മഹാത്മാഗാന്ധിയുടെ കൈയൊപ്പുള്ള ചിത്രത്തിന് ലേലത്തില്‍ 27 ലക്ഷം

 

വാഷിങ്ടണ്‍: മഹാത്മാ ഗാന്ധിയുടെ കൈയൊപ്പ് പതിഞ്ഞ അപൂര്‍വ ചിത്രം ലേലത്തില്‍ വിറ്റത് 27 ലക്ഷം രൂപക്ക് (41,806 ഡോളര്‍). 1931ല്‍ ലണ്ടനില്‍ നടന്ന രണ്ടാം വട്ടമേശ സമ്മേളനത്തില്‍വെച്ച് മദന്‍ മോഹന്‍ മാളവ്യയോടൊപ്പം ഗാന്ധി നടക്കുന്ന ചിത്രമാണ് അമേരിക്കയില്‍ ലേലംചെയ്തത്. ഫൗണ്ടന്‍ പേനകൊണ്ടാണ് ‘എം.കെ. ഗാന്ധി’ എന്ന് അദ്ദേഹം ഇതില്‍ ഒപ്പിട്ടിട്ടുള്ളത്.

വലംകൈയിലെ തള്ളവിരലിന് വേദനയുള്ളതിനാല്‍ ഇടം കൈ കൊണ്ടാണ് ഗാന്ധി ചിത്രത്തില്‍ ഒപ്പുചാര്‍ത്തിയിട്ടുള്ളത്. 1930-32 കാലയളവിലായിരുന്നു മൂന്നു ഭാഗങ്ങളുള്ള വട്ടമേശ സമ്മേളനം ലണ്ടനില്‍ സംഘടിപ്പിച്ചത്. രണ്ടാം വട്ടമേശ സമ്മേളനത്തിലാണ് ഗാന്ധി ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ പ്രതിനിധിയായി സമ്മേളനത്തില്‍ പങ്കെടുത്തത് . 1931 ആഗസ്റ്റ് എട്ടിനും ഡിസംബര്‍ 19നും ഇടക്കാണ് ചിത്രം എടുത്തിട്ടുള്ളതെന്ന് ബോസ്റ്റണില്‍ നടന്ന ലേലത്തിന്റെ സംഘാടകര്‍ ആര്‍.ആര്‍. ഓക്ഷന്‍സ് ആര്‍.ആര്‍ എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ബോബി ലിവിങ്സ്റ്റണ്‍ പറഞ്ഞു. ‘ഗാന്ധിയുടെ കൈയൊപ്പുള്ള ഈ പടത്തില്‍ അദ്ദേഹത്തിന്റെ ജീവിത പ്രയത്‌ന’മാണ് പ്രതിഫലിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാള്‍ മാക്‌സിന്റെ കത്ത് 34 ലക്ഷത്തിനും ലിയോ ടോള്‍സ്റ്റോയി 1903ല്‍ എഴുതിയ കത്ത് 13 ലക്ഷത്തിനും ലേലത്തില്‍ പോയി. ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് ഏഴുവരെയായിരുന്നു ലേലം.

ഡികെ

 

Share this news

Leave a Reply

%d bloggers like this: