അമേരിക്കയില്‍ കാണാതായ നാലംഗ മലയാളി കുടുബത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി

ലോസ്ആഞ്ചലസ്: വെള്ളപ്പൊക്കത്തില്‍ ഈല്‍ നദിയില്‍ കാണാതായ മലയാളി കുടുംബത്തിലെ ഒരാളുടെ മൃതദേഹം തിരിച്ചറിഞ്ഞു. കാണാതായ സന്ദീപ് തോട്ടപ്പിള്ളിയുടെ ഭാര്യ സൗമ്യയുടെ (38) മൃതദേഹമാണ് തിരിച്ചറിഞ്ഞത്. സന്ദീപ് തോട്ടപ്പിള്ളി (42), മക്കളായ സിദ്ധാന്ത് (12), സാച്ചി (9) എന്നിവരെ കണ്ടെത്താന്‍ കാലിഫോര്‍ണിയ അധികൃതര്‍ നടത്തുന്ന തിരച്ചില്‍ പുരോഗമിക്കുകയാണ്. കാക്കനാട് പടമുകള്‍ ടൗണ്‍ഷിപ്പില്‍ അക്ഷയവീട്ടില്‍ റിട്ട. യൂനിയന്‍ ബാങ്ക് ഉദ്യോഗസ്ഥരായ സോമനാഥ് പിള്ളയുടെയും രത്നവല്ലിയുടെയും മകളാണ് സൗമ്യ.

കാലിഫോര്‍ണിയയില്‍ വിനോദ യാത്രയ്ക്ക് എത്തിയ നാലംഗ മലയാളി കുടുംബത്തെ ഈ മാസം അഞ്ചാം തിയതി മുതലാണ് കാണാതായത്. പോര്‍ട്ട്ലന്‍ഡില്‍ നിന്നും സാന്‍ഹൊസെ വഴി കാലിഫോര്‍ണിയയിലേക്ക് കുടുംബം സഞ്ചരിക്കുന്നതിനിടെയായിരുന്നു സംഭവം. യാത്രയ്ക്കിടയില്‍ സാന്‍ജോസിലുള്ള സുഹൃത്തിനെ സന്ദീപ് ഫോണില്‍ ബന്ധപ്പെട്ടിരുന്നു. വെള്ളിയാഴ്ച വൈകിട്ടോടെ അവിടെ എത്തുമെന്നും രാത്രി അവിടെ തങ്ങുമെന്നുമാണ് സന്ദീപ് സുഹൃത്തിനോട് പറഞ്ഞത്. അവധിക്ക് ശേഷം തിങ്കളാഴ്ച സ്‌കൂള്‍ തുറക്കുമെന്നതിനാല്‍ ശനിയാഴ്ച വീട്ടിലേക്ക് മടങ്ങാനായിരുന്നു കുടുംബത്തിന്റെ പദ്ധതി.

പിന്നീട് വിവരമൊന്നും ലഭിക്കാതിരുന്നിതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ലെഗ്ഗെറ്റ് നഗരത്തിന് വടക്ക് ഡോറ ക്രീക്കില്‍വെച്ച് കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഈല്‍ നദിയില്‍ സന്ദീപും കുടുംബവും സഞ്ചരിച്ച വാഹനം മുങ്ങിപ്പോയെന്നാണ് ദൃക്‌സാക്ഷി പൊലീസിന് വിവരം നല്‍കിയതായി അറിയുകയായിരുന്നു. തുടര്‍ന്ന് നദിയില്‍ നടത്തിയ തെരച്ചിലിലാണ് ഒരാഴ്ചക്ക് ശേഷം സൗമ്യയുടെ മൃതദേഹം കിട്ടിയത്. മറ്റുള്ളവര്‍ക്കായി അന്വേഷണം തുടരുകയാണ്.

ലോസ് ആഞ്ചലസിനടുത്ത് സാന്റാ ക്ലരിറ്റയില്‍ യൂനിയന്‍ ബാങ്ക് വൈസ് പ്രസിഡന്റാണ് സന്ദീപ് തോട്ടപ്പിള്ളി. എറണാകുളം പറവൂര്‍ തോട്ടപ്പള്ളി വീട്ടില്‍ സുബ്രഹ്മണ്യന്റെ മകനാണ് സന്ദീപ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗുജറാത്തിലെ സൂറത്തിലേക്ക് കുടിയേറിയതാണ് സുബ്രഹ്മണ്യന്റെ കുടുംബം. സൂറത്തില്‍ നിന്ന് 15 വര്‍ഷം മുന്‍പാണ് സന്ദീപ് യുഎസിലെത്തിയത്.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: