അയര്‍ലണ്ടിലെ ഉയര്‍ത്തിയ മിനിമം വേതന നിരക്ക് നാളെ മുതല്‍ പ്രാബല്യത്തില്‍; ഇനിമുതല്‍ മണിക്കൂറിന് 9.55 യൂറോ

 

അയര്‍ലണ്ടില്‍ പുതിയ മിനിമം വേതന നിരക്ക് നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ലോ പേ കമ്മീഷന്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടി.30 സെന്റിന്റെ വര്‍ധനവോടെയുള്ള ദേശീയ മിനിമം വേതനമാണ് 2018 ജനുവരി ഒന്നു മുതല്‍ നിലവില്‍ വരുന്നത്. ഇതു പ്രകാരം മിനിമം വേതനം മണിക്കൂറിന് 9.55 യൂറോയാകും.ദേശീയ ശരാശരി വേതനത്തില്‍ 3.2% വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. 2017 ഒക്ടോബറിലെ ബജറ്റില്‍ മിനിമം വേതനം വര്‍ധിപ്പിക്കുമെന്ന പ്രഖ്യാപനമുണ്ടായിരുന്നു.

ഫിനഗേയ്ലും സ്വതന്ത്രരും ചേര്‍ന്ന് അധികാരത്തിലെത്തിയ ശേഷം നടപ്പാക്കുന്ന രണ്ടാമത്തെ വര്‍ധനയാണ് ഇത്. 2016ല്‍ 10 % വര്‍ധനയാണ് വരുത്തിയിരുന്നത്.രാവും പകലും വാരാന്ത്യത്തിലുമെല്ലാം കഠിനാദ്ധ്വാനം ചെയ്യുന്ന ആയിരക്കണക്കിന് പേര്‍ക്ക് ഈ തീരുമാനം പ്രയോജനപ്പെടും. പ്രധാനമന്ത്രി ലിയോ വരദ്കര്‍, ഉപപ്രധാനമന്ത്രി ഫ്രാന്‍സസ് ഫിട്‌സ് ജെറാള്‍ഡ്,ഡിസ്സബിലിറ്റി ഇഷ്യൂസ് മന്ത്രി ഫിനിയാന്‍ മക് ഗ്രാത്ത് എന്നിവരാണ് കഴിഞ്ഞ ജൂലൈയില്‍ വേതന വര്‍ധന സംബന്ധിച്ച സുപ്രധാന പ്രഖ്യാപനം നടത്തിയത്.

ശരിയായ ദിശയിലുള്ള പ്രഖ്യാപനമാണ് ഇതെന്ന് പ്രധാനമന്ത്രി വേതന വര്‍ധനയെ വിശേഷിപ്പിച്ചു. 55 വ്യത്യസ്തയിനങ്ങളാണ് മന്ത്രിസഭ ചര്‍ച്ച ചെയ്തത്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ദേശീയ വേത വര്‍ധന സംബന്ധിച്ച ലോ പേകമ്മീഷന്‍ ശുപാര്‍ശ. ഇക്കാര്യത്തിലാണ് ജനകീയ തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്.

അവസാനത്തെ അഞ്ച് വര്‍ഷങ്ങളിലായി ദേശീയ വേതനത്തിലാകെ ആകെ 25% വര്‍ധനയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. തൊഴിലുടമയ്ക്കാണ് ഈ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ ചെലവു വരുക.സര്‍ക്കാര്‍ ഖജനാവിന് ഇതൊരു വലിയ ബാധ്യതയൊന്നുമാവില്ല. തൊഴിലുടമയുടെ ആഴ്ചയിലെ സമ്പാദ്യത്തിന്റെ പിആര്‍എസ്‌ഐ 8.5% നിന്നും 10.75% ഉയര്‍ത്തിയത് വേണ്ടെന്നു വച്ചതായും പ്രധാനമന്ത്രി പറഞ്ഞു. ബ്രക്‌സിറ്റ്, തൊഴില്‍ സൃഷ്ടിക്കല്‍,കാര്യക്ഷമത വര്‍ധിപ്പിക്കല്‍ തുടങ്ങിയവയൊക്കെ മുന്നില്‍ക്കണ്ടുള്ള വര്‍ധനയാണ് ലോ പേ കമ്മീഷന്‍ മുന്നില്‍ക്കാണുന്നതെന്ന് ഉപപ്രധാനമന്ത്രി പറഞ്ഞു. തൊഴിലവകാശങ്ങളെക്കുറിച്ചും മിനിമം വേതനം സംബന്ധിച്ചുമുള്ള ബോധവല്‍ക്കരണ പ്രോഗാമുകളും നടന്നു വരുന്നു.

2017 ല്‍ മിനിമം വേതന നിരക്ക് പ്രാബല്യത്തിലുള്ള യൂറോപ്പ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്താണ് അയര്‍ലണ്ട്. ഇതില്‍ ഒന്നാം സ്ഥാനത്ത് ലക്‌സംബര്‍ഗാണ്. ഇവിടെ പ്രതിമാസം 1,999 യൂറോയാണ് ജീവനക്കാര്‍ക്ക് ലഭിക്കുന്നത്. അയര്‍ലന്റിലാകട്ടെ ഇത് പ്രതിമാസം 1,563 യൂറോയാണ്. പുതിയ മിനിമം വേതന നിരക്ക് പ്രകാരം ഒരു ഐറിഷ് ജീവനക്കാരന്റെ പ്രതിമാസ വരുമാനം 1,613.95 യൂറോയും നികുതി കുറച്ച് 1,521.57 യൂറോയും ആയിരിക്കും.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: