അയര്‍ലണ്ടില്‍ വന്‍ അവസരങ്ങളുമായി ഫേസ്ബുക്: പ്രഖ്യാപനം വരേദ്കറിന്റെ സിലിക്കണ്‍വാലി സന്ദര്‍ശനത്തിനിടയില്‍

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ തൊഴിലവസരങ്ങള്‍ പ്രഖ്യാപിച്ച് ഫേസ്ബുക്. ഫേസ്ബുക്കിന്റെ കാലിഫോര്‍ണിയയിലെ പ്രധാനകേന്ദ്രത്തിന് പുറത്തുള്ള ഏറ്റവും വലിയ കേന്ദ്രം കൂടിയാണ് അയര്‍ലണ്ടില്‍ ഉള്ളത്. ഈ വര്‍ഷം 150-ല്‍ പരം തൊഴിലവസരങ്ങളാണ് ഫേസ്ബുക് ഡബ്ലിന്‍ ശാഖയില്‍ പ്രഖ്യാപിക്കപ്പെട്ടത്. ഓഫിസ് സ്റ്റാഫ് മുതല്‍ സീനിയര്‍ മാനേജര്‍ പോസ്റ്റ് വരെ നീളുന്ന തൊഴിലവസരങ്ങളാണ് ഇതില്‍പെടുന്നത്.

ഡിപ്ലോമ, പ്രൊഫഷണല്‍ ബിരുദം കരസ്ഥമാക്കിയവര്‍ക്കും ഫേസ്ബുക് അവസരം ഒരുക്കുന്നുണ്ട്. പ്രൊബേഷന്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് മികച്ച ശമ്പള പാക്കേജ് ലഭിക്കും. 2009-ല്‍ 30 ജീവനക്കാര്‍ മാത്രമാണ് ഫേസ്ബുക്കിന്റെ ഡബ്ലിന്‍ ശാഖയില്‍ ജോലി ചെയ്തിരുന്നത്. എന്നാല്‍ 2017-ല്‍ 2000 ജീവനക്കാര്‍ക്ക് തൊഴില്‍ നല്‍കാന്‍ ഫേസ്ബുക്കിന് കഴിഞ്ഞു. 2018 ആകുന്നതോടെ ജീവനക്കാരുടെ എണ്ണം 3500 ആയി മാറുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

വരേദ്കറിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടയിലാണ് ഫേസ്ബുക് അയര്‍ലണ്ടില്‍ അവസരങ്ങള്‍ പ്രഖ്യാപിച്ചത്. പടിഞ്ഞാറന്‍ അമേരിക്കയുമായുള്ള വ്യാപാരബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ത്രിദിന അമേരിക്കന്‍ യാത്രയിലാണ് ഐറിഷ് പ്രധാനമന്ത്രി. സിലിക്കണ്‍വാലിയില്‍ ഫേസ്ബുക് സി.ഇ.ഓ മാര്‍ക്ക് സുക്കര്‍ബര്‍ഗുമായി വരേദ്കര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് ശേഷമാണ് ഫേസ്ബുക്കിന്റെ തൊഴിലവസരം പ്രഖ്യാപനമുണ്ടായത്.

അമേരിക്കയില്‍ ആപ്പിള്‍ സി.ഇ.ഓ-യുമായും വരേദ്കര്‍ കൂടിക്കാഴ്ച നടത്തും. അമേരിക്കയിലെ വ്യാപാര-നിക്ഷേപ-വിനോദ സഞ്ചാര സാദ്ധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുകയാണ് വരേദ്കറിന്റെ അമേരിക്കന്‍ സന്ദര്‍ശനം ലക്ഷ്യമിടുന്നത്. ഇത് നിരവധി തൊഴിലവസരങ്ങള്‍ക്ക് വഴിവെക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: