ബിറ്റ് കോയിന്‍ വില കുതിച്ചുയരുന്നു; മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും, യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും

 

ഡിജിറ്റല്‍ ക്രിപ്റ്റോ കറന്‍സിയായ ‘ബിറ്റ് കോയിന്‍’ പുതിയ ഉയരം കുറിച്ചു. വ്യാഴാഴ്ച ഇതിന്റെ മൂല്യം 11,850 ഡോളറിലെത്തി. അതായത്, ഏതാണ്ട് 7.65 ലക്ഷം രൂപ. ഈ വര്‍ഷം തുടക്കത്തില്‍ 1,000 ഡോളറിന് താഴെയായിരുന്നു ബിറ്റ്കോയിന്റെ മൂല്യം. മാസങ്ങള്‍കൊണ്ട് 12 മടങ്ങാണ് മൂല്യത്തിലുണ്ടായ കുതിപ്പ്. ഈ വര്‍ഷത്തിന്റെ തുടക്കം മുതലാണ് ബിറ്റ് കോയിന്‍ അവിശ്വസനീയമായ രീതിയില്‍ വളര്‍ച്ച പ്രാപിച്ച് തുടങ്ങിയത്.

2008-09 കാലയളവില്‍ നിലവില്‍ വന്ന ബിറ്റ്കോയിന്‍ ചുരുങ്ങിയ കാലംകൊണ്ടുതന്നെ ജനപ്രിയമായി മാറുകയായിരുന്നു. ഒട്ടേറെ ചെറുപ്പക്കാര്‍ ഇപ്പോള്‍ ബിറ്റ്കോയിനില്‍ നിക്ഷേപം നടത്തുന്നുണ്ട്. ഓഹരികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നതു പോലെ ഇതില്‍ വ്യാപാരം നടത്തുന്നവരുടെ എണ്ണവും കൂടി വരികയാണ്.

എന്നാല്‍ ബിറ്റ്കോയിന്‍ ഉള്‍പ്പെടെയുള്ള വെര്‍ച്വല്‍ കറന്‍സികള്‍ക്ക് ഒരു ആസ്തിയുടെ പിന്‍ബലവുമില്ലെന്നും വെറും ഊഹക്കച്ചവടത്തിലുണ്ടാകുന്ന മൂല്യം മാത്രമാണ് അവയുടേതെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. സമീപകാലത്തുതന്നെ വലിയ ചാഞ്ചാട്ടങ്ങള്‍ ക്രിപ്റ്റോ കറന്‍സികളുടെ മൂല്യത്തില്‍ ഉണ്ടായിട്ടുണ്ട്. ഇത്തരം ചാഞ്ചാട്ടങ്ങളില്‍ നിക്ഷേപകര്‍ക്ക് വലിയ നഷ്ടമുണ്ടാകാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഏതെങ്കിലും രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകളുടെയോ അല്ലെങ്കില്‍ സര്‍ക്കാരുകളുടെയുമൊന്നും നിയന്ത്രണത്തിലല്ല ഓണ്‍ലൈന്‍ കറന്‍സികളെന്നും ആര്‍.ബി.ഐ ഓര്‍മ്മിപ്പിച്ചു. ഏതാനും ദിവസങ്ങളായി ഓണ്‍ലൈന്‍ കറന്‍സി വിപണികളില്‍ ബിറ്റ്കോയിന്റെ വില കുതിക്കുകന്ന സാഹചര്യത്തിലാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയത്.

ആഴ്ചകള്‍ക്ക് മുന്‍പ് യൂറോപ്പ്യന്‍ സെന്‍ട്രല്‍ ബാങ്കും സമാന രീതിയിലുള്ള മുന്നറിയിപ്പ് നല്‍കിയിരുന്നു. നിയന്ത്രണങ്ങള്‍ ഇല്ലാത്ത വിപണി ആയതിനാല്‍ ഇത്രയും കൂടി നില്‍ക്കുന്ന വിലയില്‍ ബിറ്റ് കോയിന്‍ വാങ്ങുന്നവര്‍ക്ക് വന്‍ നഷ്ടം സംഭവിക്കാന്‍ സാദ്ധ്യത ഉണ്ടെന്ന മുന്നറിയിപ്പ് ഇസിബി നല്‍കിയിരുന്നു.

ലോകത്ത് മുഴുവന്‍ 1.6 കോടി ബിറ്റ്കോയിന്‍ നാണയങ്ങള്‍ മാത്രമാണ് ഉള്ളത്. ഇതിന്റെ ആസ്തി 2.1 കോടി കവിയാന്‍ പാടില്ലെന്ന് ബിറ്റ്കോയിന്റെ പ്രോട്ടോക്കോളില്‍ സൂചിപ്പിച്ചിട്ടുണ്ട്. ലഭ്യത കുറഞ്ഞ ഒരു വസ്തുവിന് കൂടുതല്‍ ആവശ്യക്കാരുണ്ടാകുമ്പോള്‍ വില കുതിച്ചുയരുക സ്വാഭാവികമാണ്. അതിനാല്‍ത്തന്നെ ബിറ്റ്കോയിന്‍ ഏതു നിമിഷവും പൊട്ടാവുന്ന ഒരു കുമിളയാണ്. അതേസമയം, പുതുയുഗത്തിന്റെ കറന്‍സിയാണ് ബിറ്റ്കോയിനെന്ന് മറുഭാഗം വാദിക്കുന്നു. അതിനാല്‍ ത്തന്നെ ബിറ്റ്കോയിന്റെ ഡിമാന്‍ഡ് നാള്‍ക്കുനാള്‍ ഉയരുമെന്നും അതിനനുസരിച്ച് വില വര്‍ധിച്ചു കൊണ്ടിരിക്കുമെന്നും അവര്‍ പറയുന്നു.

ഭരണകൂടത്തിന്റെ അംഗീകാരമോ കേന്ദ്ര ബാങ്കിന്റെ നിയന്ത്രണമോ ഇല്ലാതെ ലോകം മുഴുവന്‍ ക്രയവിക്രയം ചെയ്യുന്ന കറന്‍സിയാണ് ഇത്. ‘ക്രിപ്‌റ്റോ കറന്‍സി’ എന്നാണ് ഇതിനെ പൊതുവില്‍ വിളിക്കുന്നത്. ഗൂഢാക്ഷര ലേഖനവിദ്യയാണ് ക്രിപ്‌റ്റോ. അതിനാല്‍, ഇതിനെ ‘നിഗൂഢ കറന്‍സി’ എന്നാണ് വിശേഷിപ്പിക്കുന്നത്. സങ്കീര്‍ണ ഗണിതശാസ്ത്രത്താലും കംപ്യൂട്ടര്‍ എന്‍ജിനീയറിങ്ങിനാലും നയിക്കപ്പെടുന്നതാണ് ക്രിപ്‌റ്റോ കറന്‍സികള്‍.
‘സ്റ്റോഷി നകാമോട്ടോ’ എന്ന് സ്വയം വിളിച്ചിരുന്ന അജ്ഞാതനായ ഒരാളാണ് 2008-ല്‍ ബിറ്റ്‌കോയിന്‍ എന്ന വെര്‍ച്വല്‍ കറന്‍സി വികസിപ്പിച്ചത്. ഇത് അച്ചടിച്ച കറന്‍സിയല്ല. അതിനാലാണ് വെര്‍ച്വര്‍ കറന്‍സിയെന്ന് വിശേഷിപ്പിക്കുന്നത്.

ഇന്ന് ലോകത്ത് വ്യാപാരം ചെയ്യപ്പെടുന്ന മുഴുവന്‍ ബിറ്റ്‌കോയിന്‍ നാണയങ്ങളുടെയും കൂടി മൊത്തം വിപണിമൂല്യം 27,700 കോടി ഡോളറിന് മേലെയാണ്. അതായത്, ലോകത്തിലെ ഏറ്റവും വലിയ ശതകോടീശ്വരന്‍മാരിലൊരാളായ വാരന്‍ ബഫെറ്റിന്റെ ആസ്തിയെക്കാള്‍ കൂടുതല്‍. ന്യൂസിലന്‍ഡ് പോലുള്ള രാജ്യങ്ങളുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തെക്കാള്‍ കൂടുതലാണിത്.

 

ഡികെ

 

 

Share this news

Leave a Reply

%d bloggers like this: