ഗര്‍ഭിണിയായ ജീവനക്കാരിയെ അമിതജോലി ചെയ്യിച്ചു: സൂപ്പര്‍മാര്‍ക്കറ്റ് ഉടമ 18000 യൂറോ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്

ഡബ്ലിന്‍: ഗര്‍ഭിണിയായ ജീവനക്കാരിയോട് പക്ഷപാതപരമായി പെരുമാറിയ തൊഴിലുടമ നഷ്ടപരിഹാരം നല്‍കാന്‍ ലബോര്‍ കോടതി ഉത്തരവ്. കില്‍ഡയറിലെ Clelands supermarket Ltd ലെ ജീവനക്കാരിയായ കരോലിന പൊസ്ലാജ്‌കോ യുടെ വാദം അംഗീകരിച്ച കോടതി തൊഴിലുടമ നഷ്ടപരിഹാരമായി 18000 യൂറോ നല്‍കാന്‍ ഉത്തരവിറക്കി. 2014 എല്‍ രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ച സമയത്താണ് കരോലിനക്ക് തൊഴിലുടമയില്‍ നിന്നും മോശമായ അനുഭവം നേരിടേണ്ടി വന്നത്. ഗര്‍ഭിണിയാണെന്ന് ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ കുറിപ്പ് തന്റെ മേലുദ്യോഗസ്ഥന് സമര്‍പ്പിച്ചത് മുതലാണ് തൊഴിലുടമ കരോലീനയോടു പക്ഷപാതപരമായി ഇടപെട്ടു തുടങ്ങിയത്.

തൊഴിലുടമ കരോലീനയെ തന്റെ ക്യാബിനില്‍ വിളിപ്പിച്ച് അനാവശ്യമായി ആരോപണങ്ങള്‍ ഉന്നയിക്കുകയായിരുന്നു. കരോലിന ചെയ്യുന്ന ജോലിയില്‍ കുറ്റങ്ങള്‍ കണ്ടുപിച്ച തൊഴിലുടമ നന്നായി വസ്ത്രധാരണം ചെയ്യാനും,ജോലിചെയ്യുന്ന മുഴുവന്‍ സമയവും സന്തോഷവതിയായിരിക്കാനും, വസ്ത്രധാരണം മികച്ചതാക്കാനും നിര്‍ദേശം നല്‍കി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മോര്‍ണിംഗ് സിക്ക്‌നെസ്സ് അനുഭവപ്പെട്ട ഇവര്‍ക്ക് മാത്രമായി തൊഴിലുടമ അധിക ജോലി ഏല്‍പിക്കുകയായിരുന്നു. കഠിനമായ ജോലികള്‍ ചെയ്യാന്‍ കഴിയാതിരുന്ന ഇവരെ വീണ്ടും തൊഴിലുടമ വിളിച്ചുവരുത്തി 39 മണിക്കൂര്‍ ജോലി ചെയ്തിരുന്ന സമയം 24 മണിക്കൂറാക്കി കുറച്ചിരുന്നു.

മറ്റുജോലിക്കാര്‍ ജോലി ചെയ്യുന്നതുപോലെ ജോലിചെയ്യുന്നില്ലെന്ന് പറഞ്ഞു ഇവരെ അധിക്ഷേപിക്കുകയും ചെയ്തു. മണിക്കൂറുകള്‍ വെട്ടികുറക്കുന്നത് തന്റെ കുടുംബ ബഡ്ജറ്റിന്റെ താളം തെറ്റിക്കുമെന്ന് കരോലിന അറിയിച്ചെങ്കിലും അതില്‍ മാറ്റമൊന്നും ഉണ്ടായില്ല. പ്രസവത്തോടെ മറ്റേര്‍ണിറ്റി ലീവില്‍ പ്രവേശിച്ച ഇവര്‍ അതിനു ശേഷവും ജോലിയില്‍ പ്രവേശിച്ചു. തുടര്‍ന്നും സമാനമായ അനുഭവങ്ങള്‍ തന്നെയാണ് കരോലിനയ്ക് നേരിടേണ്ടി വന്നത്. ഇത്തവണ സൂപ്പര്‍മാര്‍ക്കറ്റില്‍ ലാഭം കുറവാണെന്ന് പറഞ്ഞുകൊണ്ടേയിരുന്നു തൊഴിലുടമയുടെ ശമ്പളം വെട്ടികുറക്കല്‍. ഇതോടെ ജോലി ഉപേക്ഷിച്ച കരോലിന സൂപ്പര്‍മാര്‍ക്കറ്റിനെതിരെ കേസ് ഫയല്‍ ചെയ്യുകയായിരുന്നു.ഗര്‍ഭിണിയായതിനാല്‍ നേരിടേണ്ടി വന്ന അവഗണനകള്‍ പരിഗണിച്ച കോടതിക്ക് ഇതു ലിംഗ- അസമത്വമാണെന്ന് ബോധ്യപ്പെടുകയും കരോലിനക്ക് നഷ്ടപരിഹാരം നല്‍കാന്‍ വിധി പുറപ്പെടുവിച്ചു.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: