ഓഖി: കേരളത്തില്‍ കാണാനുള്ളത് 261 പേരെയെന്ന് കേന്ദ്രം: മരണസംഖ്യ 75 ആയി.

ഓഖി ദുരന്തത്തില്‍ കേരളത്തില്‍ കാണാനുള്ളവരുടെ കണക്ക് സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കിടയില്‍ ആശയക്കുഴപ്പം. സംസ്ഥാനത്ത് 261 പേരെ കാണാനുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ലോക്സഭയിലാണ് ഇതുസംബന്ധിച്ച കണക്ക് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചത്. അതേസമയം, കേന്ദ്രത്തിന്റെ കണക്കുകള്‍ തെറ്റാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനസര്‍ക്കാര്‍ രംഗത്തെത്തി.

കേരളത്തില്‍ 261 പേരെയും തമിഴ്നാട്ടില്‍ 400 പേരെയും കാണാനുണ്ടെന്നാണ് പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ ലോക്സഭയില്‍ അവതരിപ്പിച്ച കണക്കില്‍ പറയുന്നത്. 845 പേരെ രക്ഷപെടുത്തിയിട്ടുണ്ടെന്നും 661 പേരെ കണ്ടെത്താനുണ്ടെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. കേരളത്തില്‍ രക്ഷപെടുത്തിയിരിക്കുന്നത് 362 പേരെയാണ്.ഡിസംബര്‍ 20 വരെയുള്ള കണക്കുകളാണ് മന്ത്രി ലോക്സഭയില്‍ അവതരിപ്പിച്ചത്.

എന്നാല്‍ കേരളത്തില്‍ കാണാതായവരെ സംബന്ധിച്ചുള്ള കേന്ദ്രത്തിന്റെ കണക്കുകള്‍ തെറ്റാണെന്ന് സംസ്ഥാനഫിഷറീസ് വകുപ്പ് മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മ പ്രതികരിച്ചു. സംസ്ഥാനത്ത് ഇനി 143 പേരെയാണ് കണ്ടെത്താനുള്ളതെന്ന് മന്ത്രി വ്യക്തമാക്കി. മരിച്ചവരില്‍ തിരിച്ചറിയാനുള്ളവരുടെ കണക്ക് ഉള്‍പ്പെടെയാണിത്. കാണാതായവരുടെ കണക്കില്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കരുതെന്ന് മന്ത്രി പറഞ്ഞു.

കാണാതായവരില്‍ 17 പേരെ കുറിച്ച് ചില സൂചനകള്‍ ലഭിച്ചതുകൊണ്ട് ഇവരുടെ കാര്യത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് മന്ത്രി നിര്‍മ്മല സീതാരാമനുമായി ദില്ലിയില്‍ നടത്തിയ കൂടികാഴ്ചയ്ക്ക് ശേഷം മേഴ്സിക്കുട്ടി അമ്മ വ്യക്തമാക്കി. എല്ലാ മത്സ്യ തൊഴിലാളികള്‍ക്കും പെട്രോള്‍, ഡീസല്‍ സബ്സിഡി നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി ധര്‍മേന്ദര്‍ പ്രധാന് സംസ്ഥാനം നിവേദനം നല്‍കി. ഓഖി ദുരന്തത്തില്‍ കേന്ദ്രം അനുവദിച്ച അടിയന്തരധനസഹായം അപര്യാപ്താണെന്ന് മന്ത്രി പറഞ്ഞു.

അടിയന്തരസഹായമായി 133 കോടി രൂപയാണ് കേന്ദ്രം ഇന്ന് അനുവദിച്ചത്. കേരളം 422 കോടി ചോദിച്ചിടത്താണ് 133 കോടി അനുവദിച്ചത്. ഓഖി ദുരന്തത്തില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി ഇന്ന് കണ്ടെടുത്തു.കണ്ണൂര്‍ അഴീക്കലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കോസ്റ്റ്ഗാര്‍ഡ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.ഇതോടെ മരണസംഖ്യ 75 ആയി.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: