചാര്‍ട്ടര്‍ കമ്പനികള്‍ ചാര്‍ജ്ജ് ഈടാക്കുന്നതാണ് രീതി. എന്നാല്‍ ആഗ്രിഗേറ്റേഴ്‌സ് മോഡല്‍ തെരഞ്ഞെടുക്കുമ്പോള്‍ എയര്‍ക്രാഫ്റ്റ് ചാര്‍ട്ടറിങ് ചാര്‍ജില്‍ 50 ശതമാനം വരെ കുറവ് വരുമെന്നാണ് അനുമാനം. വിമാനസര്‍വീസ് കൂടുതല്‍ യുക്തിഭദ്രമായി പ്രയോജനപ്പെടുത്താന്‍ കഴിയുക വഴി ആവശ്യകതയും ലഭ്യതയും ഉറപ്പുവരുത്താന്‍ കഴിയുമെന്ന് ചാര്‍ട്ടര്‍ കമ്പനികള്‍ കണക്കുകൂട്ടുന്നു. ബിസിനസ്സ് ചാര്‍ട്ടര്‍ കമ്ബനിയായ ജെറ്റ് സെറ്റ് ഗോ ഈ സേവനത്തിന് തുടക്കമിട്ടു കഴിഞ്ഞു. ആഭ്യന്തര ,രാജ്യാന്തര സേവനരംഗത്തെ 400 വിമാനങ്ങളുടെ സേവനം ലഭ്യമാക്കാന്‍ ഇതുവഴി സാധിച്ചതായി ജെറ്റ് സെറ്റ് ഗോ അടക്കമുളള ചാര്‍ട്ടര്‍ കമ്പനികള്‍ അവകാശവാദം ഉന്നയിക്കുന്നു.

 

ഡികെ

 

 

Share this news

Leave a Reply

%d bloggers like this: