ലേബര്‍ കോടതി ഇടപെട്ടു: റെയില്‍വേ സമരം പിന്‍വലിച്ചു

ഡബ്ലിന്‍:ഓരോ ആഴ്ച ഇടവിട്ട് റെയില്‍വേ ജീവനക്കാര്‍ നടത്തിവന്ന സമരത്തിന് ശുഭ പര്യവസാനം. ലേബര്‍ കോടതിയുടെ അവസരോചിതമായ ഇടപെടല്‍ പൊതു ഗതാഗതത്തെ സാധാരണ നിലയിലേക്ക് എത്തിച്ചു. ജീവനക്കാര്‍ ആവശ്യപ്പെട്ട 3.75 ശതമാനം ശമ്പള നിരക്ക് അംഗീകരിക്കപ്പെട്ടില്ലെങ്കിലും 2.5 ശതമാനം ശമ്പളം വര്‍ധിപ്പിക്കാന്‍ റെയില്‍വേ തയ്യാറായി.

മൂന്ന് വര്‍ഷക്കാലത്തേക്കുള്ള കരാറാണിത്. ഈ മൂന്ന് വര്‍ഷക്കാലം മറ്റൊരു സമരം നടത്താന്‍ റെയില്‍വേ ജീവനക്കാരെ അനുവദിക്കില്ല. ശമ്പള പരിഷ്‌കരണം അംഗീകരിച്ചതിനാല്‍ ഈ ആവശ്യവും അംഗീകരിക്കണമെന്ന് ലേബര്‍ കോടതി വ്യക്തമാക്കി. 2017 ഡിസംബറില്‍ ശമ്പള വര്‍ദ്ധനവിനോടൊപ്പം 500 യൂറോ വൗച്ചറും ജീവനക്കാര്‍ക്ക് ലഭിക്കും. റെയില്‍വേ സമരം പിന്‍വലിച്ചതോടെ നവംബര്‍ 14 ന് നടക്കുന്ന അയര്‍ലണ്ട് ഡെന്മാര്‍ക്ക് ലോകകപ്പ് യോഗ്യത മത്സരം തടസപ്പെടില്ലെന്ന് ഉറപ്പായി.

ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കും ഷോപ്പിങ്ങിനും തുടക്കം കുറിക്കുന്ന ഡിസംബര്‍ എട്ടാം തീയതിയും സമരം നടത്താന്‍ റെയില്‍വേ നേരത്തെ തീരുമാനിച്ചിരുന്നു. സമരം ഒത്തുതീര്‍ന്നതോടെ റെയില്‍ യാത്രക്കാര്‍ക്ക് ഈ വാര്‍ത്ത ഏറെ ആശ്വാസകരമാണ്. ഒരു ദിവസത്തെ പണിമുടക്കില്‍ 150000 ത്തോളം യാത്രക്കാരാണ് അയര്‍ലണ്ടില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: