യൂറോപ്പില്‍ അഞ്ചാം പനി വര്‍ധിക്കുന്നതായി WHO ; അയര്‍ലണ്ടില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കി ആരോഗ്യവിദഗ്ധര്‍

 

കഴിഞ്ഞ വര്‍ഷം യൂറോപ്പില്‍ അഞ്ചാം പനി ബാധ പതിവിലേറെ വര്‍ധിച്ചതായി ലോകാരോഗ്യ സംഘടനയുടെ കണക്ക്. 2016ല്‍ അഞ്ചാം പനി കേസുകളില്‍ റെക്കോഡ് ഇടിവ് രേഖപ്പെടുത്തിയ ശേഷമുള്ള ഈ വര്‍ധനയെ ദുരന്തമെന്നാണ് ലോകാരോഗ്യ സംഘടന വിശേഷിപ്പിക്കുന്നത്.

2016ല്‍ 5273 അഞ്ചാം പനി കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്ത സ്ഥാനത്ത് കഴിഞ്ഞ വര്‍ഷം നാലു മടങ്ങ് വര്‍ധിച്ച് ഇരുപതിനായിരത്തിലെത്തിയിരുന്നു. ഇതില്‍ 35 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. അയര്‍ലണ്ട് അടക്കം പതിനഞ്ച് യൂറോപ്യന്‍ രാജ്യങ്ങളില്‍ അഞ്ചാം പനി ബാധ പതിവിലും വളരെ അധികമായിരുന്നു. റൊമാനിയ, ഇറ്റലി, യുക്രെയ്ന്‍ എന്നിവിടങ്ങളിലാണ് ഏറ്റവുമധികം രേഖപ്പെടുത്തിയത്. പ്രതിരോധ കുത്തിവയ്‌പെടുത്താല്‍ ഫലപ്രദമായി തടയാവുന്ന അസുഖമാണിത്. കുത്തിവയ്‌പെടുക്കുന്നതില്‍ വന്ന കുറവാണ് രോഗബാധ വര്‍ധിക്കാന്‍ കാരണമായതെന്നാണ് വിലയിരുത്തല്‍.

രോഗപ്രതിരോധ ശേഷി വളരെ കുറഞ്ഞവര്‍ക്ക് രോഗം പെട്ടെന്ന് പിടിപെടാനുള്ള സാധ്യത കൂടുതലാണ്. ഒരു വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് നിര്‍ബന്ധമായും എം.എം.ആര്‍ കുത്തിവെയ്പ്പ് നടത്തണമെന്ന് ഐറിഷ് ആരോഗ്യ വകുപ്പ് കര്‍ശന നിര്‍ദ്ദേശം പുറത്ത് വിട്ടിരുന്നു. രോഗലക്ഷങ്ങള്‍ ഉള്ളവര്‍ സ്‌കൂളിലോ ജോലി സ്ഥലങ്ങളിലോ പോകരുതെന്ന് മുന്നറിയിപ്പ് ഉണ്ട്.

അതേസമയം കഴിഞ്ഞ വര്‍ഷം യൂറോപ്പില്‍ മുഴുവന്‍ വ്യാപകമായിരുന്ന മീസല്‍സില്‍ നിന്നും അയര്‍ലന്‍ഡ് രക്ഷ നേടിയിരുന്നു. രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ക്ക് അയര്‍ലണ്ടില്‍ നിന്നും തന്നെയാവാം രോഗബാധയേറ്റത് എന്ന് ആരോഗ്യ വകുപ്പ് കണക്കാക്കുന്നു. അങ്ങനെയെങ്കില്‍ രോഗം മറ്റു പലരിലേക്കും വ്യാപിക്കാനുള്ള സാധ്യതയും കൂടുതലാണ്.

രോഗാണു ശരീരത്തില്‍ പ്രവേശിച്ച് രണ്ടാഴ്ചക്കകം രോഗ ലക്ഷണങ്ങള്‍ ആരംഭിക്കും. ശരീരം മുഴുവന്‍ നിറം മാറി ചുവന്ന പാടുകള്‍ കാണപ്പെടുന്നത് അഞ്ചാം പനിയുടെ സാധാരണ ലക്ഷണങ്ങളില്‍ ഒന്ന് ആണ്. കണ്ണ് ചുവക്കുക, കഫം നിറയുക, പനി, പേശി വേദന, വായുടെ ഉള്ളില്‍ വെള്ള നിറത്തിലുള്ള പൊട്ടുകള്‍ രൂപപ്പെടുക തുടങ്ങിയവയാണ് അഞ്ചാം പനിയുടെ ലക്ഷണങ്ങള്‍. രോഗ ലക്ഷണമുള്ളവര്‍ ജെ.പി യെ ഫോണില്‍ ബന്ധപ്പെട്ട് ആരോഗ്യ വിദഗ്ദ്ധന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് എച്.എസ്.ഇ അറിയിച്ചു. രോഗം പിടിപെടുന്നവര്‍ മറ്റുള്ളവരിലേക്ക് പകരാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കാനും മുന്നറിയിപ്പ് ഉണ്ട്.

 

ഡികെ

 

 

Share this news

Leave a Reply

%d bloggers like this: