അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ച സിദ്ധാര്‍ഥ് ധര്‍ ഐസിസിന്റെ പുതിയ ജിഹാദി ജോണ്‍

 

കുപ്രസിദ്ധ ഭീകരസംഘടന ഇസ്ളാമിക് സ്റ്റേറ്റിന്റെ പുതിയ ആരാച്ചാര്‍ അബു രുമേസ എന്ന ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷുകാരന്‍ സിദ്ധാര്‍ത്ഥ ധര്‍. പിടി കൂടുന്നവരെ ഐഎസിന്റെ ശിക്ഷയായ പരസ്യമായി കഴുത്തറുക്കുക, വെടിവെച്ചു കൊല്ലുക തുടങ്ങിയ ക്രൂരമായ ശിക്ഷകള്‍ നടപ്പാക്കിയിരുന്ന ‘ജിഹാദി ജോണ്‍’ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ബ്രിട്ടീഷുകാരന്‍ മൊഹമ്മദ് എംവാസിയുടെ പകരക്കാരന്‍ എന്ന നിലയിലാണ് അബു രുമൈസ നിയോഗിതനായിരിക്കുന്നത്. ഇയാളെ ആഗോള കൊടും ഭീകരരുടെ പട്ടികയില്‍ അമേരിക്ക ഉള്‍പ്പെടുത്തി.

ഇന്ത്യന്‍ വംശജനായ ഇയാള്‍ യുകെ പോലീസിന്റെ കണ്ണുവെട്ടിച്ച് ഭാര്യയും മക്കളുമായി 2014 ല്‍ ബ്രിട്ടനില്‍ നിന്നും സിറിയയിലേക്ക് കുടിയേറിയതാണ്. ജിഹാദി ജോണ്‍ 2015 ലെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതാണ് രുമൈസ യ്ക്ക് പുതിയ ജിഹാദിജോണ്‍ പരിവേഷം കിട്ടാന്‍ കാരണമായത്്. യുകെ യ്ക്ക് വേണ്ടി ചാരപ്രവര്‍ത്തനം ആരോപിച്ച് ഇസ്ളാമിക് സ്റ്റേറ്റ് 2016 ല്‍ തടവുകാരാക്കിയവരെ വധിക്കുന്നതിന്റെ വീഡിയോ പുറത്ത് വന്നതോടെയാണ് ധറിനെ അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് സംശയിച്ചു തുടങ്ങിയത്.

നേരത്തേ ഇറാഖിലെ മൊസൂളില്‍ വെച്ച് തന്നെ തട്ടിക്കൊണ്ടു പോയി മനുഷ്യക്കടത്ത് നടത്തിയത് ധര്‍ ആണെന്ന് ഐഎസ് തീവ്രവാദികള്‍ ലൈംഗികാടിമയായി ഉപയോഗിച്ച നിഹാദ് ബരാക്കത് എന്ന യസീദി പെണ്‍കുട്ടി ഇന്‍ഡിപെന്‍ഡഡ് പത്രത്തിനോട് പറഞ്ഞിരുന്നു. ചൊവ്വാഴ്ച അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ആഗോള ഭീകരരുടെ പട്ടികയില്‍ സിദ്ധാര്‍ത്ഥ ധറിനെയും ബെല്‍ജിയന്‍ വംശജനായ മൊറാക്കോക്കാരന്‍ അബ്ദലാത്തിഫ് ഗൈനിയെയും ഉള്‍പ്പെടുത്താന്‍ അനുമതി നല്‍കിയിരുന്നു.

സിദ്ധാര്‍ത്ഥ ധറിന്റെയും ഗെയ്നിന്റെയും ഇസ്ളാമിക് സ്റ്റേറ്റ് തീവ്രവാദി ബന്ധം വെളിവായതോടെ ഇവര്‍ നടത്താന്‍ പദ്ധതിയിട്ടിരിക്കുന്ന എല്ലാ തീവ്രവാദി ആക്രമണവും തകര്‍ക്കുന്നതിനായി ഇവരുടെ സ്വത്തുക്കളും വസ്തുവകകളുമെല്ലാം മരവിപ്പിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ഹിന്ദുവായ ഈ ഇന്ത്യന്‍ വംശജന്‍ ഇസ്ളാമിലേക്ക് പരിവര്‍ത്തനം നടത്തുകയും അബു രുമൈസ എന്ന പേര് സ്വീകരിക്കുകയുമായിരുന്നു. ബ്രിട്ടീഷ് ഭീകരസംഘടനയായ അല്‍ മുഹാജിറോണ്‍ എന്ന സംഘടനയെ നയിക്കുന്നതും അതിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്നതും ഇയാളായിരുന്നു. ബ്രിട്ടനിലെ ഹിന്ദു കുടുംബത്തില്‍ പിറന്ന ധര്‍ പങ്കാളിയായ ഇസ്ളാമിക വനിത് അയിഷയ്ക്ക് വേണ്ടി ഇസ്ളാമിലേക്ക് മതം മാറുകയായിരുന്നു.

മതം മാറുമ്പോള്‍ സെയ്ഫുള്‍ ഇസ്ളാം എന്ന പേരാണ് സ്വീകരിച്ചതെങ്കിലും അബു രുമൈസ എന്ന ചെല്ലപ്പേരില്‍ അറിയപ്പെടുകയുമായിരുന്നു. മതം മാറിയ ശേഷം ലണ്ടനിലെ തീവ്രവാദ മുഖമുള്ള സംഘടനകളില്‍ പതിവ് സാന്നിദ്ധ്യവുമായിരുന്നു. യുകെയില്‍ ശരിയ നിയമം കൊണ്ടുവരണമെന്ന വാദം ഉയര്‍ത്തുകയും ചെയ്തിരുന്നു.

2014 സെപ്തംബറില്‍ അല്‍ മുഹാജിറോണ്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് മറ്റൊരു ഇന്ത്യന്‍ വംശജനായ അന്‍ജാം ചൗധരിക്കൊപ്പം അറസ്റ്റിലായ ആളാണ് ധര്‍. ചൗധരി പിന്നീട് ഐഎസിന് മുസ്ളീങ്ങള്‍ പിന്തുണയ്ക്കണമെന്ന് ആഹ്വാനം ചെയ്തതിന് ജയിലിലാകുകയും അഞ്ചര വര്‍ഷം തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ജാമ്യം നേടി പുറത്തു വന്ന ധര്‍ കുടുംബവുമായി മുങ്ങുകയായിരുന്നു.

പുറത്തേക്ക് ഇയാളെ യാത്ര ചെയ്യുന്നതില്‍ നിന്നും അധികൃതര്‍ വിലക്കുകയും പാസ്പോര്‍ട്ട് കൈമാറാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ലണ്ടനിലെ വിക്ടോറി സ്റ്റേഷനില്‍ നിന്നും കോച്ചില്‍ പാരീസിലേക്ക് പോകുകയും അവിടെ നിന്നും ഇയാള്‍ സിറിയയിലേക്ക് പോകുകയുമായിരുന്നു. ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ തന്നെ തോക്കുമായി നില്‍ക്കുന്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് പോലീസിനെ വെല്ലുവിളിക്കുകയും ചെയ്തു.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: