മകന്റെ ഘാതകനെ കെട്ടിപ്പിടിച്ച് ആ പിതാവ് പറഞ്ഞു, ‘ഞാന്‍ നിന്നോട് പൊറുത്തിരിക്കുന്നു’; കോടതിമുറിയില്‍ പൊട്ടിക്കരഞ്ഞ് കുറ്റവാളി

‘നിന്നോട് ഞാന്‍ ക്ഷമിച്ചിരിക്കുന്നു’. സ്വന്തം മകനെ കൊലപ്പെടുത്തിയ യുവാവിനെ ചേര്‍ത്തു പിടിച്ചുകൊണ്ട് ഒരച്ഛന്‍ പറഞ്ഞ വാക്കുകളാണിത്. കരുണ നിറഞ്ഞ ആ വാക്കുകളുടെ ശക്തി താങ്ങാനാകാതെ കൊലപാതകം ചെയ്ത ആ യുവാവ് പൊട്ടിക്കരഞ്ഞു. അമേരിക്കയിലെ കെന്റകിയിലെ കോടതി മുറിയിലാണ് ക്ഷമിക്കുന്ന സ്നേഹത്തിന്റെ ഈ രംഗം അരങ്ങേറിയത്.

2015 ഏപ്രിലില്‍ സലാഹുദ്ദീന്‍ ജിത്ത്മോദ് എന്ന ഇരുപത്തിരണ്ട് വയസ്സുകാരന്‍ മോഷണത്തിനിരയായി കൊല്ലപ്പെട്ട കേസിലാണ് ട്രെയ് അലക്സാണ്ടര്‍ റെല്‍ഫോര്‍ഡ് അറസ്റ്റിലാകുന്നത്. കൃത്യം ചെയ്യാന്‍ റെല്‍ഫോര്‍ഡിനൊപ്പം മറ്റ് മൂന്ന് പേര്‍ കൂടിയുണ്ടായിരുന്നെങ്കിലും ആദ്യം അറസ്റ്റിലായ ഇവരെ പിന്നീട് വിട്ടയക്കുകയായിരുന്നു. കേസില്‍ 31 വര്‍ഷത്തെ തടവ് ശിക്ഷയാണ് റെല്‍ഫോര്‍ഡിന് കോടതി വിധിച്ചത്.

കോടതിയിലെ വിചാരണ വേളയിലാണ് കൊല്ലപ്പെട്ട സലാഹുദ്ദീന്റെ പിതാവ് അബ്ദുള്‍ മുനീം സൊമ്പാത്ത് ജിദ്മോദ് , റെല്‍ഫോര്‍ഡിനടുത്തെത്തി ഞാന്‍ നിന്നോട് ക്ഷമിച്ചിരിക്കുന്നു എന്നു പറഞ്ഞത്. ‘സലാഹുദ്ദീന്റെ പേരിലും അവനെക്കാള്‍ രണ്ട് വര്‍ഷം മുന്‍പ് മരിച്ചു പോയ അവന്റെ അമ്മയുടെ പേരിലും ഞാന്‍ നിന്നോട് ക്ഷമിക്കുന്നു’ എന്നായിരുന്നു അബ്ദുള്‍ മുനീമിന്റെ വാക്കുകള്‍. റെല്‍ഫോര്‍ഡിനെ കെട്ടിപ്പിടിച്ചുകൊണ്ടായിരുന്നു അബ്ദുള്‍ മുനീമിന്റെ ശാന്തമായ വാക്കുകള്‍.

അദ്ദേഹത്തിന്റെ പ്രിയപ്പെട്ട മകന്‍ ഇല്ലാതാകാന്‍ കാരണം താനാണെന്നറിഞ്ഞിട്ടും തന്നോട് പൊറുക്കാന്‍ കാണിച്ച കാരുണ്യമോര്‍ത്ത് റെല്‍ഫോര്‍ഡ് പൊട്ടിക്കരയുകയായിരുന്നു. ‘താങ്കള്‍ക്ക് നഷ്ടപ്പെട്ടത് തിരികെ നല്‍കാനായി ഇനിയെനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും എങ്കിലും സംഭവിച്ചു പോയ അപരാധത്തിന് ഞാന്‍ നിങ്ങളോട് മാപ്പു ചോദിക്കുന്നുവെന്നും’ റെല്‍ഫോര്‍ഡ് നിറകണ്ണുകളോടെ പറഞ്ഞു.

ഹൃദയഭേദകമായ രംഗങ്ങള്‍ക്ക് കണ്ണുനീരോടെയാണ് കോടതിമുറിയിലുണ്ടായിരുന്നവര്‍ സാക്ഷ്യം വഹിച്ചത്. അബ്ദുള്‍ മുനീം റെല്‍ഫോര്‍ഡിനടുത്തെത്തുന്നതും കെട്ടിപ്പിടിച്ചുകൊണ്ട് പൊറുക്കുന്നുവെന്ന് പറയുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കോടതി അല്‍പസമയത്തേക്ക് പിരിയുകയാണെന്ന് അറിയിച്ചപ്പോള്‍ ജഡ്ജിയുടെ വാക്കുകളും ഇടറിയിരുന്നത് വീഡിയോയില്‍ വ്യക്തമാണ്.

പിസ്സാഹട്ട് ഡെലിവറി ഡ്രൈവറായിരുന്നു കൊല്ലപ്പെട്ട സലാഹുദ്ദീന്‍. കെന്റകിലെ ലെക്സിങ്ടണിലെ ഫല്‍റ്റില്‍ ഓര്‍ഡറനുസരിച്ച് ഭക്ഷണം നല്‍കാന്‍ എത്തിയ സമയത്താണ് സലാഹുദ്ദീന്‍ മോഷണത്തിനിരയായി കൊല്ലപ്പെടുന്നത്. എന്നാല്‍ മോഷണത്തിന് പദ്ധതിയിട്ടത് താനാണെങ്കിലും സലാഹുദ്ദീനെ കൊലപ്പെടുത്തിയത് താനല്ലെന്ന് റെല്‍ഫോര്‍ഡ് കോടതിയില്‍ പറഞ്ഞു. ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അബ്ദുള്‍ മുനീം വ്യക്തമാക്കി.

https://youtu.be/L5Fxj7Kuzy8

 

 

 

 

Share this news

Leave a Reply

%d bloggers like this: