ലോകത്തെവിടെയും എത്തുന്ന മിസൈല്‍ ഉള്‍പ്പെടെ പുതിയ ആണവായുധങ്ങള്‍ നിര്‍മിച്ചതായി റഷ്യ

 

മോസ്‌കോ: ലോകത്തിലെ ഏത് രാജ്യത്തെയും നിമിഷങ്ങള്‍ക്കുള്ളില്‍ ആക്രമിക്കാന്‍ കഴിയുന്ന ആയുധങ്ങള്‍ പരീക്ഷിച്ച് വിജയിച്ചതായി റഷ്യ. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡമീര്‍ പുടിന്‍ തന്നെയാണ് പുതിയ ഭൂഖണ്ഡാന്തര മിസൈല്‍ അടക്കമുള്ള ആയുധങ്ങളുടെ വിവരം പുറത്തുവിട്ടത്. ലോകത്തിലെ ഏത് സ്ഥലത്തും ആക്രമണം നടത്താന്‍ കഴിയുന്നതാണ് പുതിയ മിസൈന്‍ എന്ന് പുടിന്‍ തന്നെ വ്യക്തമാക്കുന്നു.

ഇതിനൊപ്പം വാര്‍ഷിക ദേശീയ പ്രസംഗത്തില്‍ ഭൂഖണ്ഡാന്തര മിസൈലിന്റെ ലോഞ്ചിംഗ് വീഡിയോ ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ച് റഷ്യ പുറത്തു വിടുകയും ചെയ്തു. എന്നാല്‍ ഈ വീഡിയോ തന്നെയാണ് ഈ മിസൈലിനെ ചര്‍ച്ചയാക്കുന്നത്. അമേരിക്കയിലെ ഫ്‌ലോറിഡയില്‍ പതിക്കുന്ന തരത്തിലുള്ള കമ്പ്യൂട്ടര്‍ ജനറേറ്റിംഗ് ദൃശ്യങ്ങളാണ് പുടിന്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത്.

പരിധിയില്ലാത്ത റേഞ്ച്, അതിവേഗത, ഏത് മിസൈല്‍ പ്രതിരോധങ്ങളെയും പിളര്‍ക്കാന്‍ കഴിയുന്നത് എന്നീ പ്രത്യേകതകളാണ് പുതിയ മിസൈലിനെക്കുറിച്ച് പുടിന്‍ പറയുന്നത്. ഇതിന് ഒപ്പം തന്നെ അണ്ടര്‍വാട്ടര്‍ ഡ്രോണും പുടിന്‍ അവതരിപ്പിച്ചു. ആണവായുധ ശേഷിയുള്ള ഈ ഡ്രോണിന്റെ മറ്റൊരു പ്രത്യേകത ഭൂഖണ്ഡാന്തര റേഞ്ചിലുള്ളതാണെന്നതാണ്. ഒപ്പം ഏത് തീരത്തെ എയര്‍ക്രാഫ്റ്റ് കാരിയറുകളെയും അത്തരം തീരദേശ സൗകര്യങ്ങളെയും തകര്‍ക്കാന്‍ ശേഷിയുള്ളതുമായ ആണവായുധ ശേഖരത്തോട് കൂടിയതാണ് ഡ്രോണുകള്‍. ഏത് ആഴത്തിലേക്കു പോകാനും ഇതിന് കഴിയും.

ഈ ആയുധങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരെ ”നമ്മുടെ കാലത്തെ നായകന്മാര്‍” എന്നാണ് പുടിന്‍ വിശേഷിപ്പിച്ചത്. പുതിയ ആയുധങ്ങള്‍ ആഗോളസ്ഥിരത ഉറപ്പുവരുത്താന്‍ സഹായിക്കുമെന്നും റഷ്യയ്‌ക്കെതിരായ നീക്കങ്ങളെ തകര്‍ക്കുമെന്ന് പുടിന്‍ പറഞ്ഞു. ഈ ആയുധങ്ങളുടെ നിര്‍മ്മാണത്തോടെ അമേരിക്ക വികസിപ്പിച്ച പ്രതിരോധ മിസൈല്‍ സംവിധാനം ഉപയോഗശൂന്യമായെന്നായിരുന്നു പുടിന്റെ വാദം. അണുവായുധ ക്രൂയിസ് മിസൈലിനും ഡ്രോണിനും പുടിന്‍ ഇതുവരെ പക്ഷേ പേര് നല്‍കിയിട്ടില്ല. ഇതിന് അനുയോജ്യമായ പേര് തേടി പ്രതിരോധമന്ത്രാലയം രാജ്യത്തുടനീളമായി മത്സരം തന്നെ സംഘടിപ്പിക്കുന്നുണ്ട്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: