12 വയസുകാരന്‍ നിക്‌സണ്‍ സ്‌കറിയ തായ്‌കൊണ്ടയില്‍ ബ്‌ളാക്ക് ബെല്‍റ്റ് നേടി

ഡബ്ലിന്‍: ആയോധന കായികവിദ്യകളില്‍ പ്രഥമ സ്ഥാനത്തുള്ള തായ്‌കൊണ്ടയില്‍ പന്ത്രണ്ടാമത്തെ വയസില്‍ ഡബ്ലിന്‍ ടൈറല്‍സ് ടൗണിലെ നിക്‌സണ്‍ സ്‌കറിയ ബ്‌ളാക്ക് ബെല്‍റ്റ് നേടി.ഇത്ര ചെറുപ്പത്തിലേ ബ്‌ളാക്ക് ബെല്‍റ്റ് നേടുന്നവരുടെ എണ്ണം വിരളമാണ് എന്നതാണ് നിക്‌സന്റെ വിജയത്തെ ശ്രദ്ധേയമാക്കുന്നത്. ബൂമോണ്ട് ഹോസ്പിറ്റലില്‍ ജോലി ചെയ്യന്ന കോഴിക്കോട് കോടഞ്ചേരി വെട്ടുകല്ലേല്‍ കുടുംബാംഗമായ സ്‌കറിയ സെബാസ്റ്റ്യന്റെയും(ബെന്നി) മാറ്റര്‍ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സായ സിലി ഉലഹന്നാന്റെയും മകനാണ് നിക്‌സണ്‍.അഞ്ചാം വയസില്‍ തായ്‌കൊണ്ട പരിശീലനം ആരംഭിച്ച നിക്‌സണ്‍ നീണ്ട 7 വര്‍ഷത്തെ പരിശ്രമത്തിന്റെ ഫലമായാണ് ഈ നേട്ടത്തിന് ഉടമയായത്.നാലര മണിക്കൂര്‍ നീണ്ട ഫൈനല്‍ ടെസ്റ്റില്‍ തല ഉയരത്തില്‍ വരെ പൊങ്ങിയുള്ള ഉള്ള കിക്കുകളും കറങ്ങിയും ചാടിയുമുള്ള ദ്രുതഗതിയിലുള്ള വിദ്യകളും വഴങ്ങി. വിദഗ്ദരായ അഞ്ചു പേരടങ്ങുന്ന മാസ്റ്റര്‍ ട്രെയിനര്‍മാരാണ് നിക്‌സനെ ബ്‌ളാക്ക് ബെല്‍റ്റ് നല്‍കി ബഹുമാനിച്ചത്. സ്‌കോട്ട്‌ലണ്ടിലെ ഹാമില്‍ട്ടണില്‍ നടന്ന ഇന്റര്‍നാഷണല്‍ ടെസ്റ്റ് ഫൈനലില്‍ അയര്‍ലണ്ടില്‍ നിന്നും മറ്റു മൂന്നു പേരും കൂടി പങ്കെടുത്തിരുന്നു.കരാട്ടെ, ചൈനീസ് ആയോധന കലകള്‍, പരമ്പരാഗത കൊറിയന്‍ ആയോധന കലകളായ തയ്ക്കിയോണ്‍, സുബക് ഗോണ്‍ബിയോപ്പ് ഘടകങ്ങളും ഉള്‍പ്പെടുത്തി 194050 കളില്‍ വിവിധ ആയോധന കലാകാരന്‍മാര്‍വികസിപ്പിച്ചെടുത്തതാണ് തായ്‌കൊണ്ടോ. ഇന്ത്യ അടക്കം വിവിധ രാജ്യങ്ങളില്‍ ആയിരകണക്കിന് പേര്‍ പരിശീലിക്കുന്ന തായ്‌കൊണ്ടോയുടെ കേരളത്തിലെ ബ്രാന്‍ഡ് അംബാസിഡര്‍ പ്രശസ്ത നടന്‍ മോഹന്‍ലാലാണ്.ഒന്നര വര്‍ഷത്തെ പരിശീലനത്തിന് ശേഷമാണ് മോഹന്‍ലാലിന് ഓണററി ബ്‌ളാക്ക് ബെല്‍റ്റ് ലഭിച്ചത്. രാഹുല്‍ ഗാന്ധിയുടെ തായ്‌കൊണ്ട പരിശീലനം കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമ ശ്രദ്ധ നേടിയിരുന്നു.

 

 

Share this news

Leave a Reply

%d bloggers like this: