മക്കള്‍ നീതി മയ്യം; ജനസാഗരത്തെ സാക്ഷിയാക്കി കമല്‍ഹാസന്‍ രാഷ്ട്രീയ പര്‍ട്ടി പ്രഖ്യാപിച്ചു

 

തന്റെ മുന്നില്‍ അണിനിരന്ന ജനക്കൂട്ടത്തെ സാക്ഷിയാക്കി കമല്‍ഹാസന്‍ ആ പേര് ഉറക്കെ വിളിച്ചു പറഞ്ഞു; മക്കള്‍ നീതി മയ്യം… കമലിന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര്. പാര്‍ട്ടിയുടെ പതാകയും കമല്‍ പുറത്തിറക്കി. തന്റെ രാഷ്ട്രീയപ്രവേശനത്തിന്റെ മുന്നോടിയായി നടത്തുന്ന സംസ്ഥാന പര്യാടനത്തിന് തുടക്കം കുറിച്ച ദിവസം തന്നെയാണ് പുതിയ പാര്‍ട്ടിയും കമല്‍ഹാസന്‍ പ്രഖ്യാപിച്ചത്.മധുരയില്‍ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു പാര്‍ട്ടി പ്രഖ്യാപനം. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ചടങ്ങില്‍ സംബന്ധിച്ചു.

ബുധന്‍ രാവിലെ ഏഴേമുക്കാലോടെ മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ രാമേശ്വരത്തെ വീട്ടില്‍ സന്ദര്‍ശനം നടത്തിയശേഷമാണ് കമല്‍ തന്റെ പര്യടനത്തിന് തുടക്കം കുറിച്ചത്. ബിജെപി, എ ഐ എ ഡി എം കെ നേതാക്കളെ ഒഴിച്ച് രജനികാന്ത്, വിജയകാന്ത്, കരുണാനിധി,എം കെ സ്റ്റാലിന്‍ എന്നിവരുള്‍പ്പെടെയുള്ള തമിഴകത്തെ പ്രമുഖ രാഷ്ട്രീയക്കാരെയും ചലച്ചിത്രപ്രവര്‍ത്തകരെയും കമല്‍ പര്യടനത്തിനു മുന്നോടിയായി കണ്ടിരുന്നു.

കഴിഞ്ഞ വര്‍ഷം തന്നെ താരത്തിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പര്യടനം തുടങ്ങുമ്പോള്‍ തന്നെ പാര്‍ട്ടിയുടെ പേരും പാര്‍ട്ടി നയങ്ങളും വ്യക്തമാക്കുമെന്ന് കമല്‍ ഹാസന്‍ നേരത്തെ പറഞ്ഞിരുന്നു. സംസ്ഥാനം മുഴുവന്‍ നടത്തുന്ന പര്യടനത്തിലൂടെ തമിഴ്നാട്ടിലെ ജനങ്ങളുടെ യഥാര്‍ത്ഥ ആവശ്യങ്ങള്‍ മനസ്സിലാക്കാനും അവരുടെ പ്രശ്നങ്ങള്‍ തിരിച്ചറിയാനുമാണ് ലക്ഷ്യമെന്ന് താരം പറഞ്ഞിരുന്നു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: