നടിയെ ആക്രമിച്ച കേസ്: കുറ്റപത്രം ചോര്‍ന്നത് അന്വേഷിക്കാന്‍ കോടതി ഉത്തരവ്

 

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ അനുബന്ധകുറ്റപത്രം ചോര്‍ന്ന സംഭവത്തില്‍ കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് എട്ടാം പ്രതി ദിലീപിന്റെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. അതേസമയം, നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി കോടതി പ്രോസിക്യൂഷന്റെ നിലപാട് അറിയാന്‍ ജനുവരി 22 ലേക്ക് മാറ്റി.

പ്രോസിക്യൂഷന്റെ വാദങ്ങള്‍ തള്ളിയാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ദിലീപ് ഉള്‍പ്പെടെ ഏഴ് പ്രതികളെ ഉള്‍പ്പെടുത്തിയായിരുന്നു അന്വേഷണസംഘം നവംബര്‍ 22 ന് അനുബന്ധകുറ്റപത്രം അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. ഇത് അന്ന് തന്നെ മാധ്യമങ്ങള്‍ക്ക് കിട്ടിയിരുന്നു. ഇതിനെതിരെയാണ് ദിലീപ് കോടതിയെ സമീപിച്ചത്. കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് അന്വേഷണസംഘം തന്നെയാണെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നുമായിരുന്നു ദിലീപിന്റെ ആവശ്യം.

കേസിലെ അനുബന്ധകുറ്റപത്രം പൊലീസ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നും ഇത് തന്നെ മനപ്പൂര്‍വം അപകീര്‍ത്തിപ്പെടുത്താനാണെന്നുമാണ് ദിലീപ് പരാതിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ കുറ്റപത്രം ചോര്‍ത്തിയത് ദിലീപ് തന്നെയാണെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.

ദൃശ്യങ്ങളുടെ ആധികാരികത ദിലീപ് തന്റെ ഹര്‍ജിയില്‍ ചോദ്യം ചെയ്തിരുന്നു. ദൃശ്യങ്ങള്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്നുള്ളതാണെന്നാണ് പ്രതിഭാഗം ഉന്നയിക്കുന്ന ആക്ഷേപം. ദൃശ്യങ്ങളില്‍ നിന്നും ഒരു സ്ത്രീ ശബ്ദം എഡിറ്റ് ചെയ്ത് മാറ്റിയിട്ടുണ്ടെന്നും ഇവര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ ഇടയ്ക്ക് കേള്‍ക്കാനാവുന്നുണ്ടെന്ന വാദവും ഹര്‍ജിയില്‍ ഉന്നയിക്കുന്നുണ്ട്. നേരത്തേ ദിലീപിന്റെ അഭിഭാഷകന്‍ മജിസ്ട്രേട്ടിന്റെ സാന്നിധ്യത്തില്‍ ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: