കോഫി കപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി യൂറോപ്യന്‍ യൂണിയന്‍: അയര്‍ലണ്ടിനും ബാധകം

ഡബ്ലിന്‍: 2030 ആകുന്നതോടെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും നീക്കം ചെയ്യാന്‍ നടപടികളുമായി യുറോപ്യന്‍ യൂണിയന്‍. വ്യക്തിപരമായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനാണ് തുടക്കത്തില്‍ ശ്രമം നടക്കുന്നത്. വെറും 5 മിനിറ്റ് നേരത്തേക്ക് ഉപയോഗിക്കുന്ന ജ്യൂസ്, കോഫി കപ്പുകള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ വര്‍ഷങ്ങള്‍ സമയമെടുക്കേണ്ടി വരുന്നതായും യൂണിയന്‍ വൈസ് പ്രസിഡന്റ് ഫ്രാന്‍സ് ടിമ്മര്‍സണ്‍ പറയുന്നു.

റീസൈക്കിള്‍ ചെയ്യാന്‍ കഴിയുന്ന പ്ലാസ്റ്റിക് ഉല്‍പ്പനകള്‍ക്ക് പ്രചാരം നല്‍കി മറ്റുള്ളവ നിഃശേഷം ഒഴിവാക്കാന്‍ അയര്‍ലന്‍ഡ് ഉള്‍പ്പെടെയുള്ള അംഗരാജ്യങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. യൂറോപ്പില്‍ നിന്നും പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍ വാങ്ങിക്കുന്നത് ചൈന നിര്‍ത്തലാക്കിയതോടെയാണ് യൂണിയന്‍ ഇക്കാര്യത്തില്‍ വ്യക്തമായ നയം സ്വീകരിച്ചിരിക്കുന്നത്.

50 വര്‍ഷം കഴിയുമ്പോള്‍ കടലില്‍ മീനുകള്‍ക്ക് പകരം പ്ലാസ്റ്റിക്കുകളായിരിക്കും കുമിഞ്ഞുകൂടുന്നത് എന്ന യൂറോപ്യന്‍ യൂണിയന്‍ പരിസ്ഥിതി വിഭാഗത്തിന്റെ മുന്നറിയിപ്പും പരിഗണിച്ചാണ് പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനത്തിനൊരുങ്ങുന്നത്. യൂണിയന്‍ അംഗങ്ങള്‍ ശക്തമായി പ്ലാസ്റ്റിക്കിനെ പ്രതിരോധിക്കുമ്പോള്‍ യൂറോപ്പിലെ മൂന്നില്‍ രണ്ട് ഭാഗം മാലിന്യങ്ങളും ഇല്ലാതാക്കാന്‍ കഴിയും. അയര്‍ലന്‍ഡ് ഉള്‍പ്പെടെയുള്ള അംഗരാജ്യങ്ങള്‍ക്ക് ഇതിനുള്ള ധനസഹായവും നല്‍കാനാണ് തീരുമാനം.

 

എ എം

 

Share this news

Leave a Reply

%d bloggers like this: