വിന്റര്‍ ക്രൈസിസ് നേരിടാനാകാതെ അയര്‍ലണ്ട്; കുട്ടികളുടെ വാര്‍ഡുകളിലേക്കും മുതിര്‍ന്ന രോഗികളെ പ്രവേശിപ്പിക്കുന്നു

 

വിന്റര്‍ ക്രൈസിസ് നേരിടാനാകാതെ HSE കുഴങ്ങുകയാണ്. അയര്‍ലണ്ട് അതി ശൈത്യത്തിന്റെ പിടിയിലാണ്. രോഗികളെക്കൊണ്ട് ആശുപത്രികള്‍ നിറഞ്ഞു കഴിഞ്ഞു. അത്യാവശ്യ പരിഗണന നല്‍കേണ്ട രോഗികളെപ്പോലും വീടുകളിലേക്ക് പറഞ്ഞയക്കുന്ന സ്ഥിതിയാണ് മിക്ക ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങള്‍. എമര്‍ജന്‍സി വിഭാഗത്തില്‍ എത്തിച്ചേര്‍ന്നാല്‍ കാത്തിരിക്കുന്ന സമയം സര്‍വ്വകാല റെക്കോര്‍ഡില്‍ എത്തിക്കഴിഞ്ഞതായും ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ വ്യക്തമാക്കുന്നു.

വിന്ററില്‍ നിറഞ്ഞു കവിയുന്ന ആശുപത്രികളില്‍ കുട്ടികളുടെ വാര്‍ഡുകളിലും മുതിര്‍ന്ന രോഗികളെ പ്രവേശിപ്പിക്കാന്‍ അയര്‍ലന്റിലെ ആശുപത്രി അധികൃതര്‍ നിര്‍ബന്ധിതരാവുകയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ വിന്റര്‍ പ്രതസന്ധിയാണ് എച്ച്എസ്ഇ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. താല ഹോസ്പിറ്റലിലെ പീഡിയാട്രിക് ഒബ്സര്‍വേഷന്‍ വാര്‍ഡുകള്‍ മുതിര്‍ന്നവര്‍ക്കായി തുറന്നു കൊടുത്തുവെന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഐറിഷ് നേഴ്‌സ് ആന്‍ഡ് മിഡ്വൈവ്സ് ഓര്‍ഗനൈസേഷന്റെ കണക്കുകള്‍ പ്രകാരം 550 ലധികം രോഗികള്‍ ഇപ്പോഴും ട്രോളികളില്‍ ചികിത്സ കാത്തിരിക്കുന്നുണ്ട്. ഇവരില്‍ 389 പേര്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലും 155 പേര്‍ വാര്‍ഡിലെ ട്രോളികളിലുമാണ് ഉള്ളത്.

ലീമെറിക് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ 53 രോഗികള്‍ ട്രോളികളില്‍ കാത്തിരിക്കുന്നുണ്ട്. ഗാല്‍വേ, കോര്‍ക്ക് എന്നിവിടങ്ങളില്‍ യൂണിവേഴ്‌സിറ്റി ആശുപത്രികള്‍ യഥാക്രമം 37 ഉം 35 എന്നിങ്ങനെയാണ് വെയിറ്റിങ് ലിസ്റ്റിലുള്ളവരുടെ എണ്ണം. താല ഹോസ്പിറ്റലിലെ ട്രോളികളില്‍ 29 പേരാണുള്ളത്. ഇവിടുത്തെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലെ രോഗികളുടെ എണ്ണം 12 ശതമാനം വര്‍ധിച്ചതോടെ കിടക്കകളുടെ ആവശ്യകത 25 ശതമാനമായി ഉയര്‍ന്നു.

അയര്‍ലണ്ടില്‍ ഫ്‌ലൂ സീസണ്‍ ആരംഭിച്ചതോടെ കഴിഞ്ഞ ആഴ്ച ആശുപത്രികളിലെ ട്രോളികളിലുള്ള രോഗികളുടെ എണ്ണം റെക്കോര്‍ഡ് നിരക്കായ 667 ല്‍ എത്തിയിരുന്നു. വരും ദിവസങ്ങളിലും തുടരാനിടയുള്ള ശീതകാലാവസ്ഥ ആശുപത്രികളിലെ സ്ഥിതി കൂടുതല്‍ മോശമാക്കുമെന്ന് എച്ച്എസ്ഇ മുന്നറിയിപ്പ് നല്‍കുന്നു.

രാജ്യവ്യാപകമായി എമര്‍ജന്‍സി വകുപ്പുകളിലെ തിരക്ക് വര്‍ധിപ്പിച്ചത് ആരോഗ്യമേഖലയിലെ കടുത്ത പ്രതിസന്ധിക്ക് കാരണമായിത്തീര്‍ന്നിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ഈ മാസാവസാനത്തോടെ അയര്‍ലന്റിലെ ആശുപത്രികളിലെ ബെഡ് കപ്പാസിറ്റിയെക്കുറിച്ച് പ്രത്യേക അവലോകനം നടത്തുമെന്ന് ആരോഗ്യമന്ത്രി സൈമണ്‍ ഹാരിസ് പറഞ്ഞു.

 

ഡികെ

 

 

 

Share this news

Leave a Reply

%d bloggers like this: