ജനപ്രതിനിധികള്‍ക്കെതിരായ നിയമ നടപടി പാടില്ല ; രാജസ്ഥാന്‍ സര്‍ക്കാറിന്റെ വിവാദ ഓര്‍ഡിനന്‍സിനെതിരെ ഹൈകോടതിയില്‍ ഹര്‍ജി

 

 

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണമെന്നുള്ള രാജസ്ഥാന്‍ സര്‍ക്കാരിന്റെ വിവാദ ഓര്‍ഡിനന്‍സിന് ചോദ്യം ചെയ്ത് ഹര്‍ജി. രാജസ്ഥാന്‍ ഹൈക്കോടതിയിലാണ് ഓര്‍ഡിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്.

ഓര്‍ഡിനന്‍സ് മാധ്യമ സ്വാതന്ത്ര്യത്തിന് എതിരാണെന്നും ഏകപക്ഷീയവും വഞ്ചനാ പരവുമാണെന്നും ചൂണ്ടിക്കാണിച്ചുകൊണ്ടുള്ളതാണ് ഹര്‍ജി. നിയമഭേദഗതി വരുത്തിയ രാജസ്ഥാന്‍ സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് സമത്വത്തിനും നീതിയുക്തമായിഅന്വേഷണം നടത്തുന്നതിനും എതിരാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. 1973ലെ ക്രിമിനല്‍ ഭേദഗതി ചട്ടം ഭേദഗതി ചെയ്ത് സെപ്തംബര്‍ ഏഴിനാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ വിവാദ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിട്ടുള്ളത്. രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിംഗ് ഒപ്പുവച്ച ഓര്‍ഡിനന്‍സ് തിങ്കളാഴ്ച നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കാനിരിക്കെയാണ് ഹൈക്കോടതിയില്‍ ഓര്‍ഡിനന്‍സ് ചോദ്യം ചെയ്ത് ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്.

കഴിഞ്ഞ സെപ്റ്റംബര്‍ ആറിനു തന്നെ തയാറാക്കിയിരുന്ന ഓര്‍ഡിനന്‍സ് ഇതുവരെ പൊതുജനത്തിന്റെ അറിവില്‍ വരാതെ സര്‍ക്കാര്‍ രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. സി.ആര്‍.പി.സി സെക്ഷന്‍ 187 അനുസരിച്ച് രാജ്യത്തെ സര്‍ക്കാര്‍ ജീവനക്കാര്‍, ജഡ്ജിമാര്‍, മജിസ്ട്രേറ്റുമാര്‍ തുടങ്ങിയവരെ വിചാരണ ചെയ്യണമെങ്കില്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന ‘സംരക്ഷണം’ ഇപ്പോള്‍ തന്നെയുണ്ട്.

എന്നാല്‍ രാജസ്ഥാന്‍ ഓര്‍ഡിനന്‍സ് ചെയ്യുന്നത് ഈ വിഭാഗങ്ങള്‍ക്ക് വീണ്ടും രണ്ടു രത്തില്‍ കൂടി ‘സംരക്ഷണം’ ഉറപ്പുവരുത്തുകയാണ്. അതായത്, ഉദ്യോഗസ്ഥര്‍, ജഡ്ജിമാര്‍, മജിസ്ട്രേറ്റുമാര്‍ എന്നിവര്‍ക്കെതിരെയുള്ള ആരോപണങ്ങളെ കുറിച്ച് സി.ആര്‍.പി.സി സെക്ഷന്‍ 156 അനുസരിച്ച് പോലീസിനോ സെക്ഷന്‍ 190 അനുസരിച്ച് മജിസ്ട്രേറ്റിനോ അന്വേഷണം പ്രഖ്യാപിക്കണമെങ്കില്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണം. ഇവരെ വിചാരണ ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയില്ലെങ്കില്‍ ഈ ആരോപണങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ക്കും അനുമതിയില്ല.

ഈ ബില്‍ നിയമസഭയില്‍ പാസാവുകയാണെങ്കില്‍- 200 അംഗ നിയമസഭയില്‍ ബി.ജെ.പിക്ക് 162 എം.എല്‍.എമാര്‍ ഉള്ളതിനാല്‍ ഇത് ഏറെക്കുറെ ഉറപ്പാണ്- ഏതെങ്കിലും ഉദ്യോഗസ്ഥനെതിരെയോ വിരമിച്ചതോ അല്ലാത്തതോ ആയ ജഡ്ജിമാര്‍ക്കും മജിസ്ട്രേറ്റുമാര്‍ക്കും എതിരെയോ, ‘അവര്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി ചെയ്യുന്ന കാര്യങ്ങളുടെ പേരില്‍’ ആരോപണങ്ങള്‍ ഉയര്‍ന്നാല്‍ അത് റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് അധികാരമുണ്ടായിരിക്കില്ല. അല്ലെങ്കില്‍ ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തന്നെ അനുമതി നല്‍കിയിരിക്കണം. ഇത് ലംഘിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് വ്യവസ്ഥ ചെയ്തിരിക്കുന്ന ശിക്ഷ രണ്ടു വര്‍ഷത്തെ തടവാണ്.

ഇവിടെ പുതിയ നിയമത്തിനു പിന്നിലെ ഉദ്ദേശം വളരെ വ്യക്തമാണ്. മാധ്യമങ്ങളെ നിശബ്ദരാക്കുകയും നിയമം കൃത്യമായി നടപ്പാക്കുന്നതില്‍ നിന്ന് ജുഡീഷ്യറിയെ തടയുകയും ചെയ്യുക എന്നതു തന്നെയാണത്. അതായത്, ഇപ്പോള്‍ സംഭവിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശം ഇല്ലാതാക്കിക്കൊണ്ട് ഭരണഘടനാ ഭേദഗതി നടത്തുന്നതിലൂടെ സര്‍ക്കാര്‍ ചെയ്യുന്നത് ജനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട നിഷേധിക്കുക തന്നെയാണ്. ഇപ്പോള്‍ പിന്‍വാതില്‍ വഴി കടത്താന്‍ അവര്‍ ശ്രമിക്കുന്നത് നാളെ രാജ്യം മുഴുവന്‍ പ്രാബല്യത്തിലാക്കാന്‍ കേന്ദ്രം ഭരിക്കുന്ന സര്‍ക്കാര്‍ തയാറായാലും നമ്മള്‍ അത്ഭുതപ്പെടേണ്ടതില്ല എന്നതാണ് നമുക്ക് മുന്നിലുള്ള ഉദാഹരണങ്ങള്‍ തെളിയിക്കുന്നത്.

രാജസ്ഥാന്‍ സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് നിയമവിദഗ്ദര്‍ ഇതിനകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഓര്‍ഡിനന്‍സ് അങ്ങേയറ്റം അനൗചിത്യമുള്ളതാണെന്നും റദ്ദാക്കേണ്ടതാണെന്നും ഭരണഘടനാ വിദഗ്ദന്‍ ശാന്തിഭൂഷണ്‍ അഭിപ്രായപ്പെട്ടു. ഓര്‍ഡിനന്‍സിന്റെ ഭരണഘടനാ സാധുത സംബന്ധിച്ച് മുന്‍ അറ്റോര്‍ണി ജനറള്‍ സോളി സൊറാബ്ജി സംശയം പ്രകടിപ്പിച്ചിരുന്നു. മാധ്യങ്ങള്‍ക്ക് ഓര്‍ഡിനന്‍സില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണം നിലവിലുള്ള കോടതി വിധികള്‍ക്ക് വിരുദ്ധമാണെന്ന് അഭിപ്രായപ്പെട്ട ലോ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് എ പി ഷാ അഭിപ്രായ സ്വാതന്ത്യം നിഷേധിക്കലാണെന്നും അദ്ദേഹം പറഞ്ഞു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: