പ്രവാസികളുടെ എണ്ണത്തില്‍ ആഗോള തലത്തില്‍ ഇന്ത്യയ്ക്ക് പ്രഥമ സ്ഥാനം; 15.6 മില്യണ്‍ ഇന്ത്യക്കാര്‍ വിദേശങ്ങളില്‍ കഴിയുന്നു

 

അന്യ രാജ്യത്തേക്കു കുടിയേറുന്ന കാര്യത്തില്‍ ഇന്ത്യയെ വെല്ലാന്‍ ലോകത്ത് മറ്റൊരു രാജ്യമില്ല. 15. 6 മില്യണിലധികം ഇന്ത്യക്കാര്‍ വിദേശങ്ങളില്‍ കഴിയുന്നുണ്ടെന്നാണ് കണക്ക്. ജന്മദേശത്തിനു പുറത്ത് ആഗോള തലത്തില്‍ 243 മില്യണ്‍ ജനങ്ങള്‍ പ്രവാസികളായി കഴിയുന്നുണ്ടെന്നാണ് 2015 ലെ യു.എന്‍ കണക്കുകള്‍ പറയുന്നത്. ആഗോള പ്രവാസികളുടെ എണ്ണത്തില്‍ ആറു ശതമാനത്തോളം ഇന്ത്യന്‍ പ്രവാസികള്‍ വരുന്നുണ്ട്. 2010 നെ അപേക്ഷിച്ച് പ്രവാസികളുടെ എണ്ണത്തില്‍ 10 ശതമാനം വര്‍നയുണ്ടായതായി അടുത്തയിടെ പുറത്തു വിട്ട കണക്കുകളില്‍ പറയുന്നു.

ആഗോള ജനസംഖ്യ 7.3 ബില്യണായിരിക്കെ, മുപ്പതു പേരില്‍ ഒരാള്‍ വീതം കുടിയേറ്റക്കാരനാണെന്നാണ് 2015 ലെ കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നത്. ലോക ജനസംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ പ്രവാസികളുടെ എണ്ണത്തില്‍ വലിയ വര്‍ധന ഉണ്ടായിട്ടില്ല. 2010 ല്‍ ലോകജനസംഖ്യയുടെ 3.2 ശതമാനമായിരുന്നു പ്രവാസികളെങ്കില്‍ 2015 ല്‍ അത് 3.3 ശതമാനമായി. യു.എന്‍ ഏജന്‍സിയായ ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ പോര്‍ മൈഗ്രേഷന്‍ ‘വേള്‍ഡ് മൈഗ്രേഷന്‍ റിപ്പോര്‍ട്ട് 2018’ എന്ന പേരിലാണ് ഈ കണക്കുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ആഗോള തലത്തില്‍ 2015 ലുള്ള പ്രവാസികളില്‍ പകുതിയോളം പേര്‍ ഏഷ്യയിലാണ് ജനിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയ്ക്കു പിന്നില്‍ മെക്സിക്കോയ്ക്കാണ് പ്രവാസികളുടെ കാര്യത്തില്‍ രണ്ടാം സ്ഥാനം. റഷ്യ, ചൈന, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് തൊട്ടുത്ത സ്ഥാനങ്ങളില്‍ വരുന്നത്. 1970 കള്‍ മുതല്‍ ആഗോള പ്രവാസികളുടെ പ്രധാന ലക്ഷ്യകേന്ദ്രം അമേരിക്കയാണ്. അമേരിക്കയില്‍ താമസിക്കുന്ന വിദേശത്തു ജനിച്ച ആളുകളുടെ എണ്ണം 1970 ല്‍ 12 മില്യണായിരുന്നത് 2015 ല്‍ 46.5 മില്യണായി കുതിച്ചുയര്‍ന്നു. ഇതില്‍ രണ്ടു മില്യണോളം ഇന്ത്യക്കാരാണ്.

ഗള്‍ഫ് രാജ്യങ്ങളിലാണ് ഇന്ത്യന്‍ പ്രവാസികളുടെ പ്രധാനപങ്കും കഴിയുന്നത്. യു.എ.ഇ യില്‍ മാത്രം ഇവരുടെ സംഖ്യ 3.5 മില്യണ്‍ വരും. 1.9 ഇന്ത്യക്കാര്‍ സൗദിയിലുണ്ട്. ആഗോള തലത്തില്‍ പല രാജ്യങ്ങളും ഇപ്പോള്‍ കുടിയേറ്റം നിയന്ത്രിക്കുന്നതിനു സ്വീകരിക്കുന്ന നടപടികള്‍ വരും വര്‍ഷങ്ങളില്‍ പ്രവാസികളുടെ ചിത്രം മാറ്റിയെഴുതിയേക്കുമെന്ന് ഇമിഗ്രേഷന്‍ രംഗത്തെ വിദഗ്ധര്‍ പറയുന്നു.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: