ചരിത്രത്തില്‍ ഇടം നേടി അമേരിക്കന്‍ വ്യോമസേനാ മേധാവി ഇന്ത്യയുടെ ‘തേജസ്’ യുദ്ധവിമാനം പറത്തി

 

ന്യൂഡല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മില്‍ പ്രതിരോധ രംഗത്ത് ബന്ധം ശക്തമാക്കിക്കൊണ്ടിരിക്കെ, രാജ്യത്ത് സന്ദര്‍ശനത്തിന് എത്തിയ യു.എസ് വ്യോമസേനാ മേധാവി ജനറല്‍ ഡേവിഡ് എല്‍ ഗോള്‍ഡ്ഫെയിന്‍ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പോര്‍ വിമാനമായ ‘തേജസ്’ പറത്തി.

ജോഡ്പൂര്‍ എയര്‍ഫോഴ്സ് സ്റ്റേഷന്‍ സന്ദര്‍ശക്കവേയാണ് ജനറല്‍ ഗോള്‍ഡ്ഫെയിന്‍ വിമാനവുമായി കുതിച്ചുയര്‍ന്നത്. ഒരു വിദേശ സൈനിക മേധാവി ഇതാദ്യമായാണ് ഇന്ത്യന്‍ പോര്‍ വിമാനം പറത്തുന്നത്. ഇന്ത്യന്‍ വ്യോമസേന സി-17 ഗ്ലോബല്‍ മാസ്റ്റര്‍ ട്രാന്‍സ്പോര്‍ട്ടര്‍ വിമാനം വാങ്ങാനുള്ള തീരുമാനത്തെയും ഇദ്ദേഹം പരാമര്‍ശിച്ചിട്ടുണ്ട്. ലോകത്ത് ഇത്തരം വിമാനങ്ങള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന രണ്ടാമത്തെ വലിയ വ്യോമസേനയാണ് ഇന്ത്യയുടേതെന്നും അദ്ദേഹം പറഞ്ഞു. സി-17 ഗ്ലോബല്‍ മാസ്റ്റര്‍ ഫ്ളീറ്റിന്റെ ശേഷി വര്‍ധിപ്പിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. അതിര്‍ത്തികളിലേക്ക് യുദ്ധ ടാങ്കറുകള്‍ അടക്കം വളരെ വേഗം എത്തിക്കാന്‍ ശേഷിയുള്ളതാണ് ഗ്ലോബല്‍ മാസ്റ്റര്‍ വിമാനങ്ങള്‍.

അമേരിക്കയുടെ പസഫിക് എയര്‍ഫോഴ്സ് കമാന്‍ഡര്‍ ജനറല്‍ ടെറന്‍സ് ഒ ഷൗഗ്‌നസിക്കൊപ്പമാണ് ജനറല്‍ ഗോള്‍ഡ്ഫെയിന്‍ ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തിയിട്ടുള്ളത്. ഇന്ത്യയില്‍ ലഭിച്ച ഊഷ്മള സ്വീകരണത്തില്‍ ഏറെ സംതൃപ്തി പ്രകടിപ്പിച്ച അമേരിക്കന്‍ ജനറല്‍ ഇരു രാജ്യങ്ങളുടെയും വ്യോമസേനകള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിന് കാത്തിരിക്കുകയാണെന്ന് ട്വീറ്റ് ചെയ്തു. ന്യൂഡല്‍ഹിയില്‍ ഇന്ത്യന്‍ വ്യോമസേനാ മേധാവി ബി.എസ്.ധനോവയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.

 

എ എം

 

Share this news

Leave a Reply

%d bloggers like this: