ജെറുസലേം തലസ്ഥാനമാറ്റം; പലസ്തീന്‍ ജനത യാഥാര്‍ത്ഥ്യമുള്‍ക്കൊള്ളണമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

 

ഇസ്രയേലിന്റെ തലസ്ഥാന മാറ്റ വിഷയുമായി ബന്ധപ്പെട്ട് പലസ്തീന്‍ ജനത യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ തയാറാകാണമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച് തങ്ങളുടെ എംബസി അങ്ങോട്ട് മാറ്റാന്‍ തീരുമാനിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടിയെ തുടര്‍ന്ന് മേഖലയിലുണ്ടായ സംഘര്‍ഷം തുടരുന്നതിനിടെയാണ് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന വന്നിരിക്കുന്നത്.

പലസ്തീന്‍ ജനത യഥാര്‍ഥ്യം ഉള്‍ക്കൊള്ളണം. അധികം വൈകാതെ അവര്‍ക്ക് തീരുമാനം അംഗീകരിക്കേണ്ടി വരും. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കപ്പെടുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി വ്യക്തമാക്കി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു നെതന്യാഹു

തങ്ങളുടെ രാജ്യതലസ്ഥാനമായി ജറുസലേമിനെയാണ് ഇസ്രായേല്‍ കണക്കാക്കുന്നതെങ്കിലും ഇസ്രയേലിലെ ടെല്‍ അവീവില്‍ തന്നെയാണ് ലോകരാജ്യങ്ങള്‍ തങ്ങളുടെ രാജ്യത്തിന്റെ എംബസികള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. തങ്ങളുടെ രാജ്യം പൂര്‍ണരൂപത്തില്‍ നിലവില്‍ വരുമ്പോള്‍ അതിന്റെ തലസ്ഥാനമായി പലസ്തീന്‍ ജനത കണക്കാക്കുന്നത് ജറുസലേമിനെയാണ്. ഈ സാഹചര്യത്തില്‍ തങ്ങളുടെ അധീനതയിലുള്ള പടിഞ്ഞാറന്‍ ജറുസലേമിനെ രാജ്യതലസ്ഥാനമാക്കാനുള്ള ഇസ്രയേല്‍ നീക്കത്തെ പലസ്തീനും മറ്റ് ലോകരാജ്യങ്ങളും അംഗീകരിച്ചിരുന്നില്ല.

എന്നാല്‍ അമേരിക്ക നേരത്തെ ഇതിന് അംഗീകാരം നല്‍കുകയും തങ്ങളുടെ എംബസി ടെല്‍ അവീവില്‍ നിന്ന് ജറുസലേമിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മേഖലയിലെ പ്രത്യേക സാഹചര്യം മുന്‍നിര്‍ത്തി മാറിമാറിവന്ന അമേരിക്കന്‍ പ്രസിഡന്റുമാര്‍ ഈ തീരുമാനം നടപ്പാക്കുന്നത് തങ്ങളുടെ പ്രത്യേക അധികാരമുപയോഗിച്ച് നീട്ടിവച്ചുകൊണ്ടിരിക്കുകയായിരുന്നു.

ഓരോ ആറുമാസവും ഇങ്ങനെ തീരുമാനം നീട്ടിവച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ ഇത്തവണ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തലസ്ഥാനമാറ്റം നടപ്പാക്കുന്നത് നീട്ടിവച്ചുകൊണ്ടുള്ള ഉത്തരവില്‍ ഒപ്പുവയ്ക്കാതിരിക്കുകയും തുടര്‍ന്ന് തലസ്ഥാനം മാറ്റാനുള്ള നേരത്തെതന്നെയുള്ള തീരുമാനം നടപ്പാക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ഇതേതുടര്‍ന്നാണ് പശ്ചിമേഷ്യന്‍ മേഖലയില്‍ വീണ്ടും സംഘര്‍ഷം ആരംഭിച്ചത്.

 

 

 

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: