ടെക്‌സസ് വെടിവയ്പ്: ഹൃദയം തകര്‍ന്നുവെന്ന് ട്രംപ്; പ്രശ്‌നം തോക്കുനിയമമല്ല, മാനസിക ദൗര്‍ബല്യം

 

ടെക്‌സസിലെ പള്ളിയിലുണ്ടായ വെടിവയ്പില്‍ തങ്ങളുടെ ഹൃദയം തകര്‍ന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചൂതാട്ട പറുദീസയായ ലാസ്വെഗാസില്‍ നിറതോക്കുകളുമായി ദൂരെ ഹോട്ടല്‍മുറിയിലിരുന്ന് സ്റ്റീഫന്‍ പാഡോക് എന്നയാള്‍ 58 പേരെ നിര്‍ദയം വധിക്കുകയും 500 ലേറെ പേരെ പരിക്കേല്‍പിക്കുകയും ചെയ്തതിന്റെ ഞെട്ടലൊടുങ്ങും മുമ്പാണ് ടെക്‌സസില്‍ കഴിഞ്ഞദിവസം മറ്റൊരു തോക്കുധാരി അമേരിക്കയെ വീണ്ടും കണ്ണീരിലാഴ്ത്തിയത്. ടെക്‌സസിലെ ദേവാലയത്തിലുണ്ടായ വെടിവയ്പിനു കാരണം തോക്കു നിയമങ്ങളിലെ പ്രശ്‌നമല്ലെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ടോക്കിയോയില്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്‌ക്കൊപ്പം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു ട്രംപിന്റെ പ്രതികരണം. ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ട്രംപ് ജപ്പാനിലെത്തിയത്.

ടെക്‌സസില്‍ പ്രാദേശിക സമയം ഞായറാഴ്ച പകല്‍ 11.30നു നടന്ന ആക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെടുകയും ഇരുപതോളം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ‘ടെക്‌സസ് വെടിവയ്പ് യുഎസിലെ തോക്കു നിയമങ്ങളുടെ പ്രശ്‌നമല്ല. പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം, അക്രമി മാനസിക ദൗര്‍ബല്യമുള്ളയാളാണ്. കൂടിയ തോതിലുള്ള മാനസിക ദൗര്‍ബല്യമാണ് ഇവിടുത്തെ പ്രശ്‌നം. വളരെ ദുഃഖകരമായ സംഭവമാണിത്’- ട്രംപ് പറഞ്ഞു.

ടെക്‌സസ് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വെടിവെപ്പാണ് ഞായറാഴ്ച സതര്‍ലാന്‍ഡ് സ്പ്രിങ്‌സിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ അരങ്ങേറിയത്. 23 പേരെ ചര്‍ച്ചിനകത്തും അവശേഷിച്ചവരെ പുറത്തുമാണ് ഇയാള്‍ വെടിവെച്ചുകൊന്നത്. കൈയില്‍ തോക്കുകരുതിയ മറ്റൊരാള്‍ ഇയാള്‍ക്കു നേരെ തോക്കുചൂണ്ടിയതോടെ ആയുധംനിലത്തിട്ട് വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമം നടത്തി. പൊലീസ് പിന്തുടര്‍ന്നതോടെ അപകടത്തില്‍പെട്ട വാഹനത്തില്‍ മരിച്ച നിലയിലാണ് പ്രതിയെ കണ്ടെത്തിയത്.

സാന്‍ അന്റോണിയോയ്ക്കു സമീപം വില്‍സണ്‍ കൗണ്ടി സതര്‍ലാന്‍ഡ് സ്പ്രിങ്‌സിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ പ്രാര്‍ഥന നടക്കുമ്പോഴാണ് വെടിവയ്പുണ്ടായത്. ദേവാലയത്തിനകത്തേക്ക് ഒറ്റയ്ക്കു വന്ന അക്രമി തുരുതുരെ വെടിയുതിര്‍ക്കുകയായിരുന്നു. അഞ്ചിനും 72നും ഇടയില്‍ പ്രായമുള്ളവരാണ് അപകടത്തില്‍പ്പെട്ടത്.

ഡെവിന്‍ പാട്രിക് കെല്ലി (26) ആണ് വെടിവച്ചതെന്ന് സുരക്ഷാസേന അറിയിച്ചു. വെടിവയ്പിനുശേഷം ശേഷം ഇയാള്‍ വാഹനത്തില്‍ രക്ഷപ്പെട്ടു. പിന്നീട് ഇയാളെ ഗ്വാഡലൂപ് കൗണ്ടിയില്‍ വാഹനത്തില്‍ വെടിയേറ്റു മരിച്ചനിലയില്‍ കണ്ടെത്തി. അടുത്തിടെ ഇയാള്‍ എആര്‍ – 15 സെമിഓട്ടമാറ്റിക് റൈഫിളിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു. മുന്‍ വ്യോമസേന ഉദ്യോഗസ്ഥനായിരുന്ന കെല്ലി കോര്‍ട്ട്മാര്‍ഷല്‍ നടപടി നേരിട്ടിരുന്നതായും സൂചനയുണ്ട്.

 

 

 

ഡികെ

 

 

Share this news

Leave a Reply

%d bloggers like this: