ന്യൂനപക്ഷ സര്‍ക്കാരിനില്ല, പുതിയ തിരഞ്ഞെടുപ്പിന് തയ്യാറെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കല്‍

 

ന്യൂനപക്ഷ സര്‍ക്കാരിനെ നയിക്കുന്നതിനേക്കാള്‍ പുതിയ തിരഞ്ഞെടുപ്പ് നേരിടാനാണ് താല്‍പര്യമെന്ന് ജര്‍മ്മന്‍ ചാന്‍സിലര്‍ ആഞ്ജല മെര്‍ക്കല്‍ വ്യക്തമാക്കി. മുന്നണി രൂപീകരിക്കാനുള്ള ചര്‍ച്ചകള്‍ പരാജയപ്പെടുകയും ഒരു ദശാബ്ദമായി നീളുന്ന തന്റെ ഭരണത്തിന് ഏറ്റവും വലിയ ഭീഷണി നേരിടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മെര്‍ക്കലിന്റെ പ്രസ്താവന പുറത്തുവരുന്നത്. ഒരു ന്യൂനപക്ഷ സര്‍ക്കാരിനെ നയിക്കുന്ന കാര്യത്തില്‍ തനിക്ക് ഒട്ടേറെ സന്ദേഹങ്ങള്‍ ഉണ്ടെന്ന് 2005ന് ശേഷം മൂന്ന് മുന്നണി സര്‍ക്കാരുകള്‍ക്ക് നേതൃത്വം നല്‍കിയ മെര്‍ക്കല്‍ അഭിപ്രായപ്പെട്ടു. പുതുവര്‍ഷത്തില്‍ പുതിയ തിരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിക്കുകയാണെങ്കില്‍ താന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും ദേശീയ പ്രക്ഷേപണ കേന്ദ്രമായ എആര്‍ഡിയോട് അവര്‍ വെളിപ്പെടുത്തി. ഉത്തരവാദിത്തമുള്ള ഒരു സ്ത്രീയെന്ന നിലയിലും ഭാവിയില്‍ ആ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറുള്ള വ്യക്തിയെന്ന നിലയിലും തിരഞ്ഞെടുപ്പുകളെ നേരിടാന്‍ താന്‍ സന്നദ്ധയാണെന്നും അവര്‍ വിശദീകരിച്ചു.

അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ചര്‍ച്ചകളില്‍ നിന്നും മെര്‍ക്കലിന്റെ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, ബാവറിയന്‍ പാര്‍ട്ടി, ക്രിസ്ത്യന്‍ സോഷ്യല്‍ യൂണിയന്‍, ഗ്രീന്‍ പാര്‍ട്ടി എന്നിവയുമായി നടന്ന മാരത്തോണ്‍ ചര്‍ച്ചകളില്‍ നിന്നും വ്യാപാര അനുകൂല കക്ഷിയായ ഫ്രീ ഡെമോക്രാറ്റിക് പാര്‍ട്ടി ഇറങ്ങിപ്പോയതോടെയാണ് മുന്നണി രൂപീകരണശ്രമങ്ങള്‍ ശിഥിലമായത്. ഭരണമുന്നണി രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തുടരണമെന്ന് മെര്‍ക്കലുമായി നടന്ന ഒരു കൂടിക്കാഴ്ചയ്ക്ക് ശേഷം നേരത്തെ ജര്‍മ്മന്‍ പ്രസിഡന്റ് രാഷ്ട്രീയപാര്‍ട്ടികളോട് അഭ്യര്‍ത്ഥിച്ചിരുന്നു. സമീപഭാവിയില്‍ തന്നെ ഒരു കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച പ്രസിഡന്റ് ഫ്രാങ്ക്-വാള്‍ട്ടര്‍ സ്റ്റെയ്ന്‍മെയര്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ നിറവേറ്റണ്ട ഉത്തരവാദിത്വം ജനങ്ങള്‍ക്ക് മടക്കി നല്‍കാനാവില്ലെന്ന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.

കഴിഞ്ഞ സെപ്തംബറില്‍ നടന്ന ദേശീയ തിരഞ്ഞെടുപ്പില്‍ മെര്‍ക്കലിന്റെ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിച്ചെങ്കിലും ഭരിക്കാനുള്ള വോട്ട് വിഹിതം ലഭിച്ചിരുന്നില്ല. മാത്രമല്ല, ഫ്രീ ഡെമോക്രാറ്റിക് പാര്‍ട്ടി, ഗ്രീന്‍ പാര്‍ട്ടി എന്നിവയുടെ പിന്തുണയോടെ മാത്രമേ അവര്‍ ഭരണം നിലനിറുത്താന്‍ സാധിക്കൂ എന്ന അവസ്ഥയും സംജാതമായിരുന്നു. കുടിയേറ്റ, ഊര്‍ജ്ജനയങ്ങളിലുള്ള ഭിന്നതകള്‍ പരിഹരിക്കുന്നതിന് പാര്‍ട്ടികള്‍ സ്വയം നിര്‍ണയിച്ചിരുന്ന സമയപരിധി പാലിക്കാന്‍ അവയ്ക്ക് സാധിച്ചില്ലെന്നും രാജ്യത്തിന്റെ ആധുനികവല്‍ക്കരണത്തിന് ഒരു പൊതു കാഴ്ചപ്പാട് വികസിപ്പിക്കാന്‍ സാധിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മുന്നണി ചര്‍ച്ചകളില്‍ നിന്നും ഫ്രീ ഡെമോക്രാറ്റിക് പാര്‍ട്ടി ഇറങ്ങിപ്പോയത്.

ജര്‍മ്മനിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ പൊലിഞ്ഞത് ബ്രക്സിറ്റുമായി മുന്നോട്ട് പോകാനുള്ള ബ്രിട്ടീഷ് സര്‍ക്കാര്‍ ശ്രമങ്ങളെയും മന്ദഗതിയിലാക്കിയിട്ടുണ്ട്. ജര്‍മ്മനിയില്‍ എഫ്ഡിപിയുടെ പിന്തുണയോടെ ഒരു ശക്തമായ സര്‍ക്കാര്‍ നിലവില്‍ വരുന്നത് അടുത്ത ഘട്ടം ബ്രക്സിറ്റ് ചര്‍ച്ചകള്‍ക്ക് ഗുണം ചെയ്യുമെന്നായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ പ്രതീക്ഷ. ശക്തമായ ഒരു ജര്‍മ്മന്‍ സര്‍ക്കാരിന്റെ പിന്തുണയോടെ യൂറോ സോണ്‍ പരിഷ്‌കാരങ്ങളുമായി മുന്നോട്ട് പോകാനുള്ള ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ശ്രമങ്ങള്‍ക്കും ബര്‍ലിനിലെ സംഭവവികാസങ്ങള്‍ തിരിച്ചടിയായിട്ടുണ്ട്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: