യൂറോപ്പിലെ ക്രിസ്തീയ വിശ്വാസത്തിന്റെ മാതൃകയായി ഐറിഷ് യുവത്വം

ഡബ്ലിന്‍: ക്രിസ്തീയ വിശ്വാസത്തില്‍ നിന്ന് യൂറോപ്പ് വഴുതി മാറുമ്പോഴും യുവജനങ്ങളുടെ ആദ്ധ്യാത്മിക ജീവിതത്തില്‍ അയര്‍ലണ്ട്, പോളണ്ട്, ലിത്വാനിയ എന്നീ രാജ്യങ്ങള്‍ മുന്‍പന്തിയിലെന്ന് പുതിയ പഠനഫലം. 16നും 29നും ഇടക്കുള്ള യൂറോപ്യന്‍ യുവത്വത്തിനു ദൈവ വിശ്വാസവുമായുള്ള ബന്ധത്തെക്കുറിച്ച് ലണ്ടനിലെ സെന്റ് മേരീസ് കത്തോലിക്കാ യൂണിവേഴ്‌സിറ്റിയും, ഇന്‍സ്റ്റിറ്റ്യൂട്ട് കത്തോലിക്ക്യു ഡെ പാരിസും നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. 2014-16ലെ ‘യൂറോപ്യന്‍ സോഷ്യല്‍ സര്‍വ്വേ’യില്‍ നിന്നും ലഭിച്ച 22 രാജ്യങ്ങളിലെ വിവരങ്ങള്‍ താരതമ്യ പഠനം നടത്തിയപ്പോള്‍ ലഭിച്ച വിവരങ്ങളില്‍നിന്നും യുവജനങ്ങളുടെ ഭക്തിയുടെ കാര്യത്തില്‍ പോളണ്ടും ലിത്വാനിയയും അയര്‍ലണ്ടിനൊപ്പം തന്നെയുണ്ടെന്നു വ്യക്തമായി.

16നും 29നും ഇടക്കുള്ള ഐറിഷ് യുവജനതയില്‍ 54 ശതമാനത്തോളം പേര്‍ കത്തോലിക്കരാണ്. രാജ്യത്തെ ഇരുപത്തിനാലു ശതമാനവും വിശേഷ ദിവസങ്ങള്‍ക്ക് പുറമേ ആഴ്ചതോറും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരാണ്. 31 ശതമാനവും ആഴ്ചയിലൊരിക്കലെങ്കിലും പ്രാര്‍ത്ഥിക്കുന്നവരാണ്. അയര്‍ലണ്ടിലെആകെ യുവജനങ്ങളുടെ 5 ശതമാനത്തോളം പേര്‍ മാത്രമാണ് കത്തോലിക്കരല്ലാത്ത മറ്റ് ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്നുള്ളത്. കണക്കുകള്‍ പ്രകാരം, പോളണ്ടിലെ 80 ശതമാനത്തോളം യുവജനങ്ങളും കത്തോലിക്കരാണ്. ലിത്വാനിയയില്‍ 71 ശതമാനവും, സ്ലോവേനിയായിലെ 55 ശതമാനവും, ഫ്രാന്‍സിലെ 23 ശതമാനവും, യുകെ യിലെ 10 ശതമാനത്തോളം യുവജനങ്ങളും കത്തോലിക്കരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ആഴ്ചതോറും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരുടെ എണ്ണമെടുത്താല്‍, പോളണ്ടിലെ കത്തോലിക്കാ യുവജനങ്ങളില്‍ 47 ശതമാനവും, പോര്‍ച്ചുഗലിലെ 27 ശതമാനവും, ചെക്ക് റിപ്പബ്ലിക്, അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ 24 ശതമാനത്തോളം യുവജനങ്ങളും ആഴ്ചതോറും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരാണ്. പത്ത് പേരെ എടുത്താല്‍ അതില്‍ ഒന്നില്‍ കൂടുതല്‍ പേര്‍ ആഴ്ചതോറും ദേവാലയത്തില്‍ പോകുന്നത് പോളണ്ട്, ഇസ്രായേല്‍, പോര്‍ച്ചുഗല്‍, അയര്‍ലന്‍ഡ് എന്നീ നാല് രാജ്യങ്ങളിലെ യുവജനങ്ങളാണെന്ന് റിപ്പോര്‍ട്ടിന്റെ രചയിതാവും സര്‍വ്വകലാശാലയിലെ ബെനഡിക്ട് XVI സെന്റര്‍ ഫോര്‍ റിലീജിയന്‍ ആന്‍ഡ് സൊസൈറ്റിയുടെ ഡയറക്ടറുമായ പ്രൊഫ. സ്റ്റീഫന്‍ ബുള്ളിവന്റ് പറയുന്നു.

 

 

 

 

 

കടപ്പാട് :പ്രവാചക ശബ്ദം
Share this news

Leave a Reply

%d bloggers like this: