ഗുജറാത്തില്‍ പോരാട്ടം മുറുകുന്നു; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

 

ഗുജറാത്തില്‍ ആദ്യഘട്ട വോട്ടെടുപ്പു പ്രചാരണത്തിന് ഇന്നു കലാശക്കൊട്ട്. സൗരാഷ്ട്ര മേഖലയില്‍ ഭരണവിരുദ്ധ വികാരം ശക്തമാണെന്നാണു സൂചന. പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഹുല്‍ ഗാന്ധിയും ഗുജറാത്തില്‍ ക്യാമ്പ് ചെയ്യുകയാണ്. ഭരണം നിലനിര്‍ത്താന്‍ ബിജെപിയും ഭരണം പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസും പ്രചരണം ശക്തമാക്കിയിരുന്നു.

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കിക്കൊണ്ട് അഭിപ്രായ സര്‍വേ ഫലങ്ങള്‍ പുറത്തുവന്നു. എബിപി- സിഎസ്ഡിഎസ് തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തി സര്‍വേയിലാണ് കോണ്‍ഗ്രസിന്റെ തന്ത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുള്ളത്. കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തിയേക്കുമെന്ന സൂചനകളും സര്‍വേയില്‍ പറയുന്നുണ്ട്. ഗുജറാത്തിലെ ഗതി കോണ്‍ഗ്രസിന് അനുകൂലമാണെന്നും കഴിഞ്ഞ ആഗസ്ത് മുതല്‍ കോണ്‍ഗ്രസിന് 14 വോട്ടര്‍മാരുടെ അധിക പിന്തുണയുണ്ടെന്നും എബിപി- സിഎസ്ഡിഎസ് സര്‍വേ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം ലോക്‌നീതി – സി എസ് ഡി എസ് – എ ബി പി സര്‍വ്വേ ഫലങ്ങള്‍ കോണ്‍ഗ്രസിനും ബി ജെ പിക്കും ഗുജറാത്തില്‍ തുല്യസാധ്യത പ്രവചിക്കുന്നുണ്ട്. കഴിഞ്ഞ നാല് മാസമായി ബി ജെ പി ക്ക് ഗുജറാത്തില്‍ വളര്‍ച്ച കുറയുന്നു എന്നാണ് ലോക്‌നീതി – സി എസ് ഡി എസ് – എ ബി പി സര്‍വ്വേ പറയുന്നത്. ഇക്കാലം കൊണ്ട് 16 ശതമാനം വോട്ട് ഷെയറാണ് ബി ജെ പിക്ക് നഷ്ടമായത്. ഇതേ സര്‍വ്വേ പ്രകാരം ആഗസ്ത് മാസത്തില്‍ ബി ജെ പിയുടെ വോട്ട് ഷെയര്‍ 59 ശതമാനമായിരുന്നു. ഇപ്പോഴിത് 43 ശതമാനമായി കുറഞ്ഞു.

ബി ജെ പിയുടെ നഷ്ടം സ്വാഭാവികമായും കോണ്‍ഗ്രസിനാണ് നേട്ടമാകുന്നത്. ആഗസ്ത് മാസത്തെ അപേക്ഷിച്ച് നവംബര്‍ അവസാനത്തെ ആഴ്ചയില്‍ കോണ്‍ഗ്രസിന്റെ വോട്ട് ശതമാനം മുകളിലേക്കാണ്. ആഗസ്തില്‍ 29 ശതമാനമായിരുന്ന കോണ്‍ഗ്രസിന്റെ വോട്ട് ശതമാനം ഇപ്പോള്‍ 14 ശതമാനം കൂടി 43 ശതമാനത്തിലെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതിയിലും വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്. 82 ശതമാനം ആളുകളും ആഗസ്ത് മാസത്തില്‍ മോദിയെ ഇഷ്ടപ്പെട്ടിരുന്നെങ്കില്‍ ഇപ്പോള്‍ 18 ശതമാനം കുറഞ്ഞ് 64ല്‍ എത്തി. പ്രധാനമന്ത്രിയായിട്ടും ഗുജറാത്തില്‍ തലങ്ങും വിലങ്ങും പ്രചാരണ പരിപാടികള്‍ നടത്തിയിട്ടും ഇതാണ് സ്ഥിതി.

കോണ്‍ഗ്രസ് പ്രസിഡണ്ടാകാന്‍ കോട്ട് തയ്പിച്ചിരിക്കുന്ന രാഹുല്‍ ഗാന്ധിക്ക് ആശ്വാസം പകരുന്നതാണ് ഗുജറാത്തിലെ സര്‍വ്വേ ഫലങ്ങള്‍. 40 ശതമാനം പേരാണ് ആഗസ്തില്‍ രാഹുലിന് അനുകൂലമായി സംസാരിച്ചതെങ്കില്‍ നവംബര്‍ അവസാനവാരം ആകുമ്പോഴേക്കും ഇത് 57 ശതമാനമായി. നവംബര്‍ 23 മുതല്‍ 30 വരെയായിട്ടാണ് ലോക്‌നീതി – സി എസ് ഡി എസ് – എ ബി പി സര്‍വ്വേ നടന്നത്. ആഗസ്തില്‍ 50 ശതമാനം സ്ത്രീകള്‍ ബി ജെ പിയെ പിന്തുണച്ചിരുന്നെങ്കില്‍ ഇപ്പോഴത് 44 ശതമാനമായി കുറഞ്ഞു. കോണ്‍ഗ്രസിന് 42 ശതമാനം സ്ത്രീകളുടെ പിന്തുണയുണ്ട്.

കോണ്‍ഗ്രസിനെ തിരിച്ച് ഗുജറാത്തില്‍ അധികാരത്തിലെത്തിക്കാന്‍ സഹായിക്കുന്നത് നാല് ഘടകങ്ങളാണ്. ഹിന്ദു വിരുദ്ധ പ്രതിഛായ തുടച്ചു നീക്കുന്നതില്‍ കോണ്‍ഗ്രസ് വിജയിച്ചിട്ടുണ്ട്. ഇതിന് പുറമേ തിരഞ്ഞെടുപ്പ് ചിത്രത്തിലേയ്ക്ക് പുറത്തുനിന്നുള്ളവരുടെ കടന്നുവരവിനെ ഇല്ലാതാക്കുന്നതില്‍ വിജയിച്ച കോണ്‍ഗ്രസ് വീടുകള്‍ തോറും തിരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ കഴിഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രിയ്‌ക്കെതിരെ പ്രതികരിക്കാന്‍ കോണ്‍ഗ്രസ് രാഹുലിനും ഹര്‍ദിക് പട്ടേലിനും നല്‍കിയ ഇടമാണ് നാലാമത്തെ ഘടകം. പാര്‍ട്ടിയ്ക്ക് ഹിന്ദുത്വ മുഖം കൊണ്ടുവരാനുള്ള തീരുമാനം രാഹുല്‍ ഗാന്ധി, അശോക് ഘെലോട്ട് എന്നിവര്‍ പങ്കെടുത്ത യോഗത്തിലായിരുന്നു. ബിജെപിയോട് പൊരുതി നില്‍ക്കുന്നതിന് കോണ്‍ഗ്രസ് പയറ്റിയ ഒരു തന്ത്രം കൂടിയായിരുന്നു കോണ്‍ഗ്രസിനിത്. രാഹുല്‍ ഗാന്ധിയെ ഹിന്ദു മതവിശ്വാസിയായി ചിത്രീകരിക്കാനും മുസ്ലിങ്ങളോട് അവരുടെ വ്യക്തിത്വത്തെ ബാധിക്കാതെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കാളികളാവാനും ആവശ്യപ്പെടുന്നതായിരുന്നു കോണ്‍ഗ്രസ് നീക്കം.

രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ഡിസംബര്‍ ഒമ്പതിനും രണ്ടാം ഘട്ടം ഡിസംബര്‍ 14 നുമാണ് നടക്കുക. കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള കടുത്ത മത്സരത്തിന് സാക്ഷ്യം വഹിക്കുന്ന തിരഞ്ഞെടുപ്പില്‍ പട്ടേല്‍- ഒബിസി- ദളിത് നേതാക്കളുടെ പിന്തുണയാണ് കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നത്. ബിജെപി വിരുദ്ധ വികാരമാണ് കോണ്‍ഗ്രസിന് തുണയാവുകയെന്നാണ് സൂചനകള്‍.

ഡികെ

 

Share this news

Leave a Reply

%d bloggers like this: