ഇറാന്‍ – ഇറാഖ് ഭൂചലനം; മരണം 400 കവിഞ്ഞു

 

ഇറാന്‍ – ഇറാഖ് അതിര്‍ത്തിയിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 400 കവിഞ്ഞു. റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 7000 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. പലയിടങ്ങളിലും രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.

ഈ വര്‍ഷത്തെ തന്നെ ഏറ്റവും വലിയ ഭൂചലനമാണ് ഇറാന്‍ ഇറാഖ് അതിര്‍ത്തിയില്‍ ഞായറാഴ്ച ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. പലയിടങ്ങളിലും രക്ഷാ പ്രവര്‍ത്തനം ഇപ്പോഴും പുരോഗമിക്കുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍പ്പെട്ടവരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. റെഡ് ക്രസന്റ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവര്‍ത്തനം ഭൂചലനത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചില്‍ രക്ഷാ പ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.

ഭൂചലനത്തില്‍ ആശുപത്രികള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുള്ളതിനാല്‍ പരിക്കേറ്റവരുടെ ചികിത്സയും പ്രതിസന്ധിയിലാണ്. യു.എസ് ജിയോളജിക്കല്‍ സര്‍വേയുടെ റിപ്പോര്‍ട്ട് പ്രകാരം ഭൂചലനത്തിന് ശേഷം 150 ലധികം തുടര്‍ചലനങ്ങളും പ്രദേശത്തുണ്ടായി. ഇറാനിലെ കെര്‍മാന്‍ഷാ പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത്.

പ്രദേശത്തെ വൈദ്യുതി ബന്ധം പൂര്‍ണമായും വിച്ഛേദിക്കപ്പെട്ടു. കുടിവെള്ള വിതരണവും തടസ്സപ്പെട്ടിരിക്കുകയാണ്. ടെലിഫോണ്‍, മൊബൈല്‍ ഫോണ്‍ സര്‍വീസുകളും പ്രവര്‍ത്തനക്ഷമമല്ല. പലയിടങ്ങളിലായി ഒരുക്കിയ 5000ത്തിലധികം ടെന്റുകളില്‍ ആയാണ് ദുരന്ത ബാധിത പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്.

ഡികെ

 

Share this news

Leave a Reply

%d bloggers like this: