ഇനി മുതല്‍ റീച്ചാര്‍ജ്ജ് ചെയ്താലേ വീട്ടില്‍ കറന്റുണ്ടാകൂ; റീച്ചാര്‍ജ്ജ് തുക തീരുമ്പോള്‍ വൈദ്യുതിബന്ധം കട്ടാകും

 

ഇനി മുതല്‍ കറന്റ് ബില്ലടയ്ക്കാന്‍ ക്യൂ നില്‍ക്കണ്ട, ബില്‍ പേയ്മെന്റ് സമ്പ്രദായം ഒഴിവാക്കി പുതിയ രീതി സ്വീകരിക്കാനൊരുങ്ങുകയാണ് കെഎസ്ഇബി. മാസാവസാനം ഓഫീസിലെത്തിയോ ഓണ്‍ലൈനായോ വൈദ്യുതി ബില്ല് അടയ്ക്കുന്ന സാധാരണ രീതിക്ക് മാറ്റം വരുത്താനാണ് ഉദ്ദേശം.

മീറ്റര്‍ കാര്‍ഡ് അവതരിപ്പിക്കാനാണ് കെഎസ്ഇബിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ഡിടിഎച്ച് പോലെ റീച്ചാര്‍ജ്ജ് ചെയ്യാവുന്ന പുതിയ മീറ്ററുകള്‍ സ്ഥാപിക്കും. കാര്‍ഡ് ആദ്യം തന്നെ റീച്ചാര്‍ജ്ജ് ചെയ്താല്‍ മാത്രമേ വൈദ്യുതി ഉപയോഗിക്കാന്‍ കഴിയുകയുള്ളൂ.

റീച്ചാര്‍ജ്ജ് തുക തീര്‍ന്നു കഴിഞ്ഞാല്‍ അപ്പോള്‍ത്തന്നെ വൈദ്യുതിബന്ധം കട്ടാകും. പിന്നീട് വീണ്ടും റീച്ചാര്‍ജ്ജ് ചെയ്താല്‍ മാത്രമേ വൈദ്യുതി ഉപയോഗിക്കാന്‍ കഴിയുകയുള്ളൂ. റീചാര്‍ജ് തുക തീരുമ്പോള്‍ ഓട്ടോമാറ്റിക് ആയി കറന്റ് വിച്ഛേദിക്കും. വീണ്ടും റീചാര്‍ജ് ചെയ്തു മീറ്ററില്‍ കാര്‍ഡ് ഇടുമ്പോള്‍ കറന്റ് വരും.

നിശ്ചിത സമയത്ത് കറന്റ് ബില്‍ അടക്കാതിരിക്കുമ്പോള്‍ ഫ്യൂസ് ഊരാന്‍ വരുന്ന ജോലിക്കാരെ ആരും ഇനി തെറിപറയില്ല എന്നുള്ളതാണ് കെഎസ്ഇബിയുടെ ആശ്വാസം. കറന്റ് വേണമെങ്കില്‍ റീചാര്‍ജ് ചെയ്തേ പറ്റു. പുതിയ രീതി നടപ്പിലാക്കുന്നതോടെ വൈദ്യുതിയുടെ അമിത ഉപയോഗം കുറയ്ക്കാനാകുമെന്നാണ് അധികൃതര്‍ കരുതുന്നത്.

രണ്ടുമാസം കൂടുമ്പോള്‍ കെഎസ്ഇബി ഓഫീസില്‍ നിന്ന് ജീവനക്കാരനെത്തി മീറ്റര്‍ നോക്കി വൈദ്യുതി ബില്‍ തന്നുപോകുന്ന പരിപാടി ഇതോടെ അവസാനിക്കുകയാണ്. നിരവധി രാജ്യങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച പദ്ധതിയെന്ന നിലയില്‍ കേരളത്തിലും ഉടന്‍ തന്നെ പുതിയ രീതി നടപ്പില്‍ വരുത്താനാണ് കെഎസ്ഇബിയുടെ ശ്രമം. ഇതിനായുള്ള ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: