ഓഖി ദുരന്തത്തില്‍ മരണം 32 ആയി; തെരച്ചില്‍ ദൂരപരിധി വര്‍ധിപ്പിച്ചു, കൊച്ചി കേന്ദ്രമാക്കി ദൗത്യം

 

ഓഖി ചുഴലിക്കാറ്റില്‍ മരണസംഖ്യ 32 ആയി. കാണാതായവരില്‍ രണ്ടുപേരുടെ മൃതദേഹം കൂടി ലഭിച്ചു. ആലപ്പുഴ തീരത്തു നിന്നുമാണ് ഒരു മൃതദേഹം കിട്ടിയത്. മറൈന്‍ എന്‍ഫോഴ്സ്മെന്റ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമായി തുടരുകയാണ്. തെരച്ചിലിന്റെ ദൂരപരിധി വര്‍ധിപ്പിക്കാന്‍ തീരുമാനം എടുത്തിട്ടുണ്ട്. 200 നോട്ടിക്കല്‍ മൈല്‍ അകലെവരെ തിരച്ചില്‍ വ്യാപിപ്പിക്കാന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. കാലാവസ്ഥ അനുകൂലമായതിനാല്‍ തെരച്ചില്‍ ഇനി മുതല്‍ കൂടുതല്‍ സുഗമമാകുമെന്നാണ് പ്രതീക്ഷ തെരച്ചിലിനായി മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ 10 കപ്പലുകള്‍ പുറപ്പെട്ടിട്ടുണ്ട്. അഞ്ചെണ്ണം കേരള തീരത്തും അഞ്ചെണ്ണം ലക്ഷദ്വീപ് തീരത്തുമാണ് തെരച്ചില്‍ നടത്തുന്നത്. പൂന്തുറയില്‍ നിന്നുള്ള 16 മത്സ്യത്തൊഴിലാളികളേയും തെരച്ചില്‍ സംഘത്തില്‍ ഉള്‍പ്പെടുത്തി. ഉന്നതതല യോഗത്തിലെ തീരുമാനത്തെ തുടര്‍ന്നാണ് മത്സ്യത്തൊഴിലാളികളേയും സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. ഇതുവരെ 550 ഓളം പേരെ രക്ഷപ്പെടുത്തി. നൂറോളം പേരെ ഇനിയും കണ്ടെത്താനുണ്ട് എന്നാണു വിവരം.

ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം അഞ്ചു ദിവസം കഴിഞ്ഞിട്ടും തുടരുകയാണ്. കഴിഞ്ഞ ദിവസം മാത്രം മുപ്പതിലേറെ പേരെ സംസ്ഥാനത്ത് നിന്ന് രക്ഷപ്പെടുത്താനായി. തെരച്ചിലും രക്ഷാപ്രവര്‍ത്തനവും കൊച്ചി കേന്ദ്രീകരിച്ച് ഊര്‍ജിതമാക്കാനാണ് തീരുമാനം. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥരും വിവിധ സേനാംഗങ്ങളും കഴിഞ്ഞ ദിവസം തന്നെ ഇതു സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിരുന്നു. തെരച്ചില്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി തെരച്ചിലിന്റെ ദൂരപരിധി വര്‍ധിപ്പിക്കാനും തീരുമാനം ഉണ്ട്. തെരച്ചില്‍ ആറാം ദിവസം കടക്കുമ്പോള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ കേരളത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ എത്തിച്ചേരുന്നുവെന്ന വിവരം പുറത്തു വരുന്നത് തീരദേശത്ത് ആശ്വാസം നല്‍കുന്നുണ്ട്.

നേരത്തെ, കാണാതായ മത്സ്യത്തൊഴിലാളികള്‍ അടങ്ങുന്ന ഒരു ബോട്ട് ഗോവന്‍ തീരത്തെത്തിയിരുന്നു. തമിഴ്‌നാട്ടില്‍ നിന്നുമുള്ള ബോട്ടാണ് ഗോവന്‍ തീരത്തെത്തിയത്. ഏഴ് മലയാളികളും, രണ്ട് തമിഴ്‌നാട്ടുകാരും ആറ് ഉത്തരേന്ത്യക്കാരുമാണ് ബോട്ടിലുള്ളതെന്നാണ് വിവരം. മലയാളികളെല്ലാം വിഴിഞ്ഞം സ്വദേശികളാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കേരളത്തില്‍ വീശിയടിച്ച ഓഖി ചുഴലിക്കാറ്റ് മഹാരാഷ്ട്ര തീരത്തേക്ക് നീങ്ങുന്നതിനിടെ കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ 40 മത്സ്യബന്ധനബോട്ടുകള്‍ ഗുജറാത്ത് തീരത്ത് അടുത്തിരുന്നു. ഗുജറാത്തിലെ വെരാവല്‍ തീരത്താണ് ബോട്ടുകള്‍ അടുത്തത്.

ബോട്ടുകളിലുണ്ടായിരുന്ന 516 തൊഴിലാളികള്‍ സുരക്ഷിതരാണ്. കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍നിന്നുള്ള മല്‍സ്യത്തൊഴിലാളികളും കൂട്ടത്തിലുണ്ട്. ഇവരെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിയതായി തീരസംരക്ഷണ സേന അറിയിച്ചു. കഴിഞ്ഞ ദിവസം കേരളത്തിലെ 66 ബോട്ടുകളും തമിഴ്‌നാട്ടിലെ 2 ബോട്ടുകളും മഹാരാഷ്ട്ര തീരത്ത് അടുത്തിരുന്നു. ഇവയില്‍ 952 മത്സ്യത്തൊഴിലാളികളാണുള്ളത്.

അതേസമയം, ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ഇന്ന് വൈകിട്ടോടെ തമിഴ്നാട് – ആന്ധ്ര തീരങ്ങള്‍ക്ക് ഇടയിലെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇത് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാനിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.
കടലില്‍ പോയ മത്സ്യത്തൊഴിലാളികളോട് ഉടന്‍ തിരിച്ചെത്താന്‍ രണ്ട് ദിവസം മുന്‍പേ മുന്നറിയിപ്പ് നല്‍കിയിരുന്നു.ന്യൂനമര്‍ദം ശക്തിയാര്‍ജിച്ച് ചുഴലിക്കാറ്റായാല്‍ അതിന് സാഗര്‍ എന്നാകും പേര് നല്‍കുക. ന്യൂനമര്‍ദത്തിന്റെ ഫലമായി തമിഴ്നാട്-ആന്ധ്ര തീരമേഖലയില്‍ വ്യാപകമായി മഴ പെയ്യാന്‍ സാധ്യതയുണ്ട്.

ഡികെ

 

Share this news

Leave a Reply

%d bloggers like this: