അയര്‍ലണ്ടില്‍ ഡിലന്‍ കൊടുങ്കാറ്റ് ആഞ്ഞടിച്ചു; വൈദ്യുതിബന്ധം താറുമാറായി; നൂറ് കണക്കിന് വീടുകളില്‍ ഇനിയും വൈദ്യതി എത്തിയില്ല

ഡിലന്‍ കൊടുങ്കാറ്റ് അയര്‍ലണ്ടില്‍ ആഞ്ഞടിച്ചതിനെ തുടര്‍ന്ന് എങ്ങും കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായത്. കഴിഞ്ഞ രാത്രി ആഞ്ഞടിച്ച കാറ്റില്‍ അയര്‍ലന്റിലെങ്ങും കനത്ത നാശനഷ്ടങ്ങളും വൈദ്യുതി തടസവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നൂറ് കണക്കിന് വീടുകളില്‍ ഇനിയും വൈദ്യുതി പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല. കഴിഞ്ഞ 9 മണിക്കൂറില്‍ രാജ്യത്തിന്റെ പടിഞ്ഞാറന്‍, വടക്ക് പടിഞ്ഞാറന്‍ മേഖലകളില്‍ 6,700 ഉപഭോക്താക്കള്‍ക്ക് വൈദുതി വീണ്ടെടുത്തതായി ESB നെറ്റ് വര്‍ക്ക് വ്യക്തമാക്കി. ഇന്ന് രാവിലെ 8 മണിക്കും 800 റോളം ഉപഭോക്താക്കള്‍ക്ക് വൈദുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കയാണെന്നും അറ്റകുറ്റപണികള്‍ അതിവേഗം പുരോഗമിക്കുകയാണെന്നും ESB അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ഗാല്‍വേ, സ്ലിഗോ, ഡൊനെഗല്‍ പ്രദേശങ്ങളിലാണ് വൈദ്യുത ബന്ധം തകരാറിലായിരിക്കുന്നത്.

കാലാവസ്ഥ രൂക്ഷമായ സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന മുന്നറിയിപ്പും അധികൃതര്‍ നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കഴിയുന്നതും വീടിനു പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്. വൈദ്യുതി കമ്പികള്‍ പൊട്ടിവീണ് വൈദ്യുതിബന്ധം വിച്ഛേദിക്കാനിടയുണ്ട്. കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ പ്ലഗില്‍ കുത്തിയിടരുത്. വീണുകിടക്കുന്ന വൈദ്യുതി കമ്പികളോ, വൈദ്യുതി ലൈനുകളില്‍ മരങ്ങളോ ശാഖകളോ ഒടിഞ്ഞ് കിടക്കുന്നതായി നിങ്ങള്‍ കാണുകയാണെങ്കില്‍ സമീപത്തേക്ക് പോകാതെ ഉടന്‍തന്നെ ESB Networks അധികൃതരെ 1850 372 999 ല്‍ വിളിച്ച് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.

മെറ്റ് ഐറാന്‍ പ്രഖ്യാപിച്ച രണ്ട് വിന്‍ഡ് വാണിങ്ങുകള്‍ ഇന്ന് രാവിലെ പിന്‍വലിച്ചിട്ടുണ്ട്. ഡോനഗലിന് വേണ്ടിയുള്ള ഓറഞ്ച് വാണിങ്ങും, രാജ്യത്തെ മറ്റു 12 കൗണ്ടികള്‍ക്ക് നല്‍കിയിരുന്ന യെല്ലോ വാണിങ്ങുമാണ് പിന്‍വലിച്ചത്. കൊണാക്ട്ട്, ഡബ്ലിന്‍, ലോംഗ്‌ഫോര്‍ഡ്, ലൗത്ത്, വെസ്റ്റ് മീത്ത്, മീത്ത്, കാവന്‍ എന്നീ കൗണ്ടികളിലാണ് യെല്ലോ വാണിങ് നല്‍കിയിരുന്നത്.

എ എം

 

Share this news

Leave a Reply

%d bloggers like this: