ഗാള്‍വേ പള്ളിയില്‍ ഓശാനശുശ്രൂഷയും പിതാക്കന്മാരുടെ സംയുക്ത ഓര്‍മ്മപ്പെരുന്നാളും കൊണ്ടാടുന്നു

ഗാള്‍വേ :(അയര്‍ലണ്ട് )ഗാള്‍വേ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് പള്ളിയില്‍ ഓശാന ശുശ്രൂഷയും സുറിയാനി സഭയെ ദീഘകാലം സത്യവിശ്വാസത്തില്‍ മേയിച്ചു ഭരിച്ച പിതാക്കന്മാരായ പരി .മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് സാഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവ ,പരിശുദ്ധ .സ്ലീബാ മോര്‍ ഒസ്ത്താത്തിയോസ് ബാവ ,അഭിവന്ദ്യ കുര്യാക്കോസ് മോര്‍ കൂറീലോസ് തിരുമേനി എന്നിവരുടെ സംയുക്ത ഓര്‍മ്മപ്പെരുന്നാളും മാര്‍ച്ച് 24 ശനിയാഴ്ച രാവിലെ 9 മണിക്ക് നടത്തപ്പെടുന്നു .

കര്‍ത്താവിന്റെ യെരുശലേം ദേവാലയത്തിലേക്കുള്ള രാജകീയ പ്രവേശനത്തെ അനുസ്മരിക്കുന്നതാണ് ഓശാനയുടെ ശുശ്രൂഷകള്‍ .

പരി .മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് സാഖാ പ്രഥമന്‍ ബാവ 1980 മുതല്‍ 2014 വരെ ആകമാന സുറിയാനിസഭയെ ഭരിച്ചിരുന്ന 122 )O മത്തെ അന്ത്യോഖ്യായുടെ പാത്രിയര്‍ക്കീസ് ബാവായാണ് .പരി .പിതാവ് 2014 മാര്‍ച്ച് 21 നു ജര്‍മ്മിനിയില്‍ വച്ച് കാലംചെയ്തു സിറിയയിലെ ഡമാസ്‌കസ്സിലുള്ള പാത്രിയര്‍ക്കല്‍ അരമനയില്‍ മുന്‍ഗാമികളുടെ നിരയില്‍ കബറടക്കപ്പെട്ടു .പരി .പിതാവിന്റെ ഭരണകാലം സുറിയാനി സഭാമക്കള്‍ക്കു പ്രത്യേകിച്ച് മലങ്കരയിലെ സഭാമക്കള്‍ക്കു സുവര്‍ണ്ണ കാലമായിരുന്നു .പുതിയ ഭദ്രാസനകള്‍ക്കു തുടക്കമിടുകയും പുതിയമെത്രാപ്പോലീത്താമാരെ വാഴിച്ചാക്കുകയും അതുവഴി സഭയുടെ വികസനത്തിനു ആക്കം കൂട്ടുകയും ചെയ്തത് പ്രത്യേകം എടുത്തു പറയേണ്ടതാണ്.

പരി.സ്ലീബാ മോര്‍ ഒസ്ത്താത്തിയോസ് ബാവ ശെമ്മാശനായിരിക്കുമ്പോള്‍ പാത്രിയര്‍ക്കാ പ്രതിനിധി അഭിവന്ദ്യ ശെമവൂന്‍ മോര്‍ അത്താനാസിയോസ് തിരുമേനിയോടൊപ്പം 1881 ഇല്‍ മലങ്കരയില്‍ എത്തുകയും 1889 ഇല്‍ പാത്രിയര്‍ക്കാ പ്രതിനിധിയുടെ അകാലനിര്യാണത്തെത്തുടര്‍ന്ന് മലങ്കരയിലുടനീളം സുവിശേഷീകരണത്തിനായി പുറപ്പെടുകയും ചെയ്തു .കര്‍ത്താവും ശിഷ്യന്മാരും സംസാരിച്ച സുറിയാനി ഭാഷയില്‍ സുവിശേഷീകരണം നടത്തിയ സ്ലീബാ ശെമ്മാശന്‍ പരിഭാഷകരെ ഉപയോഗിച്ചാണ് അക്കാലത്തു ആശയവിനിമയം സാധ്യമാക്കിയിരുന്നത് .സുറിയാനിയിലുള്ള അദ്ദേഹത്തിന്റെ അഗാധ പാണ്ഡിത്യം തിരിച്ചറിഞ്ഞ പരി.ഗീവര്‍ഗീസ് മോര്‍ ഗ്രീഗോറിയോസ് തിരുമേനി(പരുമല തിരുമേനി) അദ്ദേഹവുമായി വളരെപ്പെട്ടെന്നു സൗഹൃദത്തിലാവുകയും അത് അവസാനം വരെ സൂക്ഷിക്കുകയും ചെയ്തു 1906 ഇല്‍ തിരികെച്ചെല്ലാനുള്ള പരി .പാത്രിയര്‍ക്കീസ് ബാവായുടെ കല്‍പ്പനലഭിക്കുകയും 25 വര്‍ഷത്തെ മലങ്കരയിലെ ആത്മീയ ജീവിതത്തിനു ശേഷം ഇറാഖിലുള്ള ദയറായിലേക്കു മടങ്ങിപ്പോകുകയും ചെയ്തു .തുടര്‍ന്ന് വൈദീകനായും റമ്പാനായും ഉയര്‍ത്തപ്പെട്ട അദ്ദേഹം 1908 ഇല്‍ അന്ത്യോക്യായുടെ പരി .അബ്ദുള്ള രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവായാല്‍ സ്ലീബാ മോര്‍ ഒസ്ത്താത്തിയോസ് എന്ന പേരില്‍ മെത്രാപ്പോലീത്തയായും തുടര്‍ന്ന് ഭാരതത്തിലെ പാത്രിയര്‍ക്കാ പ്രതിനിധിയായും നിയമിക്കപ്പെട്ട് വീണ്ടും മലങ്കരയുടെ മണ്ണില്‍ ആഗതനായി.സഭാവഴക്കുകളുടെ ആരംഭകാലയമായ ആ സമയം അഭിവന്ദ്യ .പൗലോസ് മോര്‍ കൂറീലോസ് തിരുമേനിയോടും പൗലോസ് മോര്‍ അത്താനാസിയോസ് തിരുമേനിയോടും ഒപ്പം അദ്ദേഹം അന്ത്യോഖ്യ സിംഹാസനത്തിന്റെ കാവല്‍ ഭടനായി നിലകൊണ്ടു .മലങ്കരയിലെ വിവിധ ദേവാലയങ്ങള്‍ക്കു തുടക്കമിട്ട പരി .പിതാവ് 1930 മാര്‍ച്ച് 19 ന് കാലം ചെയ്തു ആര്‍ത്താറ്റ് സെന്റ് മേരീസ് സിംഹാസന പള്ളിയില്‍ കബറടക്കപ്പെടുകയും 2000 )O മാണ്ടില്‍ അദ്ദേഹത്തെ പരിശുദ്ധനായി പ്രഖ്യാപിക്കുകയും 2008 മുതല്‍ അദ്ദേഹത്തിന്റെ നാമം വി.കുര്‍ബാനമധ്യേ അഞ്ചാം തുബ്‌ദെനില്‍ സ്മരിക്കപ്പെടുകയും ചെയ്യുന്നു

കൊല്ലം, നിരണം,തുമ്പമണ്‍ ഭദ്രാസനങ്ങളുടെ മെത്രാപ്പോലീത്തയായി 1974 ഇല്‍ പരി .പാത്രിയര്‍ക്കീസ് ബാവായാല്‍ വാഴിക്കപ്പെട്ട അഭിവന്ദ്യ കുര്യാക്കോസ് മോര്‍ കൂറീലോസ് മെത്രാപ്പോലീത്ത തെക്കന്‍ ഭദ്രാസനങ്ങളെ സത്യവിശ്വാസത്തില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ തീവ്രപരിശ്രമം നടത്തി .സ്വന്തം കുടുംബവിഹിതം പോലും സഭയുടെ വളര്‍ച്ചക്കായി ചിലവഴിച്ച തിരുമേനി സണ്‍ഡേ സ്‌കൂള്‍ പ്രസ്ഥാനത്തിന്റെ അമരക്കാരനായി ദീര്‍ഘനാള്‍ ശുശ്രൂഷിച്ചു .അഭിവന്ദ്യ പിതാവ് 1995 മാര്‍ച്ച് 21 ന് കാലം ചെയ്തു അടൂര്‍ ദയറായില്‍ കബറടക്കപ്പെട്ടു . മാര്‍ച്ച് 24 ന് വി .കുര്‍ബാനയ്ക്കും ഓശാനയുടെ പ്രത്യേക ശുശ്രൂഷകള്‍ക്കും വന്ദ്യ .കുരിയന്‍ പുതിയപുരയിടം കശീശ്ശാ കാര്‍മ്മികത്വം വഹിക്കുന്നതാണ് എന്ന് വികാരി വന്ദ്യ .ജോബിമോന്‍ സ്‌കറിയ കശീശ്ശാ അറിയിച്ചു .വി .കുര്‍ബാനയ്ക്ക് ശേഷം പരി .പിതാക്കമാരുടെ ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ചുള്ള പ്രത്യേക ധൂപപ്രാര്‍ത്ഥനയും നേര്‍ച്ചവിളമ്പും ഉണ്ടായിരിക്കുന്നതാണെന്നു ട്രസ്റ്റി .ശ്രീ .വിനോദ് ജോര്‍ജ് സെക്രട്ടറി ശ്രീ .ബിജു തോമസ് എന്നിവര്‍ അറിയിച്ചു

Share this news

Leave a Reply

%d bloggers like this: