കനത്ത മഞ്ഞ് വീഴ്ച; രാജ്യവ്യാപകമായി കാലാവസ്ഥ മുന്നറിയിപ്പ് നല്‍കി മെറ്റ് ഐറാന്‍; ഗാല്‍വേ ഒഴിച്ച് മറ്റെല്ലാ സ്ഥലങ്ങളിലും മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

 

അയര്‍ലണ്ട് കൊടും തണുപ്പിലേക്ക് നീങ്ങുന്നു. മഞ്ഞ് വീഴ്ച കനത്തതോടെ മെറ്റ് ഐറാന്‍ രാജ്യവ്യാപകമായി കാലാവസ്ഥ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കാവന്‍, മോനഗന്‍, ഡൊണോഗല്‍, ലൈട്രിം, മായോ, സ്ലിഗോ എന്നീ കൗണ്ടികളില്‍ വെള്ളിയാഴ്ച രാത്രി എട്ട് മണി വരെ ഓറഞ്ച് വാണിങ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പുറമെ മറ്റ് 17 സ്ഥലങ്ങളില്‍ യെല്ലോ വാണിങ്ങും പ്രഖ്യാപിച്ചിട്ടുണ്ട്. കോര്‍ക്, ക്ലേര്‍, കെറി, ലിമെറിക്ക്, ടിപ്പെറരി, വാട്ടര്‍ഫോര്‍ഡ്, ഡബ്ലിന്‍, കാര്‍ലോ, കില്‍ഡയര്‍ , കില്‍ക്കെന്നി, ലോയ്‌സിസ്, ലൗത്ത്, വെക്‌സ്‌ഫോര്‍ഡ്, വിക്ലോ, ഓഫാലി, വെസ്റ്റമീത്ത്, മീത്ത്, റോസ്‌കോണ്‍ തുടങ്ങിയ കൗണ്ടികളാണ് ഈ പുതിയ മുന്നറിയിപ്പില്‍ ഉള്‍പ്പെടുന്നത്. അതായത് ഗാല്‍വേ ഒഴിച്ച് അയര്‍ലന്റിലെ മറ്റെല്ലാ കൗണ്ടികളും കാലാവസ്ഥ മുന്നറിയിപ്പിലാണ്.

സമുദ്ര നിരപ്പില്‍ നിന്ന് 3 സെന്റിമീറ്ററില്‍ കൂടുതല്‍ ഉയരത്തിലാണ് മഞ്ഞ് വീഴ്ച. ഈ വര്‍ഷത്തെ റെക്കോഡ് മഞ്ഞുവീഴ്ചയായിരിക്കും എന്നാണ് മുന്നറിയിപ്പ്. ഏറ്റവും കുറഞ്ഞ താപനില -2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. ഇന്ന് രാത്രി രാജ്യത്തെ മിക്ക പ്രദേശങ്ങളിലും താപനില പൂജ്യത്തില്‍ താഴെയാകും, അടുത്ത 10 ദിവസങ്ങളില്‍ ഇതേ ശൈത്യം തുടരുമെന്നും മെറ്റ് ഐറാന്‍ കാലാവസ്ഥ നിരീക്ഷകനായ ഈഗിള്‍ട്ടണ്‍ പറയുന്നു.

വാഹനവുമായി പുറത്തിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ഗാര്‍ഡ മുന്നറിയിപ്പു നല്‍കുന്നുണ്ട്. കനത്ത മഞ്ഞ് റോഡിലെങ്ങും ഉള്ളതിനാല്‍ മുന്നിലുള്ള കാഴ്ച പോലും മറയ്ക്കുന്നുണ്ട്. ഈ സമയത്ത് ഡ്രൈവിങ് ഏറെ അപകടകരമാണെന്നാണ് പറയുന്നത്. ഹെഡ് ലൈറ്റ് ഡിം ചെയ്ത്, ഫോഗ് ലൈറ്റ് ഓണാക്കി, മുന്നിലുള്ള വാഹനവുമായി കൃത്യം അകലം പാലിച്ചു മാത്രമേ വാഹനമോടിക്കാവൂ. കഴിവതും കുറച്ചു വേഗതയില്‍ മാത്രം വാഹനം ഓടിക്കുക. അത്യാവശ്യമില്ലെങ്കില്‍ സൈക്കിളിലും മറ്റുമുള്ള യാത്രയും കാല്‍നടയും ഒഴിവാക്കുക.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: