കവര്‍ രൂപകല്‍പനയിലെ തകരാര്‍: എസ്ബിഐ ഇടപാടുകാരുടെ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്

 

വ്യക്തിഗത വിവരങ്ങള്‍ ചോരുന്ന വിധത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തപാല്‍ കവറുകളില്‍ സുരക്ഷാ വീഴ്ചയെന്ന് റിപ്പോര്‍ട്ട്. നികുതി റിട്ടേണ്‍ ചെക്കുകള്‍ നല്‍കുന്നതിനുള്ള എസ്ബിഐയുടെ തപാല്‍ കവറുകളുടെ രൂപകല്‍പനയിലുള്ള വീഴ്ചയാണ് സുപ്രധാനമായ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാനുള്ള വഴിയൊരുക്കുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതിനെ തുടര്‍ന്ന് കവറുകളുടെ രൂപകല്‍പനയില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് എസ്ബിഐ വ്യക്തമാക്കി.

പാന്‍ വിവരങ്ങളും ടെലിഫോണ്‍ നമ്ബറുകളും മറ്റുള്ളവര്‍ക്ക് എളുപ്പത്തില്‍ കാണാവുന്ന വിധത്തിലാണ് കവറിന്റെ രൂപകല്‍പന. ഇടപാടുകാരുടെ വിവരങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ ഇത് ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടി സാമൂഹ്യപ്രവര്‍ത്തകനായ ലോകേഷ് ബത്രയാണ് പ്രശ്‌നം റിസര്‍വ് ബാങ്കിന്റെ ശ്രദ്ധയില്‍ പെടുത്തിയത്. സുരക്ഷിതമല്ലാത്ത കവറുകള്‍ ഉപയോഗിക്കുന്നതുമൂലം ഇടപാടുകാരുടെ വിവരങ്ങള്‍ എസ്ബിഐ പരസ്യപ്പെടുത്തുന്നതായും ഇത് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്നും ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന് നല്‍കിയ പരാതിയില്‍ ലോകേഷ് ബത്ര ചൂണ്ടിക്കാണിക്കുന്നു.

ഈ സുരക്ഷാ വീഴ്ച വലിയ തോതിലുള്ള ഇടപാടുകാരുടെ വിവരങ്ങള്‍ മറ്റുള്ളവരുടെ കൈകളില്‍ എത്തിച്ചേരുന്നതിന് ഇടയാക്കുമെന്നും പരാതിയില്‍ പറയുന്നു. പരാതിയെ തുടര്‍ന്ന് റിസര്‍വ് ബാങ്ക് വിഷയത്തില്‍ ഇടപെടുകയും എസ്ബിഐയോട് വിശദീകരണം ചോദിക്കുകയും ചെയ്തു. തുടര്‍ന്നാണ് കവറുകള്‍ സുരക്ഷാ പിഴവുകളില്ലാതെ പുതുതായി രൂപകല്‍പന ചെയ്യുമെന്ന് എസ്ബിഐ റിസര്‍വ് ബാങ്കിനെ അറിയിച്ചത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: