ഷെറിന്റെ മൃതദേഹം സ്ഥിരീകരിച്ചു; ഷെറിന്റേത് കൊലപാതകം തന്നെയെന്നും പിതാവ് വെസ്ളിയുടെ മൊഴിയെന്ന് പൊലീസ്

 

അമേരിക്കന്‍ മലയാളി ദമ്പതികള്‍ ദത്തെടുത്ത ഷെറിന്‍ എന്ന മൂന്നുവയസുകാരിയുടെ മരണത്തിലെ ദുരൂഹത നീങ്ങിയെന്ന് പൊലീസ്. കഴിഞ്ഞദിവസം അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം കുട്ടിയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചതായും കുട്ടിയുടെ മരണത്തിലുള്ള പങ്ക് വളര്‍ത്തച്ഛന്‍ വെസ്ളി മാത്യു സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കി.

പാല്‍ നല്‍കിയപ്പോള്‍ കുടിക്കാന്‍ തയ്യാറാകാത്ത ഷെറിനെ പിതാവ് വെസ്ളി നിര്‍ബന്ധിച്ച് കുടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിക്ക് ശ്വാസതടസ്സം നേരിടുകയും അബോധാവസ്ഥയിലാകുകയും ചെയ്തു. ഷെറിന്‍ മരിച്ചെന്നു കരുതി മൃതദേഹം വീടിന് പുറത്തേക്ക് മാറ്റുകയായിരുന്നുവെന്നാണ് വെസ്ളി ഇപ്പോള്‍ പൊലീസിന് നല്‍കിയ മൊഴി. ഇന്നലെ നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ വെസ്ളി കുറ്റം സമ്മതിക്കുകയായിരുന്നു. മൊഴികളില്‍ വൈരുദ്ധ്യമുണ്ടായതിനെ തുടര്‍ന്ന് ഇന്നലെ തന്നെ വെസ്ളിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ എന്താണ് പുതിയ മൊഴിയെന്ന് വ്യക്തമാക്കിയിരുന്നില്ല.

മുന്‍പ് നടത്തിയിരുന്ന ദന്ത പരിശോധനയുടെ രേഖകളുടെ അടിസ്ഥാനത്തിലാണ് മൃതദേഹം ഷെറിന്റേതാണെന്ന നിഗമനത്തിലെത്തിയത്. തിങ്കളാഴ്ച വെസ്ലിയും ഭാര്യ സിനിയും കോടതിയില്‍ ഹാജരായിരുന്നു. ഷെറിന്‍ മരിച്ച സാഹചര്യത്തില്‍ ദമ്പതികളുടെ നാലുവയസുകാരിയായ മൂത്ത കുഞ്ഞിനെ സുരക്ഷയുടെ ഭാഗമായി അധികൃതര്‍ ഏറ്റെടുത്തിരിക്കുകയാണ്.

ഈ ഞായറാഴ്ച രാവിലെയാണ് വീടിന് ഏകദേശം ഒരുകിലോമീറ്റര്‍ ദൂരെയുള്ള അഴുക്ക് ചാലിന്റെ കലുങ്കില്‍ നിന്ന് ഷെറിന്‍ മാത്യുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഈ മാസം ഏഴിന് വടക്കന്‍ ടെക്സാസിലെ റിച്ചര്‍ഡ്സണില്‍ നിന്നാണ് കുട്ടിയെ കാണാതായത്. പൊലീസ് നായയുടെ സഹായത്തോടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. കുട്ടിയെ കാണാതായ അന്നുതന്നെ വെസ്ളി യെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും പിന്നീട് ജ്യാമത്തില്‍ വിടുകയായിരുന്നു.

മൊഴിയിലെ വൈരുദ്ധ്യമാണ് വെസ്ളിയുടെ അറസ്റ്റിലേക്ക് നയിച്ചത്. പാലുകുടിക്കാത്തതിന് ശിക്ഷയായി വീടിന് പുറത്തിറക്കി നിര്‍ത്തിയ കുട്ടിയെ പിന്നീട് കാണാതാകുകയായിരുന്നുവൊണ് വെസ്ളി ആദ്യം പൊലീസിനോട് പറഞ്ഞത്. കുട്ടിയെ കാണാതായ സമയം വീട്ടില്‍ നിന്ന് ഒരു വാഹനം രണ്ടുതവണ പുറത്തുപോയി തിരിച്ചെത്തിയത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു.

ബിഹാര്‍ നളന്ദയിലെ ബാലസംരക്ഷണ കേന്ദ്രത്തില്‍ നിന്ന് രണ്ട് വര്‍ഷം മുന്‍പാണ് അമേരിക്കന്‍ മലയാളികളായ എറണാകുളം വൈറ്റില സ്വദേശിയായ വെസ്ളി മാത്യുവും ഭാര്യ സിനിയും ഷെറിനെ ദത്തെടുത്തത്. ജനിച്ച് ഏതാനും മാസം മാത്രം പ്രായമുള്ളപ്പോഴാണ് കുഞ്ഞിനെ ദമ്പതികള്‍ ദത്തെടുത്തത്. കുട്ടിക്ക് കാഴ്ചയ്ക്കും സംസാരത്തിനും വൈകല്യമുണ്ടായിരുന്നത് പിന്നീടാണ് മനസ്സിലായത്. ഷെറിനെ കാണാതായതിന് പുറകെ തന്നെ മാതാപിതാക്കളെ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം നടത്തിയത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: