യുഎഇ ഡ്രൈവിങ് ലൈസന്‍സ് ഉണ്ടെങ്കില്‍ ഇനി അയര്‍ലണ്ടിലും വാഹനം ഓടിക്കാം

ദുബായ്: യുഎഇ ഡ്രൈവിങ് ലൈസന്‍സ് ഇന്റര്‍നാഷണല്‍ ലൈസന്‍സാണ്. എങ്കിലും ഇതുവരെ എല്ലാ രാജ്യങ്ങളും യുഎഇ ഡ്രൈവിങ് ലൈസന്‍സ് അംഗീകരിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറിയിരിക്കുന്നു. ലോകത്തെ പ്രധാനപ്പെട്ട 50 രാജ്യങ്ങള്‍ യുഎഇ ലൈസന്‍സ് അംഗീകരിച്ചു. മലയാളികള്‍ ഉള്‍പ്പെടെയുള്ള യുഎഇയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന വിവരമാണിത്. 50 രാജ്യങ്ങളില്‍ വാഹനം ഓടിക്കാനും വാഹനം വാടകക്കെടുക്കാനും യുഎഇ ലൈസന്‍സുള്ളവര്‍ക്ക് സാധിക്കും. യുഎഇ വിദേശകാര്യ മന്ത്രാലയമാണ് ഡ്രൈവിങ് ലൈസന്‍സ് സംബന്ധിച്ച പ്രതീക്ഷ നല്‍കുന്ന തീരുമാനം പരസ്യപ്പെടുത്തിയിരിക്കുന്നത്.

അയര്‍ലണ്ടിന് പുറമെ അമേരിക്ക, ബ്രിട്ടന്‍, സിംഗപ്പൂര്‍, ന്യൂസിലാന്റ്, യൂറോപ്പിലെ മറ്റ് പ്രമുഖ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെല്ലാം വാഹനം ഓടിക്കാന്‍ യുഎഇയുടെ ഡ്രൈവിങ് ലൈസന്‍സ് മതിയാകും. വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ഇതുസംബന്ധിച്ച പട്ടിക പുതുക്കിയിട്ടുണ്ട്. നേരത്തെ ഒമ്പതു രാജ്യങ്ങളാണ് യുഎഇയുടെ ലൈസന്‍സ് അംഗീകരിച്ചിരുന്നത്. ഓസ്ട്രിയ, സ്ലോവാക്യ, ലക്സംബര്‍ഗ്, ചൈന, പോര്‍ച്ചുഗല്‍, ഫിന്‍ലാന്റ്, ഡെന്‍മാര്‍ക്ക്, റുമാനിയ, സെര്‍ബിയ എന്നിവയായിരുന്നു അവ. എന്നാല്‍ റുമാനിയ ഇപ്പോള്‍ യുഎഇ മന്ത്രാലയം പുതുക്കിയ പട്ടികയില്‍ ഇല്ല.

യൂറോപ്യന്‍ രാജ്യങ്ങളില്‍ ജര്‍മനി, ഫ്രാന്‍സ്, സ്വിറ്റ്സര്‍ലാന്റ്, ഇറ്റലി, ബെല്‍ജിയം, നോര്‍വെ, സ്പെയിന്‍ എന്നിവിടങ്ങളിലെല്ലാം വാഹനം ഓടിക്കാന്‍ യുഎഇ ലൈസന്‍സ് മതി. എന്നാല്‍ യുഎഇ ലൈസന്‍സില്‍ സൂചിപ്പിച്ച വാഹനം മാത്രമേ ഓടിക്കാന്‍ സാധിക്കുകയുള്ളൂ. ഇപ്പോള്‍ യുഎഇ ലൈസന്‍സ് അംഗീകരിച്ച അമ്പത് രാജ്യങ്ങളില്‍ ഇരുപതും അറബ് രാജ്യങ്ങളാണ്. തുര്‍ക്കിയും ഹംഗറിയുമെല്ലാം ഇപ്പോള്‍ യുഎഇ ലൈസന്‍സ് അംഗീകരിച്ചിരിക്കുന്നു. എന്നാല്‍ ഈ പട്ടികയില്‍ ഇന്ത്യയില്ല. നിരവധി ആഫ്രിക്കന്‍ രാജ്യങ്ങളും പാശ്ചാത്യരാജ്യങ്ങളും അറബ് രാജ്യങ്ങളും പട്ടികയിലുണ്ട്.

ദക്ഷിണാഫ്രിക്ക, കോമറോസ്, അള്‍ജീരിയ, ജിബൂത്തി, സോമാലിയ, സുഡാന്‍, മൗറിത്താനിയ, മൊറോക്കോ, തുണീഷ്യ എന്നിവയാണ് യുഎഇ ലൈസന്‍സ് അംഗീകരിച്ച ആഫ്രിക്കന്‍ രാജ്യങ്ങള്‍. പശ്ചിമേഷ്യയില്‍ സിറിയ, ലബ്നാന്‍, യമന്‍, ഇറാഖ്, ഫലസ്തീന്‍ എന്നിവിടങ്ങളിലും യുഎഇ ലൈസന്‍സിന് അംഗീകാരമുണ്ട്. ചൈനയും സിംഗപ്പൂരും മാത്രമാണ് പട്ടികയിലുള്ള ഏഷ്യന്‍ രാജ്യങ്ങള്‍. എന്നാല്‍ ഖത്തറില്‍ യുഎഇ ലൈസന്‍സിന് അംഗീകാരമില്ല. ഖത്തറിന്റെ പേര് പട്ടികയില്‍ ഇല്ല. ഖത്തറുമായി നയതന്ത്ര ബന്ധം ഇല്ലാത്തതിനാലാണ് ഖത്തര്‍ പട്ടികയില്‍ നിന്നു പുറത്തായതെന്ന് കരുതുന്നു.

യുഎഇ ലൈസന്‍സ് അംഗീകരിച്ച രാജ്യങ്ങളില്‍ വാഹനം ഓടിക്കാനും വാടകക്ക് എടുക്കാനും യുഎഇ ലൈസന്‍സ് മതി. എന്നാല്‍ സ്ഥിരമായി ഓടിക്കാന്‍ കഴിയുമോ എന്ന കാര്യം വ്യക്തമല്ല. ഈ സൗകര്യം വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടാണ്. സ്വിറ്റ്സര്‍ലാന്റില്‍ യുഎഇ ലൈസന്‍സുള്ള വ്യക്തിക്ക് 90 ദിവസം വാഹനം ഓടിക്കാന്‍ യുഎഇ ലൈസന്‍സ് ധാരാളം. ഈ പരിധി നീട്ടാന്‍ സാധിക്കും. എന്നാല്‍ ഒരു വര്‍ഷത്തിനപ്പുറം സ്വിറ്റ്സര്‍ലാന്റില്‍ വാഹനം ഓടിക്കണമെങ്കില്‍ ആ രാജ്യത്തെ മോട്ടോര്‍ വകുപ്പ് നടത്തുന്ന പ്രത്യേക പരീക്ഷ എഴുതി പാസാകണം. മറ്റു രാജ്യങ്ങളിലും സമാനമായ തരത്തില്‍ തന്നെയാണ് ചട്ടങ്ങള്‍.

 

 

എ എം

Share this news

Leave a Reply

%d bloggers like this: