ഐഫോണില്‍ വന്‍ സുരക്ഷാ വീഴ്ച; ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തുന്ന വെളിപ്പെടുത്തലുമായി ഗൂഗിള്‍ എന്‍ജിനീയര്‍

 

ഐഫോണ്‍, ഐപാഡ് തുടങ്ങിയ ആപ്പിള്‍ ഡിവൈസുകളില്‍ പ്രവര്‍ത്തിക്കുന്ന ഐഒസില്‍ വന്‍ സുരക്ഷാ വീഴ്ച. ഗൂഗിള്‍ എന്‍ജിനീയര്‍ ഫെലിക്‌സ് ക്രൗസ് (Felix Krause) ആണ് ഐഒഎസ് ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ക്യാമറ ഉപയോഗിക്കാന്‍ അനുവാദം കൊടുത്തിരിക്കുന്ന ആപ്പുകള്‍കള്‍ക്ക് രഹസ്യമായി ഉപഭോക്താവിന്റെ ഫോട്ടോയൊ വീഡിയോയോ റെക്കോര്‍ഡ് ചെയ്ത് അപ്ലോഡ് ചെയ്യാന്‍ കഴിയുമെന്ന ഗുരുതരമായ ആരോപണമാണ് അദ്ദേഹം നടത്തുന്നത്.

ഒരു ആപ്പിന് ക്യാമറ ഉപയോഗിക്കാന്‍ അനുവാദം കൊടുത്തു കഴിഞ്ഞാല്‍, ആപ് തുറന്നിരിക്കുന്ന സമയത്ത്, ഫോണിന്റെ മുന്‍ ക്യാമറയോ പിന്‍ക്യാമറയോ ഉപയോഗിച്ച് ഉടമയുടെ ഫോട്ടോയൊ വിഡിയോയോ റെക്കോര്‍ഡ് ചെയ്ത് കണ്ടന്റ് അപ്പോള്‍ തന്നെ അപ്ലോഡ് ചെയ്യാമെന്ന് ഉദാഹരണ സഹിതം സ്ഥാപിക്കുന്നുണ്ട്. കൂടാതെ, യഥാസമയം ഫെയ്‌സ് ഡിറ്റക്ഷന്‍ നടത്തുകയും മുഖഭാവങ്ങള്‍ പകര്‍ത്തുകയും ചെയ്യാമത്രെ. ആപ്പുകള്‍ ഒളിഞ്ഞുനോട്ടം നടത്തുമ്‌ബോള്‍ ശബ്ദത്തിലൂടെയോ ലൈറ്റ് മിന്നിത്തെളിഞ്ഞോ, എല്‍ഇഡി പ്രകാശിപ്പിച്ചോ ഒന്നും ഇതേപ്പറ്റി ഒരു സൂചനയും ആപ്പിളിന്റെ വിഖ്യാതമായ ഓപ്പറേറ്റിങ് സിസ്റ്റം ഉപഭോക്താവിനു നല്‍കുന്നില്ല എന്നതാണ് ഫെലിക്‌സിന്റെ ഞെട്ടിക്കുന്ന ആരോപണം. ഫെലിക്‌സ് യുട്യൂബില്‍ ഒരു വീഡിയോയും അപ്ലോഡ് ചെയ്തിട്ടുണ്ട്.

ഈ സുരക്ഷാ വീഴ്ച മുതലെടുക്കണമെന്ന് ആഗ്രഹിക്കുന്ന ആര്‍ക്കും അങ്ങനെ ചെയ്യാം. കൂടാതെ അപ്ലോഡ് ചെയ്യുന്ന ഫോട്ടോ നല്‍കുന്ന ഡേറ്റ ഉപയോഗിച്ച് ഉപഭോക്താവിന്റെ ലൊക്കേഷനും മറ്റും കണ്ടുപിടിക്കുകയും ഇന്റര്‍നെറ്റിലുള്ള അയാളുടെ മറ്റു ഫോട്ടോകള്‍ കണ്ടെത്തുകയും ക്യാമറയ്ക്കു കാണാവുന്ന എന്തു കാര്യം വേണമെങ്കിലും ലൈവ് സ്ട്രീം ചെയ്യാമെന്നും അദ്ദേഹം പറയുന്നു. ഉപഭോക്താവിന്റെ മുഖത്തിന്റെ ഒരു 3D ചിത്രം തയ്യാറാക്കിയേക്കാം. ആപ് ഉപയോഗിക്കുന്നത് ഉപഭോക്താവ് തന്നെയാണോ അതോ അടുത്ത് ആരെങ്കിലും ഉണ്ടോ എന്നു പരിശോധിക്കാം. ഇതിനു നിലവില്‍ പരിഹാരങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. ഇരു ക്യാമറകളും മൂടിവയ്ക്കുന്ന ഫോണിന്റെയും മറ്റും കെയ്‌സ് വാങ്ങി അതു പരീക്ഷിച്ചു നോക്കാവുന്നതാണ്.

എല്ലാ ആപ്പുകള്‍ക്കും ക്യാമറ ഉപയോഗിക്കാന്‍ നല്‍കിയിരിക്കുന്ന അനുവാദം പിന്‍വലിക്കുക എന്നതാണ് മറ്റൊരു പരിഹാരം. പക്ഷേ, അങ്ങനെ ചെയ്താല്‍ ആപ്പിലൂടെ തന്നെ ഫോട്ടോയും വീഡിയോയും എടുക്കുകയും അയയ്ക്കുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ നടക്കില്ല. ഫെലിക്‌സ് ഈ കാര്യങ്ങള്‍ ആപ്പിളിനെയും അറിയിച്ചിട്ടുണ്ട്. ഒപ്പം ചില പരിഹാരങ്ങളും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഉദാഹരണത്തിന് ആപ് റെക്കോര്‍ഡ് ചെയ്യുമ്‌ബോള്‍ എല്‍ഇഡിയോ മറ്റോ തെളിച്ച് ഉപഭോക്താവിനു മുന്നറിയിപ്പു നല്‍കുക. അല്ലെങ്കില്‍ ഒരു ഐക്കണ്‍ കാണിച്ചു മുന്നറിയിപ്പു കൊടുക്കാം. മറ്റൊന്ന് ക്യാമറയ്ക്കു ഫോട്ടോ എടുക്കാന്‍ നല്‍കുന്ന അനുവാദം താത്കാലികം മാത്രമാക്കുക.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: