നോട്ട് നിരോധനം നല്ല ആശയമല്ലെന്ന് സര്‍ക്കാരിനെ അറിയിച്ചിരുന്നെന്ന് രഘുറാം രാജന്‍

നോട്ട് നിരോധനം ഒരു നല്ല ആശയമായിരുന്നില്ലെന്നും, നല്ലരീതിയില്‍ ആസൂത്രണം ചെയ്യാതെയാണ് അത് നടപ്പിലാക്കിയതെന്നും മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണ്ണര്‍ രഘുറാം രാജന്‍. ഇത് സര്‍ക്കാരിനെ നേരത്തെ തന്നെ അറിയിച്ചിരുന്നു. ഹാര്‍വഡ് കെന്നഡി സ്‌കൂളിലെ ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ട് നിരോധനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആര്‍ബിഐ യുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയില്ല. രാജ്യത്ത് ഉപയോഗത്തിലുള്ള ആകെ നോട്ടുകളുടെ 87.5 ശതമാനവും റദ്ദാക്കാനുള്ള നീക്കം നല്ല ആശയമായിരുന്നില്ല’ അദ്ദേഹം പറഞ്ഞു. ഇങ്ങനെ ഒരാശയം ഉരുത്തിരിഞ്ഞു വന്നപ്പോള്‍ തന്നെ താന്‍ ഇത് സര്‍ക്കാരിനോട് പറഞ്ഞതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നോട്ടുകളുടെ 87.5 ശതമാനവും റദ്ദ് ചെയ്യുന്നതിന് മുന്‍പ് അത്രതന്നെ പണം പ്രിന്റുചെയ്ത് തയ്യാറാക്കി വെക്കണമെന്ന് ഏത് സാമ്പത്തിക ശാസ്ത്രജ്ഞനും പറയും. സാമ്പത്തിക രംഗത്ത് കനത്ത തിരിച്ചടിയാണ് ഇതു നല്‍കിയത്. നികുതി നല്‍കാതെ പണം സൂക്ഷിച്ചവര്‍, നോട്ട് നിരോധനം നടപ്പാക്കിയാല്‍ പണം പുറത്തു കൊണ്ടുവരുമെന്നും നികുതി നല്‍കുമെന്നും ചിന്തിക്കുന്നത് പക്വതയില്ലാത്ത കാഴ്ചപ്പാടാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതീക്ഷിക്കാത്ത രീതിയില്‍ റദ്ദ് ചെയ്ത നോട്ടുകളെല്ലാം ബാങ്കിലേക്ക് തന്നെ തിരിച്ചെത്തി. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇതിന്റെ ഫലം എന്താകുമെന്ന് അറിയേണ്ടിയിരിക്കുന്നു. ഏറ്റവും വലിയ പ്രശ്‌നം പണമില്ലാതെ ജനങ്ങള്‍ ബുദ്ധിമുട്ടും എന്നതാണ്. ഇത് ചെറുകിട വ്യവസായ മേഖലയെ കാര്യമായി ബാധിക്കും. അസംഘടിത മേഖലയില്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ ഏറെയാണെന്നും അത് കണക്കുകൂട്ടാന്‍ പ്രയാസമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക മേഖലയെ നോട്ട് നിരോധനം സഹായിച്ചിട്ടുണ്ടോ എന്നറിയാന്‍ പുതിയ സാമ്പത്തിക സിദ്ധാന്തം രൂപപ്പെടുത്തേണ്ടി വരും. നികുതി നല്‍കുന്നതില്‍ മാറ്റം വരുന്നതോടെ കാര്യമായ മാറ്റം വരുമെന്നാണ് നോട്ടു നിരോധനത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്. നമുക്ക് കാത്തിരുന്നു കാണാം. രഘുറാം രാജന്‍ പറഞ്ഞു.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: