പാലക്കാട് കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം; പ്രതികളെ ഇന്ന് കോടതയില്‍ ഹാജരാക്കും

പാലക്കാട്: കെഎസ്ആര്‍ടിസി ഡ്രൈവറെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ ദിവസം മുണ്ടൂരില്‍ ബസ്സ് തടഞ്ഞ് വെച്ച് ഒരു സംഘമാളുകള്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ അബൂബക്കറിനെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവത്തില്‍ എലപ്പുള്ളി സ്വദേശികളായ ദിലീപ്, ദിനേഷ്, അനീഷ് കുമാര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. സാമൂഹിക മാധ്യമങ്ങളിലൂടെ ഡ്രൈവറെ മര്‍ദിക്കുന്ന വീഡിയോ പുറത്തുവന്നതോടെ അക്രമിച്ചവര്‍ക്കെതിരെ വന്‍ പ്രധിഷേധം ഉയര്‍ന്നിരുന്നു.

എതിരെ വന്ന വാഹനത്തില്‍ ബസ്സ് ഉരസിയെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. പ്രതികളെ പാലക്കാട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഇന്ന് ഹാജരാക്കും. ഗുരുതരമായി പരുക്കേറ്റ അബൂബക്കര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

പാലക്കാട്ടുനിന്നു കോഴിക്കോട്ടേക്കു പോകുകയായിരുന്ന ബസിലെ ഡ്രൈവര്‍ അബൂബക്കറെ രണ്ടുവാഹനങ്ങളിലായി തച്ചമ്പാറയില്‍നിന്നു പാലക്കാട് എലപ്പുള്ളിപാറയിലേക്കു പോകുകയായിരുന്ന യാത്രാസംഘത്തിലെ യുവാക്കള്‍ മര്‍ദ്ദിക്കുകയായിരുന്നു. പ്രതിചേര്‍ക്കപ്പെട്ട ദിനേശിന്റെ പെങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞു നാട്ടിലേക്കു മടങ്ങുകയായിരുന്നു സംഘം. മുന്‍വശത്തുനിന്നു വരികയായിരുന്ന മറ്റൊരു വാഹനത്തിനു സൈഡ് കൊടുക്കുന്നതിനിടെ കെഎസ്ആര്‍ടിസി ബസ് യാത്രാസംഘത്തിന്റെ വാഹനത്തില്‍ ഉരസിയതാണു പ്രശ്‌നത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു.

തുടര്‍ന്നു സംഘത്തിന്റെ വാന്‍ ബസിനു കുറുകെ നിര്‍ത്തിയാണു മൂന്നുപേരും ഡ്രൈവറെ മര്‍ദ്ദിച്ചത്. ദിലീപാണു ഡ്രൈവറുടെ ക്യാബിനില്‍ കയറി കൂടുതല്‍ മര്‍ദ്ദിച്ചതെന്നു പൊലീസ് അറിയിച്ചു. മറ്റുരണ്ടുപേര്‍ ഡ്രൈവറുടെ കാല്‍പിടിച്ചുവലിച്ചു പുറത്തിടാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. പത്തുമിനിറ്റോളം നീണ്ട അക്രമത്തിനിടയില്‍ യാത്രക്കാരും സ്ഥലത്തെത്തിയ നാട്ടുകാരും അക്രമികളെ തടഞ്ഞുവച്ച് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ദേശീയപാതയില്‍ അരമണിക്കൂറിലധികം ഗതാഗതം തടസപ്പെട്ടു.

https://www.youtube.com/watch?v=j-2Z8uoqLQk

 

ഡികെ

Share this news

Leave a Reply

%d bloggers like this: