ഭരണത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് കത്തോലിക്കാ സഭാ നേതൃത്വം; മതത്തിന്റെ പേരില്‍ രാജ്യത്ത് വളരുന്നത് വിഭാഗീയത

 

ക്രിസ്ത്യന്‍ സമുദായത്തിന് ഭരണത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് ഇന്ത്യയിലെ കത്തോലിക്കാ സഭാ നേതൃത്വം. മതത്തിന്റെ പേരില്‍ രാജ്യത്ത് വിഭാഗീയത വളരുകയാണെന്നും സഭ വ്യക്തമാക്കുന്നു. ഇന്ത്യന്‍ കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് (സിബിസിഐ) പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയസ് മാര്‍ ക്ലീമിസാണ് ദേശീയ മാധ്യമത്തിനനുവദിച്ച അഭിമുഖത്തില്‍ സര്‍ക്കാരിനോടുള്ള അതൃപ്തി രേഖപ്പെടുത്തിയത്.

‘സത്നയില്‍ പുരോഹിതന്‍മാര്‍ക്കും കരോള്‍ സംഘത്തിനും നേരെയുണ്ടായ അതിക്രമം, പുരോഹിതന്‍മാര്‍ക്കെതിരെയുളള കേസുകള്‍, യഥാര്‍ത്ഥ കുറ്റവാളികള്‍ക്ക് പകരം നിരപരാധികളെയും പാവങ്ങളെയും അറസ്റ്റ് ചെയ്യുക തുടങ്ങിയവയെല്ലാം ക്രിസ്ത്യന്‍ സമുദായത്തിന്റെ ഭാഗത്ത് നിന്ന് ചിന്തിക്കുമ്പോള്‍ ഭരണകൂടത്തിലുള്ള ഞങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തുന്ന സംഭവങ്ങളാണ്’ മാര്‍ ക്ലീമിസ് വ്യക്തമാക്കി.

മതവിശ്വാസത്തിന്റെ പേരില്‍ രാജ്യം വിഭജിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഒരു ജനാധിപത്യ രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം അത് നല്ലതല്ല. മതേതര ചട്ടക്കൂടില്‍ ഒരുമിച്ച് നില്‍ക്കുന്ന എന്റെ രാജ്യത്തെ കാണാനാണ് എനിക്കിഷ്ടം. എന്നാല്‍ ഇന്ന് മതത്തിന്റെ പേരില്‍ ഇവിടെ വിഭാഗീയത വളരുകയാണ്. അതിനെതിരെ പോരാടാണം-മാര്‍ ക്ലീമിസ് പറയുന്നു, ക്രിസ്ത്യന്‍ സമുദായത്തിനുനേരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ക്കെതിരെ ബുധനാഴ്ച മാര്‍ ക്ലീമിസിന്റെ നേതൃത്വത്തിലുള്ള സംഘം കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

കഴിഞ്ഞ ആഴ്ചയാണ് സത്ന ജില്ലയില്‍ ക്രിസ്മസ് കരോള്‍ സംഘം ബജ്രംഗ്ദള്‍ പ്രവര്‍ത്തകരുടെ അക്രമത്തിനിരായായത്. മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ചായിരുന്നു അതിക്രമം. തുടര്‍ന്ന് പുരോഹിതരടങ്ങുന്ന മുപ്പതംഗ സംഘത്തെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. ഇവയ്ക്ക് പുറമെ സ്റ്റേഷനിലെത്തിയ പുരോഹിതരുടെ കാര്‍ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ തീയിട്ട് നശിപ്പിച്ചതും ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

സത്ന ആക്രമണസംഭവം മുന്‍കൂട്ടി തീരുമാനിച്ചതായിരുന്നെന്നും മതപരിവര്‍ത്തനം നടത്തുന്നുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും മാര്‍ ക്ലീമിസ് കൂട്ടിച്ചേര്‍ത്തു. ‘ക്രിസ്തുമതം ജാതി,മത,ഭാഷാ ഭേദമന്യേ രാജ്യത്തിന്റെ വളര്‍ച്ചയ്ക്കായി നിലകൊള്ളുന്നതാണ്. സമുദായത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. സത്നയിലേത് ഒറ്റപ്പെട്ട സംഭവമല്ല, നിര്‍ബന്ധിത മതപരിവര്‍ത്തിന്റെ പേരില്‍ രാജ്യത്തെ ക്രിസ്ത്യന്‍ സമൂഹം ആക്രമണം നേരിട്ടുകൊണ്ടിരിക്കുകയാണ്. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം- മാര്‍ ക്ലീമിസ് ആവശ്യപ്പെട്ടു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: