കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനായി രാഹുല്‍ ഗാന്ധിയെ ഈ മാസം 11 ന് ഔദ്യോഗികമായി പ്രഖ്യാപിക്കും

 

പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന സമയമായ ഇന്ന് ഉച്ചക്ക് മൂന്നു മണിവരെ മറ്റാരുടെയും പത്രിക സമര്‍പ്പിക്കപ്പെടാത്ത സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയെ പാര്‍ട്ടിയുടെ അധ്യക്ഷനായി പ്രഖ്യാപിക്കാനുള്ള സാങ്കേതിക നടപടികള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. പത്രികസമര്‍പ്പിക്കാനുള്ള അവസാന തിയതി ഡിസംബര്‍ 11 ആണ്. അന്ന് വൈകുന്നേരം പ്രസിഡന്റ് സ്ഥാനത്തേക്ക് മറ്റാരും പത്രിക നല്‍കാത്തതിനാല്‍ പുതിയ പ്രസിഡന്റായി രാഹുലിനെ പ്രഖ്യാപിക്കും.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി ഇന്ന് രാവിലെയാണ് പാര്‍ട്ടിയുടെ ഉന്നതനേതാക്കള്‍ക്കൊപ്പമെത്തി വരണാധികാരിയായ മുല്ലപ്പള്ളി രാമചന്ദ്രന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. പ്രവര്‍ത്തകസമിതി അംഗങ്ങള്‍ അടക്കം മുതിര്‍ന്ന മുപ്പത് നേതാക്കള്‍ രാഹുലിന്റെ പത്രികയില്‍ ഒപ്പിട്ടിട്ടുണ്ട്.

മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയെയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെയും സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയശേഷമായിരുന്നു രാഹുല്‍ പത്രിക സമര്‍പ്പണത്തിന് കോണ്‍ഗ്രസ് ആസ്ഥാനത്ത് എത്തിയത്. മന്‍മോഹന്‍ സിംഗ് അടക്കമുള്ള നേതാക്കള്‍ രാഹുലിനൊപ്പമെത്തിയിരുന്നു. ശാരീരിക അവശതകളാല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയും ആശുപത്രിയില്‍ ചികിത്സയിലായതിനാല്‍ മുതിര്‍ന്ന നേതാവായ എകെ ആന്റണിയും നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന് രാഹുലിനൊപ്പമെത്തിയിരുന്നില്ല.

കേരളത്തില്‍ നിന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് എംഎം ഹസനും പത്രികാ സമര്‍പ്പണത്തിന് രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. മൂന്ന് പത്രികകളാണ് കേരളത്തില്‍ നിന്നും സമര്‍പ്പിച്ചത്. രാഹുലിനായി വിവിധ തലങ്ങളില്‍ നിന്നായി തൊണ്ണൂറ് നാമനിര്‍ദേശ പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്. പിസിസികള്‍, പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ രാഹുല്‍ ഗാന്ധിക്കായി വെവ്വേറെ പത്രികകള്‍ നല്‍കിയിരുന്നു.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: