തണുത്തുറഞ്ഞ് അമേരിക്കയുടെ കിഴക്കന്‍ സംസ്ഥാനങ്ങളും കാനഡയും; ‘ബോംബ് സൈക്ലോണി’ല്‍ മരണം 20

 

കിഴക്കന്‍ അമേരിക്കയിലും കാനഡയിലും അനുഭവപ്പെടുന്ന കടുത്ത ശൈത്യം പ്രകൃതിയെ ഒന്നാകെ ഐസുകട്ടയാക്കിയിരിക്കുകയാണ്. എയര്‍പോര്‍ട്ടുകള്‍ അടക്കം മഞ്ഞുറഞ്ഞ് മരവിച്ചുകിടക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ അന്തരീക്ഷോഷ്മാവാണ് ഇത്തവണ ഇവിടങ്ങളില്‍ അനുഭവപ്പെടുന്നത്.

കഴിഞ്ഞ ദിവസമുണ്ടായ ശീതക്കാറ്റിനെ തുടര്‍ന്നാണ് ഇവിടങ്ങളില്‍ ശൈത്യം അതിരൂക്ഷമായത്. കാനഡയില്‍ പലയിടത്തും -50 ഡിഗ്രി സെല്‍ഷ്യസിന് അടുത്തുകൊണ്ടിരിക്കുകയാണ് അന്തരീക്ഷോഷ്മാവ്. അമേരിക്കയുടെ മൂന്നില്‍ രണ്ട് ഭാഗങ്ങളിലും -42 ഡിഗ്രി സെല്‍ഷ്യസ് ആണ് ഊഷ്മാവ്. ഇവിടങ്ങളില്‍ അമിത തണുപ്പു മൂലമുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകള്‍ കരുതിയിരിക്കണമെന്ന് അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ബോംബ് സ്റ്റോം എന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പേരിട്ട ശീതക്കാറ്റ് മൂലം അമേരിക്കയില്‍ 20 പേര്‍ മരിച്ചതായാണ് കണക്ക്. കനത്ത മഞ്ഞുവീഴ്ചയും ശീതക്കാറ്റും മൂലം ആയിരക്കണക്കിന് വിമാനസര്‍വീസുകളാണ് റദ്ദാക്കിയത്. ബാക്കിയുള്ളവ മണിക്കൂറുകള്‍ വൈകുകയാണ്. എയര്‍ ചൈനയുടെ ബീജിങ്ങില്‍നിന്നുള്ള വിമാനം ഏഴു മണിക്കൂറോളം ജോണ്‍ എഫ്. കെന്നഡി വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്.

ന്യൂയോര്‍ക്കിലെ ജോണ്‍ എഫ്. കെന്നഡി എയര്‍പോര്‍ട്ട്, സൗത്ത് കരോലിനയിലെ ചാള്‍സ്റ്റണ്‍ എയര്‍പോര്‍ട്ട് എന്നിവയെയാണ് കൂടുതല്‍ ബാധിച്ചിട്ടുള്ളത്. ആയിരക്കണക്കിന് യാത്രക്കാര്‍ വിമാനത്താവളങ്ങളിലും മറ്റും കുടുങ്ങിക്കിടക്കുകയാണ്. യാത്രക്കാര്‍ വിശപ്പും ക്ഷീണവും മൂലം പ്രയാസമനുഭവിക്കുന്നതായും ഇവരുടെ ആരോഗ്യനില സംബന്ധിച്ച് കടുത്ത ആശങ്കയുള്ളതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

അതിശൈത്യം അടുത്ത ആഴ്ചയും തുടര്‍ന്നേക്കുമെന്നാണ് അമേരിക്കന്‍ ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. മഞ്ഞുറയുന്നതുമൂലം കിഴക്കന്‍ മേഖലയില്‍ റോഡ് ഗതാഗതം തടസ്സപ്പെടും. പുറത്തിറങ്ങുന്നവര്‍ തണുപ്പും മഞ്ഞും മൂലമുണ്ടാകുന്ന പ്രതികൂല സാഹചര്യങ്ങളെ മറികടക്കുന്നതിനുള്ള ഉപാധികള്‍ കരുതണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഡികെ

 

Share this news

Leave a Reply

%d bloggers like this: